Archives / December 2017

ആശ ശശികുമാർ
ഐ.എഫ്.എഫ്.കെ.

അപമാനത്തിന്റെയും അഹന്തയുടെയും കുറ്റബോധത്തിന്റെയും ചരടു വലികൾ മനുഷ്യമനസ്സിനുള്ളിലെ നന്മയുടെ ഉറവയെ തടയുകയും, വ്യക്തികളുടെ സമാധാനത്തെ മാത്രമല്ല, ഒരു ദേശത്തിന്റെ പോലും സമാധാനത്തെ ഹനിക്കുന്നതിന് വഴിതെളിക്കുകയും ചെയ്യുന്നു. 22ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉത്‌ഘാടന ചിത്രമായ the insultന്റെ പ്രമേയം ഈ ചിന്തയിലൂന്നിയതാണ്. Zaid Doueiri സംവിധാനം ചെയ്ത ഈ French Lebanese ചിത്രം തുടങ്ങുന്നത് തന്നെ അത് മുന്നോട്ടു വയ്ക്കുന്ന അഭിപ്രായം അതിന്റെ പ്രവർത്തകരുടേതാണെന്നും സർക്കാരിന്റേതല്ല എന്നുമുള്ള മുന്നറിയിപ്പോടെയാണ്. അതുകൊണ്ട് തന്നെ ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം ഗൗരവമാർന്നതാണെന്ന അറിവ് പ്രേക്ഷകന് ആദ്യംതന്നെ ലഭിക്കുന്നു.

തന്റെ നേതാവിന്റെ പ്രസംഗം ആവേശത്തോടെ കേൾക്കുന്ന ടോണി ഹന്നയിൽ നിന്ന് ആരംഭിക്കുന്നു ചിത്രം. ലെബനൻകാരനും, ക്രിസ്തുമത വിശ്വാസിയുമാണ് കാർ മെക്കാനിക് ആയ ടോണി. ഗർഭിണിയായ ഭാര്യയോടൊത്ത് സന്തുഷ്ടജീവിതം നയിക്കുന്ന അയാൾ, പക്ഷെ തന്റെ ജന്മഗ്രാമത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് നാം അറിയുന്നു.

ഒരു കെട്ടിടനിർമാണ കമ്പനിയിലെ ഫോർമാൻ ആണ് പലസ്തീൻ അഭയാർത്ഥിയായ യാസർ. യാദൃശ്ചികമായി യാസർ ടോണിയുടെ അനധികൃതമായി നിർമ്മിക്കപ്പെട്ട ബാൽക്കണിയിലെ റോഡിലേക്ക് തള്ളി നിൽക്കുന്ന ഓട കാൽനടയാത്രക്കാരുടെ മേൽ വെള്ളം ഇറ്റിക്കുന്നതായി ശ്രദ്ധിക്കുകയും, ടോണിയുടെ എതിർപ്പിനെ അവഗണിച്ച് അത് നന്നാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. യാസർ പുതിയതായി ഘടിപ്പിച്ച പൈപ്പ് ടോണി നശിപ്പിച്ചു കളയുന്നതോടെ യാസർ ക്ഷുഭിതനാവുകയും അസഭ്യം പറയുകയും ചെയ്യുന്നു. യാസറിൽ നിന്ന് ഒരു ക്ഷമാപണം മാത്രം ആവശ്യപ്പെട്ട് തുടങ്ങുന്ന ടോണിയും യാസറും തമ്മിലുള്ള വ്യക്തിവിരോധവും തർക്കവും പടിപടിയായി ഉയർന്ന മാനങ്ങളിലേക്ക് പോകുകയും അത് സമുദായങ്ങൾ തമ്മിലുള്ള വൈരത്തിനു കാരണമാകുകയും പിന്നെ രാഷ്ട്രത്തിന്റ തന്നെ പ്രശ്നമായി മാറുകയും ചെയ്യുന്നു.

കഥയുടെ വിവിധ ഘട്ടങ്ങളിലായി കടന്നു വരുന്ന സ്ത്രീകഥാപാത്രങ്ങളിലൂടെ സംവിധായകൻ ഉറക്കെ പറയുന്നത് ഉരുക്കുന്ന പ്രശ്നങ്ങൾക്കിടയിലും സ്ത്രീകൾ യുക്തിഭദ്രമായി ചിന്തിക്കുന്ന സമാധാനപ്രിയരാണെന്നാണ്. സിനിമയുടെ സിംഹഭാഗവും മനസ്സിനെ തെല്ലും അലയാൻ വിടാതെ പിടിച്ചിരുത്തുന്ന തരം ചടുലമായ സംവിധാന-ചിത്രസംയോജന മികവ് ചിത്രത്തിന്റെ നട്ടെല്ലാണ്. ഒന്നിനൊന്നു മികവുറ്റ അഭിനയം കാഴ്ചവയ്ക്കുന്ന നടീനടന്മാർ. യുദ്ധമോ രക്തച്ചിന്തലുകളോ ഒരു പരിധി വിട്ടു നേരിട്ടു കാണിക്കാതെ തന്നെ പുറത്തെ സംഘർഷങ്ങളുടെ പ്രക്ഷുബ്ധത കാണികളിൽ എത്തിക്കാൻ സംവിധായകന് സാധിക്കുന്നു. വാദിയും പ്രതിയും ഒരുപോലെ സാമുദായിക അക്രമങ്ങളുടെ ഇരകളാണെന്നും, മനസ്സിൽ നന്മയുള്ളവർ പോലും അങ്ങേയറ്റം ആത്മസംഘർഷവും സമ്മർദവും അനുഭവിക്കുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും നിയന്ത്രണം കൈവിട്ട് ആക്രമോൽസുകരാകുന്നത് തീർത്തും മനുഷ്യസഹജമാണെന്നും കോടതി മുറിയിലെ സംഭാഷണങ്ങളിലൂടെ സംവിധായകൻ പറഞ്ഞു വയ്ക്കുന്നു. അടുത്തടുത്ത് പാർക്ക്‌ ചെയ്തിരിക്കുന്ന ടോണിയുടെയും യാസറിന്റെയും കാറുകൾ, തുറക്കാനാകാതെ പരസ്പരം ഇടഞ്ഞു നിൽക്കുന്ന ദൃശ്യത്തിലൂടെ ഇരുവരുടെയും ഇടഞ്ഞു നിൽക്കുന്ന മാനസികനിലയെ പ്രതിനിധാനം ചെയ്യുകയും, പ്രശ്നപരിഹാരത്തിനായി ഒരാളുടെയെങ്കിലും വിട്ടുവീഴ്ചയുടെ ആവശ്യം വെളിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ഓരോരുത്തരുടെയും ഉള്ളിലെ നന്മയുടെ ഒരു കണിക മതി ഈ സംഘർഷങ്ങളുടെ തീയണക്കാൻ എന്ന്, ചിത്രത്തിലെ രണ്ടാം പകുതിയിൽ ഉടനീളം നമ്മെ ത്രസിപ്പിക്കുന്ന രംഗങ്ങളിലൂടെ വരച്ചുകാട്ടുകയും ചെയ്യുന്നു സംവിധായകൻ. ഈ അറിവ് പകർന്നു കിട്ടുന്ന ഓരോ സന്ദർഭത്തിലും കരഘോഷം മുഴക്കുന്ന പ്രേക്ഷകർ തങ്ങൾക്കും അതാണ് വേണ്ടതെന്നു പറയുമ്പോൾ ഭാവി ഇരുളടഞ്ഞതാവില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം .

ആത്യന്തികമായി മനുഷ്യമനസ്സിന്റെ നന്മ എവിടെയും വിജയം വരിക്കുമെന്നു വിളിച്ചോതുന്ന ഈ ചിത്രം IFFKയുടെ ഉത്‌ഘാടനചിത്രമായി തിരഞ്ഞെടുത്തത് എത്രയും ശ്‌ളാഘനീയമാണ്.

Share :

Photo Galleries