Archives / October 2019

സരിത മോഹനൻ വർമ്മ
ഓർക്കുന്നവരുടെയെല്ലാം എൻ


ഗാന്ധിസ്മൃതി തുളുമ്പുന്ന ഒരു  ഒക്റ്റോബര് രണ്ടിന്   പിറ്റേന്നാണ്‌,  മുന്നറിയിപ്പില്ലാതെ അച്ഛന് (എൻ മോഹനന് നിത്യനിദ്രയിലേയ്ക്ക് ആഴ്ന്നത്. അതിനും അപ്പുറം , അച്ഛന്  ഗാന്ധിയുമായി വിപ്ലവഭരിതമായ   ഒരു പേരുബന്ധവും ഉണ്ട്.
 

മോഹൻദാസ് കരംചന്ദ് ഗാന്ധിജിയെ യെർവാദാ ജയിലിൽ നിന്ന് വിട്ടയച്ച ദിവസം ജനിച്ച ഉണ്ണിയ്ക്ക്  ആ പേരു തന്നെ  നൽകണം എന്ന് ഗാന്ധിഭക്തയായ 'അമ്മ ( ലളിതാംബികാ അന്തർജ്ജനം ) ആശിച്ചു.  മോഹനൻ എന്ന  ഫാൻസിപേര് നമ്പൂതിരിസമുദായത്തിൽ  അന്നൊന്നും ഒട്ടും സ്വീകാര്യമായിരുന്നില്ല . അക്കാലത്ത്  വളരെ   യാഥാസ്ഥിതികരായിരുന്നു അച്ഛൻവീട്ടുകാർ .
മാത്രമല്ല, ബ്രിട്ടീഷ് സർക്കാരിന്റെ ഉറച്ച വിശാസികളായ   പല മുത്തഫന്മാർക്കും കോട്ടവട്ടത്തു മഠത്തിൽ പുരോഗമനവാദിയായി വളർന്ന ലളിതാംബികയുടെ ഗാന്ധിയാരാധന കണ്ടു കൂടായിരുന്നു .
മഹാത്മാഗാന്ധിയുടെ പേരാണ് എന്ന് ഭവ്യതയോടെ 'അമ്മ , കുഞ്ഞുമകനെ മുതിർന്നവരുടെ മുമ്പിൽ പരിചയപ്പെടുത്തുമ്പോൾ , "ദുരാത്മാ കോന്തി" എന്ന്  ആട്ടും ആംഗ്യവിക്ഷേപങ്ങളുമായി  കാരണവന്മാർ കുട്ടിയെ പുച്ഛിയ്ക്കുമായിരുന്നു.
 

അമ്മ അന്തർജ്ജനങ്ങൾക്ക് നിഷിദ്ധമായ ബ്ലൗസ് ധരിച്ചതും ഗാന്ധിയെ കാണാൻ പോയതും, പിറന്ന വീട്ടിൽ നിന്ന് കൊണ്ട് വന്ന ആഭരണമെല്ലാം മഹാത്മജിയ്ക്ക് സമർപ്പിച്ചതും കൂടിയായപ്പോൾ, കാരണവന്മാരുമായുള്ള  പ്രശ്നങ്ങൾ മൂത്തു. അച്ഛന്റെ ( നാരായണന്റെ ) ഡോക്ടറാവാനുള്ള പഠനം മുടങ്ങി. തറവാട്ടിൽ നിന്ന് പുറത്തായി. ആ വീടിനടുത്ത് ഒരു കുടിൽ കെട്ടി, അവിടെയായിരുന്നു പിന്നെ  ഏറെക്കാലം.
അമ്മ എഴുതിയും അച്ഛൻ കൃഷിയിൽ മുഴുകിയും കിട്ടുന്നത് വച്ച് ഏഴു കുഞ്ഞുങ്ങളെ പോറ്റി. സാമൂഹ്യമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നിരവധി അന്ത:ച്ഛിദ്രങ്ങൾ നടക്കുന്ന ഒരു  വലിയ കൂട്ടുകുടുംബത്തിൽ, പല വിധം പരിഹാസങ്ങളും, ഇല്ലായ്മകളായും നേരിട്ടത് തന്നെയാവും, പിൽക്കാലത്ത് ,  സ്നേഹം കൊണ്ട് മാത്രം എല്ലാം നേടാം, നഷ്ടപ്പെടാം എന്ന തരത്തിലുള്ള കഥകൾ  രചിയ്ക്കാൻ  കാരണമായത്.  
 

അന്ന് അത്രയ്ക്കൊന്നും ഉദ്ദേശിച്ചില്ലെങ്കിലും , " എൻ മോഹനൻ" എന്ന പേര് അന്വർഥമാക്കി എന്ന് ലളിതാംബിക പറയാറുണ്ട്. ഇടപഴകുന്ന ഓരോരുത്തർക്കും എൻറെ മോഹനൻ എന്ന്  ഇനിഷ്യലിലും പേരിലും തോന്നിച്ചിരുന്നു   ." അവന്റെ വായിൽപ്പിട്ടു ഒന്ന്  കൊണ്ട് മാത്രമാണ് എം എ യ്ക്ക് പഠിയ്ക്കാൻ പണമില്ലാതിരുന്നപ്പോൾ ,  പാലായിൽ പിശുക്കിനു പ്രസിദ്ധനായ  ഒരു  കത്തനാരിൽ  നിന്ന് ഫീസിനുള്ള പണം കടം കിട്ടിയത്."
നാവിൽ വറ്റാത്ത നർമ്മമുണ്ടായതും ,  'അമ്മ കൊടുത്ത ജീവിത പരീക്ഷകളോടുള്ള അതിജീവനമായിരുന്നു എന്ന് മകൻ തിരിച്ചടിയ്ക്കുമായിരുന്നു. "കളിതമാശകൾ ഞങ്ങൾക്ക് ലക്ഷ്വറി ആയിരുന്നില്ല, ഒഴിവാക്കാനാവാത്ത ഔഷധമായിരുന്നു."
 

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജിൽ ആദ്യത്തെ എസ് എഫ് ( സ്റ്റുഡന്റ് ഫെഡറേഷൻ ) പ്രസിഡന്റ്  ആയിരുന്നു .  കവിത വലിയ ഭ്രമമായിരുന്നു.  അങ്ങിനെയാണ് ഒ എൻ വി ചങ്ങാതിയായത്. മാഗസിൻ എഡിറ്ററായിരിക്കെ സുഗതകുമാരിയുടെ കവിത ആദ്യമായി പ്രസിദ്ധീകരിച്ച് പ്രതിഫലം കൊടുത്തത് , മോഹനൻ ആയിരുന്നു എന്ന് സുഗതടീച്ചർ  എഴുതിയിട്ടുണ്ട് .
 

ആ സർഗ്ഗകാലത്തിനു സാക്ഷിയാണ് ചിത്രകാരൻ എ രാമചന്ദ്രനും.  ബോട്ടണി ബി എ യ്ക്ക് പഠിയ്ക്കുമ്പോൾ ക്ലാസ്മേറ്റും കൂട്ടുകാരനുമായതാണ് "അരനരനര, നരനര, നരൻ..." എന്ന് കേകയ്ക്ക് ലക്ഷണമായി മോഹനൻ കളിയാക്കി  പറയുന്ന അരൻ ( പിന്നീട്, കാർട്ടുണിസ്റ്റും സംവിധായകനുമായ ജി അരവിന്ദൻ .)
 സൗഹൃദങ്ങൾക്കും അനുരാഗത്തിനും വളക്കൂറുള്ള അന്തരീക്ഷമായിരുന്നു കോളജിൽ. കഥയെഴുതിത്തുടങ്ങിയത് അക്കാലത്താണ്.  തകർന്ന ഒരു പ്രണയത്തിന്റെ പിന് നിലാവ്  പിൽക്കാലത്ത് പല കഥകൾക്കും ഊർജ്ജം നൽകി.    
യൂണിയൻ പരിപാടികളിൽ മലയാളം കവിതകൾക്ക് ഇംഗ്ലീഷ് പാരഡികൾ അവതരിപ്പിയ്ക്കുക, മലയാളം കവിതകൾ ലയിച്ചു ചൊല്ലുക,  എന്നിവയുള്ളതു കൊണ്ട് , എസ് എഫ് പ്രവർത്തനം രാഷ്ട്രീയവും സാഹിത്യവും സിനിമയും നിറഞ്ഞ കലാപരിപാടിയായിരുന്നു.
കമ്മ്യൂണിസ്റ്റ് യൗവനകാലത്ത്  തീവ്രഇടത്ത്പക്ഷ ചായ്‌വുകളിലേക്കുള്ള  ചാഞ്ചാട്ടങ്ങളും മടങ്ങിവരവും  "കത്താത്ത കാർത്തിക വിളക്ക്", "പെരുവഴിയിലെ കരിയിലകൾ " എന്ന കഥകളിൽ പ്രതിഫലിച്ചു കാണാം . പാർട്ടി രണ്ടായത് ഏറെ സങ്കടമുണ്ടാക്കി . ഇരുപാർട്ടികളിലും വളരെ അടുത്ത സുഹൃത്തുക്കൾ ഉണ്ടായിരുന്നു . പിന്നീട് അംഗത്വം പുതുക്കിയില്ല . കാലടി ശ്രീ ശങ്കരാ കോളജിൽ പഠിപ്പിയ്ക്കുന്ന കാലത്താണ്, "നിന്റെ കഥ എന്റെയും " എന്ന കഥ എഴുതുന്നത്.

എന്റെ അമ്മ ഭാമ തൃപ്പൂണിത്തുറക്കാരിയാണ് . അനലിറ്റിക്കൽ കെമിസ്ട്രിയിലാണ് മാസ്റ്റേഴ്സ്.  റിസേർച്ച് സയന്റിസ്റ് ആയാണ് ജോലി . സംസ്കൃതം  നല്ല ഗ്രാഹ്യമായിരുന്നു. സംസ്കൃത ക്ലാസിക്കുകൾ  ചമൽക്കാരങ്ങൾ ആസ്വദിച്ച് ഉറക്കെ  വായിക്കുമായിരുന്നു. അച്ഛൻ എം എ ക്കാരൻ ആണെങ്കിലും ദേവനാഗരിയിൽ പരുങ്ങലായിരുന്നു.  കമ്പം വിശ്വസാഹിത്യവും  പുരോഗമനാശയങ്ങളും ആയിരുന്നു താനും .  ഈ ശക്തി ദൗര്ബല്യങ്ങളിലാണ് ഇരുവരും സന്ധിച്ചത്‌.
പക്ഷെ അമ്മയായിരുന്നു അച്ഛന് താങ്ങും തണലും എന്ന് പറയാം.  ചില കാര്യങ്ങളിൽ ചിലരെ തുണയ്ക്കണം എന്ന് തീരുമാനിച്ചാൽ  അത് നടക്കുന്നത് വരെ അച്ഛന് സ്വസ്ഥത ഉണ്ടാവില്ല.  അതിനുള്ള വിഭവശേഷി ഇല്ലെങ്കിൽ കടം മേടിച്ചോ , വീട്ടു ചെലവിൽ വക മാറ്റിയോ അത് കണ്ടെത്തുന്ന ചുമതല അമ്മയ്ക്കായിരുന്നു.

വേണ്ടി വന്നാൽ ,  പരിമിതമായ സാഹചര്യങ്ങളിൽ കഴിയാനും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും സ്വന്തം കുട്ടികൾക്ക് സാധിക്കണം എന്ന് അച്ഛൻ നിർബന്ധം പിടിച്ചു. അവനവന്റെ വസ്ത്രങ്ങൾ അലക്കാനും പാത്രം കഴുകി വയ്ക്കാനും മറ്റൊരാളെ ഏല്പിച്ചു കൂടാ എന്നാണ് സ്വയം ചെയ്തു കാണിച്ചിരുന്ന മാതൃക.
പാഠ്യവിഷയങ്ങളൊഴിച്ച് എല്ലാ കാര്യത്തിലും കർക്കശക്കാരനായ രക്ഷിതാവായിരുന്നു. പരീക്ഷയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ 'അമ്മ ശകാരിച്ചും അടിച്ചും പഠനം ചെക്ക് ചെയ്യുമ്പോൾ, ചെവി പൊത്തി വീട്ടിൽ നിന്നിറങ്ങി പോവാറുള്ള അച്ഛൻ, ദിവസവും  പത്രം വായിക്കാതിരിയ്ക്കുക, കള്ളം പറയുക, ആരെയെങ്കിലും വേദനിപ്പിയ്ക്കുക  എന്നിങ്ങനെ എന്തെങ്കിലും കുറ്റകൃത്യം  ചെയ്‌താൽ കഥ കഴിയ്ക്കും എന്ന് ഞങ്ങൾ കുട്ടികൾക്ക്  നല്ല നോവോടെ അറിയുമായിരുന്നു.
 

ഒരു കവിത ചൊല്ലി അർത്ഥം പറഞ്ഞു തരാൻ പറഞ്ഞാൽ പെട്ടെന്നലിഞ്ഞു പോവുന്ന തരം ദേഷ്യമാണതെന്നു ഞാൻ പിന്നീട് സൂത്രപ്പണി പഠിച്ചെങ്കിലും, മുറ്റത്തെ  ചെമ്പരത്തിക്കമ്പ് ചെത്തി മിനുക്കിയുള്ള അടി പാവം എന്റെ അനിയൻ ഹരി നിരന്തരം  മേടിച്ചു കൊണ്ടേയിരുന്നു . ഹരി  20 വയസ്സ് തികയും മുമ്പേ, അമേരിക്കയിലേയ്ക്ക്  വിമാനം കയറിയത് അച്ഛനെ വല്ലാതെ ഉലച്ചിരുന്നു. "മകൻ " എന്ന ( പത്മരാജൻ പുരസ്ക്കാരം ലഭിച്ച ) കഥ , ആ സങ്കടത്തിന്റെ ഫലമാണ്.
 

എന്ത് വിഷയത്തിലും, നിന്ന നിലയ്ക്ക്, ഉത്തരം തരാൻ കഴിയുന്ന ഗൂഗിൾ ആയിരുന്നു അച്ഛൻ എനിക്ക് , എന്റെ പത്രപ്രവർത്തനജീവിതത്തിൽ . പരന്ന വായനയും, വിസ്മയകരമായ ഓർമ്മശക്തിയും അപഗ്രഥനശീലവും അച്ഛനെ എന്റെ കൂട്ടുകാരുടെയും കൂട്ടുകാരനാക്കിയിരുന്നു .
 

കഥരചനാകാലത്തിൽ രണ്ടു ഘട്ടങ്ങളുണ്ട് .  യൗവ്വനത്തിൽ കഥകളെഴുതിയിരുന്ന മോഹനൻ 25  വര്ഷങ്ങളിലേറെ ഒന്നും എഴുതാതിരുന്നു .  "ശേഷപത്രം" എന്ന കഥയുമായിരുന്നു മടങ്ങി വരവ്.  എല്ലാ രാഷ്ട്രീയകഥകളിലും സ്നേഹബന്ധങ്ങളുടെ അടിയൊഴുക്കുണ്ടായിരുന്നു. സ്നേഹബന്ധങ്ങളുടെ കഥകളിലെല്ലാം രാഷ്ട്രീയവിശ്വാസങ്ങളുടെ അടിയൊഴുക്കും ഉണ്ടായിരുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയുടെയും ജാതിവൈചിത്ര്യങ്ങളുടെയും കഥ പറയുന്ന "ഇന്നലത്തെ മഴ " എന്ന നോവൽ പോലും അടിസ്ഥാനപരമായി മനുഷ്യബന്ധങ്ങളുടെ  ഉൾഖനനമാണ്‌. പൂജക്കെടുക്കാത്ത പൂക്കൾ , യാഗം ( കത്താത്ത കാർത്തിക വിളക്ക്) , മിന്നാമിനുങ്ങ് , കൊച്ചു കൊച്ചു മോഹങ്ങൾ  എന്നീ  കഥകൾ ചലച്ചിത്രരൂപത്തിലായി . നിരവധി കഥകൾ ടെലിഫിലിമുകളായി. ജി അരവിന്ദൻ സിവി ശ്രീരാമന്റെ കഥ വാസ്തുഹാര എന്ന സിനിമയാക്കിയപ്പോൾ , സംഭാഷണങ്ങൾ എഴുതിയത്  എൻ മോഹനൻ ആണ്.
 

1999 ൽ  വിഴിഞ്ഞം ലൈറ്റ് ഹൗസിന്റെ പശ്ചാത്തലത്തിൽ ഒരു കഥ രൂപപ്പെടുത്തുന്നതിനിടയിലാണ് അവിചാരിതമായി ഒരു ഹോസ്പിറ്റൽ ഇൻഫെക്ഷൻ ഉണ്ടാവുന്നത്. ടെറ്റനസ് ബാധ ഡോക്റ്റര്മാര്ക്ക് കൃത്യസമയത്ത് നിർണ്ണയിക്കാൻ ആയില്ല. 66 വയസ്സേ ഉണ്ടായിരുന്നുള്ളു പോവുമ്പോൾ .

 

 

Share :

Photo Galleries