Archives / October 2019

കെ.ആർ.കീർത്തി
 കട്ടിൽ

നല്ല കാതലുള്ള തടിയാണെന്ന്

മനസ്സിലാക്കി

വില കൊടുത്ത്

സ്വന്തമായങ്ങ് വാങ്ങി.

എന്നെയും താങ്ങി ദിവസങ്ങളോളം മൗനം തുടർന്നു.

വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ചിട്ടില്ല.

ഉറങ്ങാറുണ്ടോ?

വിശക്കുന്നില്ലേ?

ഒന്നും ....

ഞാൻ തിരിയുകയും

മറയുകയും

ചെയ്യുമ്പോൾ

ചെറിയൊരു

മൂളൽ പുറപ്പെടുവിച്ച്

നിശബ്ദമാകും.

ഒരിക്കൽ

അതിനു മുകളിൽ

തുള്ളിച്ചാടിക്കളിച്ചിരുന്ന ചെറിയ മകൾ ചോദിച്ചു

അച്ഛാ

ഈ കട്ടിലിന്റെ പേരെന്താ?

അറിയില്ല,

മോള് പേരിടൂ...

കുറച്ച് നേരത്തെ

ആലോചനയ്ക്കു ശേഷം അവൾ പറഞ്ഞു.

എന്നാൽ നമുക്കിവൾക്ക് അമ്മേടെ പേരിടാം.

 

 

                   

Share :