Archives / October 2019

-   ഗീത മുന്നൂർക്കോട്  -
പിന്‍ വലിക്കാനാകാതെ പോയശിക്ഷ (ഗീത മുന്നൂർക്കൊടിൻറെ അനുഭവകഥകൾ --14 )

പുലർച്ചെയുണർന്ന് തകൃതിയിൽ ദിനചര്യകൾക്കു ശേഷം പ്രാതലും ഉച്ചഭക്ഷണവും പാകം ചെയ്ത് സ്ക്കൂളിൽ പോകാനൊരുങ്ങുകയായിരുന്നു.അപ്പോഴാണ് ഒരു മഹാദുരന്തമെന്ന പോലെ ഒരു സങ്കടവാർത്ത വാതിൽ മുട്ടുന്നത്! 1982 ലാണ് എന്റെ ഹൃദയത്തിൽ ഇന്നും തീവ്രദു:ഖത്തിന്റെ രക്തച്ചാലുകൾ കീറിയൊഴുക്കുന്ന ആ ദാരുണ സംഭവം നടന്നത്!

പത്താം ക്ലാസ്സിലെ അഞ്ചാറു കുട്ടികൾ തേങ്ങിക്കരഞ്ഞുകൊണ്ട് വാതിൽക്കൽ...!

 എന്തു പറ്റി മക്കളേ?

 ഒന്നിച്ചൊരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി. തേങ്ങിക്കൊണ്ടവരിൽ ഒരാൾ - ‘മാം നമ്മുടെ സന്ദീപ്... അവൻ ഇന്നലെ രാത്രി... അമ്മയുടെ സാരി കഴുത്തിൽ കെട്ടി... അവന്റെ മുറിയിൽ ... ഇനി അവനില്ല മാം ...’

 എന്റെ നെഞ്ചുരുകിയത് മറയ്ക്കാനാവാതെ കണ്ണുകൾ നിറഞ്ഞൊഴുകി. എന്തേ... എന്തു പറ്റി ഈ കുട്ടിക്ക് ... ഇങ്ങനൊരു കാര്യം ചെയ്യാൻ ആ കൊച്ചു മനസ്സ് എങ്ങനെ ധൈര്യപ്പെട്ടു! രണ്ടു ബ്ലോക്കുകൾക്കപ്പുറം സന്ദീപ് വാങ്ക്ടെയുടെ ക്വാർട്ടേർസിനു ചുറ്റും വലിയൊരാൾ കൂട്ടം... കരഞ്ഞും മുഖത്തോടു മുഖം നോക്കി ശബ്ദം താഴ്ത്തി അടക്കം പറഞ്ഞും...അവർ...

 

ആൾക്കൂട്ടത്തിനിടയിലൂടെ വീട്ടിനകത്തേക്ക് എന്റെ പ്രിയപ്പെട്ട സന്ദീപിനെയൊരു നോക്കു കാണാൻ വേച്ചു വേച്ചു നടന്നു... കൂടെ വന്ന ശരണിന്റെ കൈ മുറുകെപ്പിടിച്ച്... എന്നെ കണ്ടതും അവന്റെ അനിയത്തി സന്ധ്യ വന്നു കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അവളെ നെഞ്ചോടു ചേർത്ത് ഞാനും തേങ്ങി...

 

പോലീസ് എത്തി കുട്ടിയുടെ ജഡം ഫാനിന്റെ കുടുക്കിൽ നിന്നും താണു നീണ്ട സാരിക്കൊളുത്തു് മുറിച്ചെടുത്ത് കട്ടിലിൽ കിടത്തിയിരുന്നു. ആരേയും ആ മുറിയിലേക്ക് കടത്തിവിട്ടില്ല. അര മണിക്കൂറോളം പോലീസ് മുറിയും ചുറ്റുപാടും പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. മേശപ്പുറത്ത് നിരത്തി അടുക്കി വച്ചിരുന്ന പുസ്തകളും അവർ തുറന്നു. ഒന്നു രണ്ടു പേപ്പറുകളും കയ്യിലെടുത്ത് പരസ്പരം കാണിക്കുന്നു... എന്തോ കിട്ടിയതു പോലെ സന്ദീപിന്റെ അച്ഛനേയും കൂട്ടി പുറത്തേക്കിറങ്ങി എന്തൊക്കെയോ ചോദിക്കുന്നു... അദ്ദേഹം പൊട്ടിക്കരയുന്നു... താമസിയാതെ ജഡം പോസ്റ്റ്മോർട്ടത്തിനയച്ചു. ശേഷം ബന്ധുക്കൾക്കും മറ്റു സന്ദർശകർക്കുമായി അന്ത്യദർശനത്തിന് ഒരു മണിക്കൂർ... പിന്നെയവന്റെ അന്ത്യയാത്ര... അന്ന് സ്ക്കൂളിന് അവധി പ്രഖ്യാപിച്ചു. സങ്കടം സഹിക്കവയ്യാതെ അധ്യാപകരും കുട്ടികളും അനുശോചനം രേഖപ്പെടുത്തി മൗനമായി പിരിഞ്ഞു.

***************

സന്ദീപിന്റെ ആത്മഹത്യയ്ക്കുള്ള കാരണം താമസിയാതെ എല്ലാവരുമറിഞ്ഞു. അവന്റെ അച്ഛൻ മോസ്കോയിൽ ടി ഡി ക്ക് പോയി 6 മാസങ്ങൾ പിന്നിട്ടതാണ്. കഴിഞ്ഞയാഴ്ച ലീവിൽ വന്നു. നന്നായി പഠിച്ച് നല്ല മാർക്കുകൾ നേടി മിക്കപ്പോഴും ക്ലാസ്സിലൊന്നാമനായിരുന്ന സന്ദീപിനെ പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കു വാങ്ങി പാസ്സായാൽ ഉയർന്ന വിദ്യാഭ്യാസത്തിനായി മോസ്കോയിൽ കൊണ്ടുപോകാമെന്ന് അദ്ദേഹം വാക്കു കൊടുത്തിരുന്നത്രെ. അവൻ അതിന്നായി നല്ല ആർജ്ജവത്തോടെ ഉത്സാഹത്തോടെ പഠിക്കുന്നുമുണ്ടായിരുന്നു.

അപ്പോഴാണ് ...

അച്ഛൻ റഷ്യയിൽ നിന്നും വന്നതിന്റെ ആഹ്ലാദത്തിലും ആഘോഷത്തിലുമായിരുന്നു അമ്മയും കുട്ടികൾ ഇരുവരും. സ്ക്കൂളിൽ ഫസ്റ്റ് ടേം യൂണിറ്റ് ടെസ്റ്റുകൾ നടക്കുന്നു. സന്ദീപ് വീട്ടിലെ തിരക്കുകൾക്കിടയിലും ടെസ്റ്റുകൾക്ക് നന്നായി തയ്യാറെടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവന്റെ അച്ഛനെത്തിയതിന്റെ പിറ്റേന്നായിരുന്നു കണക്ക് ടെസ്റ്റ്. മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഞാൻ പേപ്പർ നോക്കി കുട്ടികൾക്ക് കൊടുത്തു. പത്താം ക്ലാസ്സല്ലേ, എല്ലാവരും മാർക്കുകൾ രക്ഷിതാക്കളെ കാണിച്ച് ഉത്തരക്കടലാസിൽ ഒപ്പിട്ടു കൊണ്ടുവരണം എന്നും ഓർമിപ്പിച്ചു. സന്ദീപിന് 35 ൽ 33 മാർക്ക് . ചെറിയ ഒരശ്രദ്ധ കൊണ്ട് 2 മാർക്കു കുറഞ്ഞു. എങ്കിലും അവൻ തന്നെയായിരുന്നു ക്ലാസ്സിൽ ഒന്നാമൻ. (അക്കാലത്ത് മൂന്നു ടേമുകളിൽ ഈരണ്ടു ടെസ്റ്റുകൾ വീതം, ഓരോന്നും 35 മാർക്കിലായിരുന്നു നടത്തിയിരുന്നത്)

*************

പിറ്റേന്ന് ഞങ്ങൾ സ്ക്കൂളിൽ നിന്നു പോയ അധ്യാപകരോട് ആ അമ്മ എല്ലാമെല്ലാം എണ്ണിയെണ്ണി പതം പറഞ്ഞു.

 

അവർ പറഞ്ഞു;

‘അവൻ സന്തോഷത്തോടെയാണ് കണക്കു പേപ്പർ അച്ഛനെ കാണിച്ചത്. ക്ലാസ്സിലെ ഏറ്റവും ഉയർന്ന മാർക്ക് അവനാണ് നേടിയതെന്നു പറയും മുമ്പേ തന്നെ രണ്ടു മാർക്ക് അശ്രദ്ധകൊണ്ട് എന്തിനു കളഞ്ഞു എന്നു ചോദിച്ച് അച്ഛൻ അവനെ കുറെ ശകാരിച്ചു. വളരെ സങ്കടപ്പെട്ടു എന്റെ കുട്ടി. രാത്രിയിൽ ഭക്ഷണം വിളമ്പിക്കൊടുത്തതു പോലും കഴിച്ചില്ല...

'അടുത്ത ദിവസത്തെ സയൻസ് പരീക്ഷക്ക് മര്യാദക്കിരുന്ന് പഠിച്ച് ഫുൾ മാർക്ക് വാങ്ങിച്ചോണം' അച്ഛൻ അപ്പോഴും കടുത്ത സ്വരത്തിൽ അവനോട് ആവശ്യപ്പെട്ടു.

രാത്രി 11 മണി വരെ ഞാനുമുറങ്ങിയില്ല. മോന് പഠിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ ഒരു കട്ടൻ ചായ ഉണ്ടാക്കിക്കൊടുത്ത് അവൻ അതു കുടിച്ചതിനു ശേഷമാണ് ഞാൻ ഉറങ്ങാൻ കിടന്നത്. പിന്നെ രാവിലെ 3-30 നോടടുത്താണ് എന്തോ ഒരു ഞെട്ടലോടെ ഞാനുണർന്നത്. മോന്റെ മുറി പതിവിനു വിപരീതമായി ഉള്ളിൽ നിന്നും കുറ്റിയിട്ടിരുന്നു. ഉള്ളിൽ ട്യൂബ് ലൈറ്റ് കെടുത്തിയിട്ടില്ല. ആകെയൊരു വെപ്രാളവും ആശങ്കയും തോന്നി ഞാൻ കതകിനു മുട്ടി. സന്ദീപ് കേൾക്കുന്നില്ല. വാതിൽ തുറന്നില്ല. യാതൊരനക്കവുമില്ല. ഭർത്താവിനെ ഉണർത്തി. അദ്ദേഹവും പലയാവർത്തി വിളിച്ചിട്ടും വാതിൽ തുറക്കാഞ്ഞ്, 'പാവം കുട്ടി, ഉറങ്ങിക്കാണും' എന്നു സമാധാനിച്ചു. ഞങ്ങൾ മുറിയിലേക്കു തിരിച്ചു വന്നു. എന്നാൽ രാവിലെ 5 മണി കഴിഞ്ഞിട്ടും മോന്റെ റൂമിലെ ലൈറ്റ് അണഞ്ഞിട്ടില്ല. പിന്നെ ഒട്ടും താമസിച്ചില്ല. അദ്ദേഹം വാതിൽ ചവിട്ടിത്തുറന്നു - .... അപ്പോൾ ... ആ അമ്മ വിങ്ങിപ്പൊട്ടി നെഞ്ചത്തടിച്ച് നിലവിളിച്ച് - എന്റെ പൊന്നു മോൻ എന്റെ സാരിയിൽ കുരുങ്ങി ...'                                                      അവർ ഭ്രാന്തിയെപ്പോലെ പുലമ്പി - ഭർത്താവിനെ ഉച്ചത്തിൽ അധിക്ഷേപിക്കാൻ തുടങ്ങി.

എന്റെ കൈ പിടിച്ച് അവർ വീണ്ടും ... " മാഡത്തിന്റെ കണ്ണിലുണ്ണിയായിരുന്നില്ലേ എന്റെ കുട്ടി... എന്നിട്ടും കണക്കിൽ കിട്ടിയ മാർക്കിന്റെ പേരിലായല്ലോ അവൻ പോയത് ..." ഞങ്ങൾക്കാർക്കും ഒരക്ഷരം പോലും ഉരിയാടാനുള്ള കെൽപ്പില്ലായിരുന്നു. ആ അമ്മക്കൊപ്പം പൊട്ടിക്കരയാനേ കഴിഞ്ഞുള്ളൂ.

                                        ***************

പിന്നീട് എല്ലാ പി ടി എ മീറ്റിംഗുകളിലും ഞാനാദ്യം അച്ഛനമ്മമാരോട് നിർദ്ദേശിക്കുക, മാർക്ക് കിട്ടാത്തതിന്റെ പേരിൽ കുട്ടികളെ ശാസിക്കുകയോ നിന്ദിക്കുകയോ ചെയ്യരുതെന്നാണ്. അങ്ങനെ ആരെങ്കിലും ചെയ്യുന്നത് എന്റെ ശ്രദ്ധയിൽ പെടുമ്പോഴൊക്കെ ഞാൻ അവരെ വിളിച്ച് സന്ദീപിന്റെ ദാരുണമായ വിടവാങ്ങലിനെക്കുറിച്ച് പറഞ്ഞ് അവരെ ബോധവൽക്കരിക്കുക പതിവായി. ഏതെങ്കിലും കുട്ടി മാർക്കു കുറഞ്ഞ് സ്വയം വിഷമിച്ചു നിൽക്കുന്നതു കാണുമ്പോൾ കുട്ടിയെ ചേർത്തു പിടിച്ച് നമുക്ക് അടുത്ത പരീക്ഷയിൽ ഇരട്ടി മാർക്ക് വാങ്ങാം കേട്ടോ എന്ന് മനസ്സുറപ്പ് ഉണ്ടാക്കിയെടുക്കാനും ശ്രമിച്ചു.                                                                  ശാസനയും ശിക്ഷയും കുട്ടികളുടെ മനസ്സു വേദനിപ്പിക്കും വിധമാകരുത് . സന്ദീപ് പഠിപ്പിച്ച പാഠം മനസ്സിൽ പതിഞ്ഞേ കിടക്കുന്നു.

                                      

Share :