Archives / October 2019

 ഗീത മുന്നൂർക്കോട്
പൊള്ളിപ്പനിപ്പിച്ച ഹോളി (അനുഭവകഥകൾ-15)

1982 ലെ ഹോളി.

മുംബെയിൽ ജനിച്ചു വളർന്ന ഞാന് കുട്ടിക്കാലത്ത് കൂടുതലും ആഹ്ലാദിച്ചിരുന്നത് ദീപാവലി, ഗണേഷ് ചതുർത്ഥി, ദുർഗ്ഗാ പൂജ തുടങ്ങിയവ ആഘോഷിക്കുമ്പോഴായിരുന്നു. കുട്ടിക്കാലം മുതലേ ഹോളിയെന്ന നിറങ്ങളുടെ ഉത്സവം എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല, പല നിറങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കലക്കിയൊഴിച്ച് കുട്ടികളും മുതിർന്നവരും ഭേദമില്ലാതെ തെരുവുകളിലൂടെ ആടിയും പാടിയും അർമാദിച്ചും നടക്കുന്നത് എന്നെ ഭയപ്പെടുത്തിയിരുന്നു. കുട്ടികൾ ഹോളി കളിക്കാനിറങ്ങുമ്പോൾ ഞാൻ പിൻ തിരിഞ്ഞ് വീട്ടിലൊതുങ്ങുകയായിരുന്നു പതിവ്. വളർന്നു വലുതായി ജോലി കിട്ടി നാസിക്കിലെത്തിയപ്പോഴും ഹോളിയോടുള്ള എന്റെ മനോഭാവം മാറിയില്ല. 1980, 81 രണ്ടു വർഷങ്ങളിലും ഹോളി ദിവസം ഞാൻ റൂമിൽ ഒതുങ്ങിക്കഴിഞ്ഞു. പുറത്തു നടന്നിരുന്ന ആർപ്പുവിളികളും ആഘോഷങ്ങളുടെ ആരവവും ഒക്കെ ജനലിലൂടെ മാത്രം നോക്കിക്കണ്ട് ആ ദിവസം അങ്ങനെയൊക്കെ കഴിച്ച് കൂട്ടി. എന്നാൽ 1982 ലെ ഹോളി, എല്ലാം താളം തെറ്റിച്ചു കൊണ്ട് എന്റെ ഹോളിഫോബിയയെ മലയോളം പെരുക്കിയുയർത്തിയ ഒരു ഭീകരദിനമായി മാറി

രാവിലെ 5 മണിക്കു മുമ്പു തന്നെയുണർന്ന് ദിനചര്യകളും ഒരു ദിവസത്തിനു വേണ്ടുന്ന പാചകവും തീർത്ത് റൂമിൽ അടച്ചിരിക്കാനായിരുന്നു പ്ലാൻ. ക്വാർട്ടേർസിലെ ഷമീം സറിനോടും ഭാഭിയോടും ആരു വന്നു വിളിച്ചാലും സുഖമില്ലെന്നു പറയാനും ഏർപ്പാടാക്കി കുളിക്കാൻ കയറി. കുളി കഴിഞ്ഞിറങ്ങിയതേയുള്ളൂ, വീടിന്റെ വാതിൽ തുറന്നു മലർത്തിയിട്ടിരിക്കുന്നു! നേരം ആറ് മണി പോലുമായിരുന്നില്ല. പെട്ടെന്ന് തീരെ അപ്രതീക്ഷിതമായി അഞ്ചാറു കുട്ടികൾ ഓടിയടുത്ത് എന്റെ മുഖത്തും തലയിലും ദേഹത്തുമെല്ലാം പല നിറങ്ങളിലുള്ള ഗുലാൽ കൊണ്ട് അഭിഷേകം...! ഞാൻ ഭയന്നു നിലവിളിക്കാനും കരയാനും തുടങ്ങിയപ്പോൾ കുട്ടികൾക്ക് ഹരം കൂടി. അതിലൊരാൾ എന്തോ ബ്രൗൺ നിറത്തിലുള്ള പൊടി എന്റെ മുഖത്തും തോളിലുമെല്ലാം വിതറി. അവർ ആർത്തുചിരിച്ച് " ഹം ഗീത മാഡം കെ സാത്ത് ഭി ഹോളി ഖേലേ..." എന്നും പറഞ്ഞ് പുറത്തേക്കോടി.

ബഹളം കേട്ട് ഓടിയെത്തിയ ഭാഭി കണ്ടത് മുഖം ചെമന്നു ചീർത്ത് പൊള്ളി നീറി എരി പൊരി കൊണ്ട് വിറച്ച് നിലത്തിരുന്ന് തലയറഞ്ഞു കരയുന്ന എന്നെയാണ്. അവർ അടുത്തു കുനിഞ്ഞിരുന്ന് എന്നെ കൈ തഴുകി സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ഒരു വിധം എന്റെ കവിളുകളും ചുമലുമെല്ലാം പൊള്ളിനീറുന്നെന്ന് ഞാൻ ഭാഭിയോട് പറഞ്ഞൊപ്പിച്ചു. അവർ ഉടനെത്തന്നെ വാഷ് റൂമിൽ കൊണ്ടുപോയി മുഖവും ദേഹവും വെള്ളമൊഴിച്ചു വൃത്തിയാക്കുമ്പോൾ ഞാൻ നൊന്തു നീറുകയായിരുന്നു... വീണ്ടും വേഷമൊക്കെ ഒരു വിധം മാറി മുറിയിലെത്തി. മുഖത്തെയും ചുമലിലേയും നീറ്റൽ കൂടിക്കൂടി വന്നു. മുഖം പൊള്ളിച്ചീർത്തു. ബർണോളെടുത്ത് പൊള്ളിയ ഇടങ്ങളിൽ പുരട്ടിയിട്ടും നോവ് കുറഞ്ഞില്ല. ഭാഭിയുടെ കയ്യിൽ അവരുടെ നാട്ടിൽ നിന്നും കൊണ്ടുവന്ന എന്തോ ഒരു പച്ചമരുന്നുണ്ടായിരുന്നു. അവർ അതെടുത്ത് എന്റെ മുഖത്ത് വളരെ സാവധാനം മയത്തിൽ പുരട്ടിത്തന്നു. വേദന അൽപാൽപ്പം കുറഞ്ഞു. ഷമീം സർ പറഞ്ഞു: നമുക്ക് ഡോക്ടറെ കാണാം. അതാ നല്ലത്. അല്ലെങ്കില് അലർജി ദേഹത്ത് മറ്റിടങ്ങളിലേക്കും പടർന്നാലോ?

എന്നാൽ പുറത്തെങ്ങനെയിറങ്ങും? വീണ്ടും ഗുലാൽ പൂശാൻ ആളുകൾ കൂടും. ഞാൻ പോകാൻ കൂട്ടാക്കിയില്ല. ഭക്ഷണമോ വെള്ളമോ ഇറക്കാനാകാതെ ഞാൻ കിടന്നു. വേദന സഹിച്ച് ഒരു വിധം ആ ദിവസമൊടുങ്ങി. ഉച്ചയായപ്പോഴേക്കും നല്ല പനിയും തലവേദനയും അനങ്ങാനാകാതെ ദേഹമാസകലം വിറയലും... വൈകുന്നേരം പ്രിൻസിപ്പാളും മറ്റു ചില അധ്യാപകരും വന്ന് മുട്ടി വിളിച്ചപ്പോളാണറിയുന്നത് ഇവിടെ വീട്ടിലുണ്ടായ സംഭവം ഷമീം സർ എല്ലാവരേയും അറിയിച്ചെന്ന്. എന്റെ പരിതാപകരമായ സ്ഥിതി കണ്ട് എല്ലാവരും ഒരു പോലെ സങ്കടപ്പെട്ടു. ഒരാഴ്ച അവധിയെടുത്ത് വിശ്രമിക്കാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പാളും സമാധാനിപ്പിച്ചു.

വീട്ടിലെത്തി എന്റെ മുഖത്ത് ചായമൊഴിച്ച കുട്ടികളെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. ഞാൻ പഠിപ്പിക്കുന്ന ക്ലാസ്സുകളിലേതല്ല എന്നുറപ്പുണ്ടായിരുന്നു. ഷമീം സർ അന്നു തന്നെ അന്വേഷണം തുടങ്ങി. ഒമ്പതാം ക്ലാസ്സിലെ 5 ആൺകുട്ടികളാണ് അവിടെ വന്നതെന്നും അവരാരൊക്കെയെന്നും മറ്റു കുട്ടികൾ പറഞ്ഞതിൽ നിന്നും അദ്ദേഹം മനസ്സിലാക്കി. അതിൽ ഒരാൾ ബാറ്ററി കുത്തി പൊട്ടിച്ച പൊടിയാണ് ഗുലാലിനു പകരം കൊണ്ടു വന്നതത്രേ.അതിന്റെ കൂടെ മറ്റെന്തോ പൊടി കൂടി ചേർത്ത് ബ്രൗണ് നിറം വന്നതാണെന്നും മറ്റു കുട്ടികൾ പറഞ്ഞു.. അത് മുഖത്തു തട്ടിയിട്ടപ്പോഴുണ്ടായ അലർജിയായിരിക്കാം എനിക്കേറ്റ പൊള്ളലിന് കാരണം എന്ന് പിടിക്കപ്പെട്ട കുട്ടികൾ സമ്മതിച്ചു.

പിറ്റേന്ന് ഈ കുട്ടികൾ പ്രിൻസിപ്പാളുടെ മുമ്പിലെത്തി മാപ്പു പറഞ്ഞു. അവർ എന്റെ ക്ലാസ്സിലെ കുട്ടികളുമായി ബെറ്റു വച്ചിരുന്നത്രേ എന്നെ ഹോളി കളർ അടിക്കുമെന്ന്. എന്നാൽ ഞാൻ പുറത്തേ വരില്ല എന്നും ഇക്കാര്യം നടക്കില്ലെന്നും എന്റെ കുട്ടികൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ബെറ്റു വച്ചവർ രാവിലെ 6 മണിക്കു മുമ്പു തന്നെ ഞങ്ങളുടെ ക്വാർട്ടേഴ്സിൽ എത്തിയത്. പാൽക്കാരനാണെന്നോർത്ത് വാതിൽ തുറന്ന്, വീണ്ടും പാത്രമെടുക്കാൻ ഭാഭി അടുക്കളയിലേക്ക് പോയപ്പോഴാണ് ഞാന് കുളിച്ചിറങ്ങിയതും ഇടക്ക് കുട്ടികൾ ചാടി വീണതും. എനിക്കു പൊള്ളലേറ്റ കാര്യം അറിഞ്ഞതോടെ ആ കുട്ടികളും അവരുടെ രക്ഷിതാക്കളും എല്ലാം പരിഭ്രാന്തിയിലായി. പ്രിൻസിപ്പാൾ കുട്ടികളെ സ്ക്കുളിൽ നിന്ന് സസ്പെന്റ് ചെയ്തു. ഞാൻ സുഖം പ്രാപിച്ച് സ്ക്കൂളിലെത്തിയതിന് ശേഷം വന്നാൽ മതിയെന്ന് അദ്ദേഹം അവരെ താക്കീതു ചെയ്തു. കുട്ടികൾ ഓരോരുത്തരായി എന്നെ കാണാൻ വന്നു. മാപ്പു പറഞ്ഞു. കുട്ടികളല്ലേ, കുസൃതി കാണിക്കുക സ്വാഭാവികം. ഞാനെപ്പോഴേ അവർക്കു മാപ്പു കൊടുത്തു. എന്നാൽ പ്രിൻസിപ്പാൾ വിടുന്ന മട്ടില്ല.

ഒരാഴ്ചയോളം ഞാൻ പനിച്ചു കിടന്നു. സ്വന്തം സഹോദരിയെപ്പോലെ ശുശ്രൂഷിക്കാൻ ഭാഭിയുണ്ടായിരുന്നത് എന്റെ ഭാഗ്യം. ഒരാഴ്ച കഴിഞ്ഞ് ഞാൻ ഡ്യൂട്ടിക്ക് ജോയിൻ ചെയ്തതിനു ശേഷമേ കുട്ടികളെ സ്ക്കൂളിൽ തിരിച്ചു കയറ്റിയുള്ളൂ. അന്നേ ദിവസം വിചിത്രമെന്നു പറയട്ടെ, രാവിലെ അസംബ്ലി സമയത്ത് സ്ക്കൂൾ പ്രാർത്ഥന കഴിഞ്ഞയുടൻ ആ കുട്ടികൾ വേദിയുടെ മുന്നിലേക്ക് ഓടി വരുന്നു. ഓരോരുത്തരായി മൈക്കിൽ അവർ ഹോളി ദിവസം എന്റെ അനുവാദമില്ലാതെ കളറും ബാറ്ററിപ്പൊടിയും കൊണ്ട് എന്റെ മേൽ അഭിഷേകം ചെയ്തതും ഏറ്റു പറഞ്ഞ് തുടർന്ന് എനിക്കുണ്ടായ അസുഖത്തിനും ആസ്വാസ്ഥ്യത്തിനും കാരണക്കാരായ അവർക്ക് മാപ്പു കൊടുക്കണമെന്നും പരസ്യമായി അപേക്ഷിച്ചു. എനിക്കപ്പോൾ ഒരുപാടു സങ്കടം തോന്നി. ഉടനെ തന്നെ ഞാനും മൈക്കിലൂടെ എല്ലാവരും കേൾക്കെ അവരെ തിരിച്ചെടുക്കണമെന്ന് പ്രിൻസിപ്പാളിനോട് അഭ്യര് ത്ഥിച്ചു.

ശേഷം ഒട്ടേറെ വർഷങ്ങൾ ഞാൻ ഓജ്ജാറിലുണ്ടായിട്ടും ഒരിക്കലും ഹോളി ദിവസം പുറത്തിറങ്ങിയിട്ടില്ല. എന്റെ മൂത്ത മകൻ 4 വയസ്സു കഴിഞ്ഞതു മുതൽ മറ്റു കുട്ടികളുടെ കൂടെ ഹോളി കളിക്കാൻ പോകുമായിരുന്നു. എന്നാൽ എന്റെ മേൽ ഒരിക്കലും ഗുലാലോ മറ്റു ചായങ്ങളോ ഒഴിക്കാൻ മുതിർന്നിട്ടില്ല. കാരണം, എന്റെ മുഖം പൊള്ളിച്ച ഹോളിക്കഥ പല തവണ ഞാൻ തന്നെ പറയുന്നത് അവൻ കേട്ടിരിക്കുന്നു!

Share :