Archives / October 2019

കവിത മനോഹർ
ആന്റിക്ലോക്ക് ---വി,ജെ,ജെയിംസ്

തന്റെ ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിലൂടെ തന്നെ വായനക്കാരുടെ ഹൃദയത്തില്‍ ചേക്കേറിയ എഴുത്തുകാരാനാണ് വി.ജെ ജെയിംസ്. ഡിസി ബുക്ക്സിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന് പുരസ്കാരിതമായ വി.ജെ യുടെ നോവലായിരുന്നു ഇത് .   അദ്ദേഹത്തിന്റെ ദത്താപഹാരം, പ്രണയോപനിഷത്ത് എന്നിവ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളാണ് ഇന്ന്. 2019 ലെ വയലാര്‍ അവാര്‍ഡ് നേടിയ വി ജെയുടെ നിരീശ്വരന്‍  ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലാണ്. വി ജെയുടെ ഏറ്റവും പുതിയ നോവലാണ് ആന്റിക്ലോക്ക്. 

ശവപ്പെട്ടിക്കടക്കാരനായ ഹെന്‍ട്രിയുടെ ജീവിതത്തെ മുന്‍ നിര്‍ത്തിക്കൊണ്ട് ആദി നാടിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുകയാണ് ആന്റി ക്ലോക്ക്. കാലഘട്ടം എന്ന വാക്കിന് ഇവിടെ പ്രത്യേക പ്രസക്തി വരുന്നു. കാരണം മനുഷ്യന്‍ ഇന്നോളം നിര്‍മ്മിച്ച കാലത്തെയും സമയത്തെയും, അതിലംഘിക്കുന്ന അല്ലെങ്കില്‍ അതിനെ മാറ്റിക്കുറിക്കാന്‍ പോന്ന വണ്ണം നിര്‍മ്മിക്കപ്പെടുന്ന ആന്റി ക്ലോക്ക് ആണ് ഈ നോവലിന്റെ മുഖ്യ കഥാപാത്രം. സ്വാഭാവികമായി ഒഴുകിക്കൊണ്ടിരിക്കുന്ന ജീവിതങ്ങള്‍ക്കുമേല്‍ ആന്റിക്ലോക്കിലൂടെയുണ്ടാകുന്ന മാറ്റങ്ങളിലാണ് നോവലിന്റെ അവസാനഭാഗം നിറഞ്ഞു നില്‍ക്കുന്നത്.

ബൈബിള്‍ ജീവിത ദര്‍ശനങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് നോവലിലെ മുപ്പത്തിയാറ് അധ്യായങ്ങളും ആരംഭിക്കുന്നത്. ബൈബിളും ക്രിസ്ത്യന്‍ പശ്ചാത്തലവും തന്നെയാണ് നോവലിന്റെ അടിസ്ഥാനമായി നില്‍ക്കുന്നത്. എന്നാല്‍ത്തന്നെയും മതേതരമായ ഒരു ആത്മീയ ബോധത്തെ നോവല്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

സ്നേഹത്തിന്റെ എല്ലാ അടയാളങ്ങളും ജീവിച്ചിരിക്കുമ്പോള്‍ തന്നെ നഷ്ടമായ,അതിന്റെ കാരണക്കാരനെ പ്രതികാരബുദ്ധിയോടെ ഇല്ലാതെയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ജീവിക്കുന്ന ഹെന്‍ട്രി. അയാള്‍ വ്യത്യസ്തനാകുന്നത് അയാളുടെ മേല്‍ ജീവിതം കൊണ്ട് വെക്കുന്ന വ്യത്യസ്ത വൈതരണികളെ അയാളെങ്ങനെയൊക്കെ നേരിടുന്നുവെന്ന് നോക്കുമ്പോഴാണ്. ധൈര്യമില്ലാത്തവന്റെ പ്രതികാരം അവനവനില്‍ ചത്തൊടുങ്ങുന്ന വാശി മാത്രമാണ് എന്ന് കരുതുമ്പോഴും സാത്താന്‍ ലോപ്പോയെന്ന വ്യക്തിയോടുള്ള അടങ്ങാത്ത പക ഹെന്‍ട്രി കൊണ്ടുനടക്കുന്നു .തന്റെ ഭാര്യ ബിയാട്രീസിന്റെ കീഴ്ച്ചുണ്ടിലെ കരിനീലിച്ച കളങ്കത്തിന്റെ കാരണക്കാരനായ സാത്താന്‍ ലോപ്പോക്കെതിരെ ഒരു യുദ്ധത്തിനൊന്നും തനിക്ക് ആവതില്ലെന്നയാള്‍ക്ക് ആദ്യശ്രമം കൊണ്ട് തന്നെ ബോധ്യപ്പെടുന്നു. തന്റെ പ്രതികാരം സാധ്യമാകാത്തപ്പോഴൊക്കെ കര്‍ത്താവും പണക്കാരന്റെ പക്ഷത്താണ് എന്നയാള്‍ വിചാരിച്ചുപോകുന്നു.

സാത്താന്‍ ലോപ്പോക്കുള്ള ശവപ്പെട്ടി ഹെന്‍ട്രി തയ്യാറാക്കുന്നു. ലോകത്തായിരിക്കുമ്പോള്‍ അവനവന് പാര്‍ക്കാന്‍ എല്ലാവരും മഹാസൌധങ്ങള്‍ പണിയുന്നു. എന്നാല്‍ മരണ ശേഷം നിദ്രകൊള്ളാനായി ആരുമെന്തേ ഒരു കൂടാരം പണിത് വെക്കുന്നില്ല. സാത്താന്‍ ലോപ്പോക്ക് വേണ്ടി ചെയ്യുന്ന ഒരു സഹായമായി അത് വ്യാഖ്യാനിക്കാനും ഹെന്‍ട്രി തുനിയുന്നുണ്ട്.

നൂറ്റിപ്പന്ത്രണ്ട് വയസ്സുള്ള, ഒരു പഴയ ഐ എന്‍ എ പോരാളി, വാച്ചുകട നടത്തുന്ന ആന്റി ക്ലോക്കിന്റെ സൃഷ്ടാവാണ് പണ്ഡിറ്റ്. തന്റെ നോട്ടംകൊണ്ട്, വര്‍ത്തമാനം കൊണ്ട്, നിലപാടുകൊണ്ട്, പ്രവൃത്തികൊണ്ട്, ഇടപെടല്‍ കൊണ്ട്, ധൈര്യം കൊണ്ട്, പണ്ഡിറ്റ് വ്യത്യസ്തനും, ധീരനും ജീവിതത്തെ അതിജീവിച്ച ഒരു മനുഷ്യനുമാകുന്നു. ചുറ്റുമുള്ളവരെല്ലാം പുതു തലമുറയിലെ ആള്‍ക്കാര്‍ മാത്രമാകുന്ന അവസ്ഥ വലിയൊരു ജീവിതപ്രശ്നമാണയാള്‍ക്ക്. തരത്തിന് ഇടപെടാന്‍ പറ്റാത്ത അടുപ്പങ്ങള്‍ വരുമ്പോള്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യരെയാകെ പണ്ഡിറ്റ് പ്രതിനീധീകരിക്കുന്നു.

ഹെന്‍ട്രിയെപ്പോലെ ശവപ്പെട്ടിക്കട നടത്തുന്ന ജോപ്പന്റെ, ഭാര്യ ഗ്രേസിയാണ് ആന്റിക്ലോക്കിലെ മറ്റൊരു അതിശയിപ്പിക്കുന്ന കഥാപാത്രം. മറ്റൊരാളെ വിവാഹം കഴിച്ചിട്ടും, ഹെന്‍ട്രിയോട് ചെറുപ്പത്തിലെ തോന്നിയ ഒറ്റവഴി ഇഷ്ടത്തിന്റെ പുറത്ത് അവള്‍ വേണ്ടന്ന് വെച്ച ചിരിയും,സന്തോഷങ്ങളും അതിശയോക്തി നിറഞ്ഞതായി തോന്നിയേക്കാം.   ഗ്രേസി ഒരു സാധാരണ സ്ത്രീയാണ് പക്ഷേ അവരിലുരുവാകുന്ന അസാമാന്യ ധൈര്യം സാഹചര്യത്തിന്റെ സൃഷ്ടിയാണ്.

അറിയില്ലെങ്കില്‍ ഉള്ള കാര്യമങ്ങ് തുറന്ന് പറയുന്ന, കള്ളം ചൊല്ലി ആത്മാവ് ദുഷിപ്പിക്കാത്ത ഹെന്‍ട്രിയുടെ അച്ഛന്‍ മുതല്‍ കരുണന്‍,ദാമോദരന്‍ തുടങ്ങി ഒരുപിടി കഥാപാത്രങ്ങള്‍ സ്വാഭാവികമായി ആന്റി ക്ലോക്കിലൂടെ സഞ്ചരിക്കുന്നു.

“പ്രണയം തനിമയില്‍ നിന്ന് മനുഷ്യനെ വലിച്ചകറ്റുന്ന രോഗം തന്നെയാണ്. ചിലര്‍ രോഗത്തിന്റെ പിടിച്ചുവലിക്കുന്ന മനോഹാരിതയെ ജീവിതകാലമത്രയും കൂടെക്കൊണ്ട് നടക്കുന്നു.ചിലര്‍ കാലാന്തരത്തില്‍ രോഗമുക്തരാവുകയും അത് ശേഷിപ്പിച്ച ക്ഷതങ്ങളെ പരിചരിച്ച് കഴിഞ്ഞ് കൂടുകയും ചെയ്യുന്നു. ക്ഷതമില്ലാത്ത പ്രണയത്തിന് തനിച്ചൊരു നിലനില്‍പ്പില്ല തന്നെ.” പ്രണയത്തെക്കുറിച്ച് പറയുന്ന ഈ വരി ഹെന്‍ട്രി തന്റെ അനുഭവത്തില്‍ നിന്നും പറയുന്നതാണെന്ന് ഉറപ്പ്. ഉത്തമഗീതത്തിലെ ഒരു ഭാഗം പരാമര്‍ശിച്ചാരംഭിക്കുന്ന പ്രണയനോവ് അവസാനിക്കുന്നത് ഇങ്ങനെയാണ് -“പ്രണയത്തിന് പകരം വെക്കാനായി ഭൂമിയില്‍ ഒരേയൊരു വസ്തുവേയുള്ളു.അത് പ്രണയമല്ലാതെ മറ്റൊന്നുമല്ല.”

എല്ലാ അര്‍ഥത്തിലും മരണ സമാനമായ പ്രണയം നോവലേക്ക് ഇടക്കിടക്കിടെ കടന്നുവരുന്നു. ഹൃദയം പ്രണയം കൊണ്ട് നിറയുമ്പോള്‍ ഭൂമി ഭാരം വെടിഞ്ഞ് തരളിതയാവുന്നത് അനുഭവിക്കാം. മണ്ണും കാറ്റും വെള്ളവും എല്ലാം പെണ്ണുടല്‍ പോലെ വാസനിക്കും പ്രണയകാലത്തില്‍. മൊത്തം പ്രകൃതിയും ഒരുടലിലേക്ക് സന്നിവേശിക്കുന്നതായി അനുഭവപ്പെടും. മരണവും ശവമടക്കും കേന്ദ്ര പ്രമേയമാക്കിയ പുസ്തകത്തിലെ വരികളില്‍ ഇടക്കിടെ പ്രണപാരവശ്യം നിറഞ്ഞിരിക്കുന്നു.

പൂര്‍ത്തിയാവാതെ പോകുന്ന നിര്‍മല സ്നേഹങ്ങള്‍ക്ക് ഒടുക്കം വരെ നോക്കി നില്‍ക്കാനാണ് വിധി. ഒരുപക്ഷേ ഒടുക്കത്തിനിപ്പുറത്തേക്കും അവക്കിങ്ങനെ നോക്കി നിന്നേ മതിയാവൂ. പ്രണയത്തകര്‍ച്ചയുടെ വിവിധ തലങ്ങളിലൂടെയും നോവല്‍ കടന്നുപോകുന്നു.

ശവപ്പെട്ടികളെക്കുറിച്ച്, ശവക്കുഴികളെക്കുറിച്ച്, ശവപ്പെട്ടികടകളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണത്തിന്റെ ഫലമാണ് നോവലെന്ന് വായനയില്‍ നിന്ന് മനസ്സിലാകും . ഒറ്റക്കാലന്‍ കാക്ക,  ചോരശാസ്ത്രം, ലെയ്ക തുടങ്ങി നിരൂപക പ്രശംസ നേടിയ വിജെയുടെ പുസ്തകങ്ങളില്‍ ആന്റി ക്ലോക്കും വരുന്നു. 

പ്രകൃതിയെ തന്റെ സമയബോധത്തിലൂടെ കീഴടക്കാനുള്ള ചൂഷണാധിഷ്ഠിതമായ മനുഷ്യത്വരയെ തിരിച്ച് കറക്കുന്ന ആന്റി ക്ലോക്കിന് വ്യത്യസ്തമായ സങ്കല്‍പനത്തിന്റെ നവീനതയുണ്ട്.

യാത്രാ സൌകര്യവും,ഭക്ഷണ ലഭ്യതയും ശാസ്ത്രമുന്നേറ്റവും ഒക്കെ ജീവിതത്തെ പച്ച പിടിപ്പിച്ചപ്പോളും ജനനവും മരണവും അതുപോലെ നിലനിന്നു .മരണമാണ് നിതാന്ത സത്യം. മരണമെന്ന നിതാന്ത സത്യത്തെയും, അത് പൊതിഞ്ഞ് വെക്കാനുള്ള നിത്യതയുടെ താഴായ ശവപ്പെട്ടിയെയും നോവല്‍ കേന്ദ്രസ്ഥാനത്ത് തന്നെയാണ് അവസാനം വരെയും നിര്‍ത്തുന്നത്. ഒടുവില്‍ അതിലൂടെ ആന്റി ക്ലോക്കിലേക്കെത്തുന്ന യാത്രയാണ് ഈ നോവല്‍.

നമുക്ക് ശരിയായി തോന്നാത്ത ഒന്നിനെ മറ്റൊരാള്‍ ശരിയായി അനുഭവിക്കുമ്പോള്‍ നാമതിനെ വിഭ്രാന്തിയെന്ന് വിളിക്കും. ആന്റി ക്ലോക്ക് ഒരു സങ്കല്‍പം മാത്രമായിരിക്കാം. അങ്ങനെയൊന്ന് സൃഷ്ടിക്കപ്പെട്ടിട്ടുകൂടിയില്ലായിരിക്കാം. എല്ലാം മനുഷ്യരുടെ കേവല തോന്നലുകള്‍ മാത്രമായിരിക്കാം. നോവലില്‍ പറയുമ്പോലെ- ഓര്‍ത്തു നോക്കിയാല്‍ മനുഷ്യരെല്ലാം ചുമന്ന് നടക്കുന്നത് താന്താങ്ങള്‍ക്ക് ബോധിച്ച പരസ്പര വിരുദ്ധമായ ശരികളെയാണ്.

Share :

Photo Galleries