Archives / september 2019

ഷുക്കൂർ ഉഗ്രപുരം
പറവകളായി പിറക്കേണ്ടവർ !!

കഴിഞ്ഞ വാരം പുറത്തുവന്ന സുപ്രഭാതം വാർഷികപ്പതിപ്പിൽ ‘'പറവകളായി
പിറക്കേണ്ടവർ’’ എന്ന പി.സുരേന്ദ്രന്റെ കഥ    തലയുയർത്തി ചിറക് വിരിച്ച്
ഒലീവിലകളുമായി അതിരുകളില്ലാത്ത  ഭൂഖണ്ഡങ്ങളിലൂടെ സ്നേഹത്തിൻ
ശാന്തിദൂതുമായി പറക്കാനൊരുങ്ങി  നിൽക്കുന്നു.

സാഹിത്യകാരന് ലോകത്ത് ശാന്തിയുടെ ചിറകടി നിർമ്മിച്ചെടുക്കാനാവുമെന്ന ഒരു
മനോഘടന അതിർത്തി വ്യത്യാസങ്ങളില്ലാതെ ജന സമൂഹം ഹൃദയത്തിൽ
സൂക്ഷിക്കുന്നതിനെ വശ്യമായി കഥയുടെ തുടക്കത്തിലേ അദ്ദേഹം തുറന്നു കാട്ടുന്നുണ്ട് .
കഥാ നായകൻ ഷാർജയിലെ പുസ്തകോത്സവത്തിലെ അതിഥിയായെത്തി ചടങ്ങിന്
ശേഷം മറ്റൊരു രാജ്യത്തേക്ക് പോവാനായി വിമാനത്താവള കൗണ്ടറിൽ
വിസയുടേയും പാസ്പോർട്ടിന്റെയുമെല്ലാം പരിശോധനകൾക്കായി
കാത്തുനിൽക്കുന്നു . കലാകാരന്മാർക്കും എഴുത്തുകാർക്കുമുള്ള
വിസയാണെന്നറിഞ്ഞപ്പോൾ കൗണ്ടറിലെ സുന്ദരിയായ യുവതി ഇന്ത്യക്കാരനായ
കഥാനായകനോട് വശ്യമായി ചിരിച്ചു , കഥാനായകനെ കുറിച്ച് കൂടുതലറിയാനായി
അവൾ തന്റെ മൊബൈൽ ഫോണിൽ ഗൂഗിൾ ചെയ്യുന്നു , അദ്ദേഹത്തെ കുറിച്ച്
കൂടുതലറിഞ്ഞപ്പോൾ ആദരവോടെ എഴുന്നേറ്റ് നിന്ന് അവൾ ഹിന്ദിയിൽ ‘നമസ്ക്കാർ’
എന്ന് പറഞ്ഞു. ‘’എന്റെ രാജ്യക്കാരനായ ഒരു എഴുത്തുകാരനെ കാണാൻ
കഴിഞ്ഞതിൽ സന്തോഷമുണ്ട്’’ എന്ന് ആ യുവതി !! അവൾ അറബ്
വംശജയാണെന്നായിരുന്നു കഥാനായകൻ ആദ്യം ധരിച്ചത് , ആകാംക്ഷയോടെ
നായകൻ ചോദിക്കുന്നു ''കുട്ടി ഏത് ദേശക്കാരിയാണ് ''? അതിനുത്തരമായി
അവൾ പറഞ്ഞു ''പാക്കിസ്ഥാൻ കാരിയാണ് സർ ,നമ്മൾ ഒറ്റരാജ്യക്കാരല്ലേ .
നമ്മളുടെ പ്രശ്നങ്ങളും ഒന്ന് തന്നെയല്ലേ ''? ‘’ഇരട്ട മുഖമുള്ള നഗരമെന്ന’’
കൃതിയിൽ ബെന്ന്യാമിൻ പരിചയപ്പെടുത്തുന്ന കറാച്ചിയിലെ ഏതോ ഒരു സുന്ദരി
പെൺകുട്ടിയുടെ മുഖമാണ് ആ വരി വായിക്കുമ്പോൾ മനസ്സിൽ തെളിയുന്നത്!!
പതിറ്റാണ്ടുകളായി ഇരുരാഷ്ട്രങ്ങളും പരസ്പരം നിർമ്മിച്ചെടുത്ത
ശത്രുതകൾക്കിടയിലും പരസ്പര സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുന്ന എത്രയോ
മനുഷ്യർ അതിർത്തി മുൾവേലിക്ക് അപ്പുറത്തും ഇപ്പുറത്തും! കഥാ നായിക
പറയുന്നപോലെ ഇരുകൂട്ടരുടേയും പ്രശ്നങ്ങളും നോവുകളും ഒന്ന് തന്നെയാണ് .

പട്ടിണി മാറ്റാൻ ജോലിക്കായി സൈന്യത്തിൽ ചേരുന്ന ഇരുരാജ്യങ്ങളിലേയും
യുവാക്കൾ , ചരിത്രം കീറിമുറിച്ച ഹൃദയത്തിൽ ഇരുണ്ട മുൾവേലി സ്ഥാപിച്ച്
പരസ്പരം വെടിയുതിർത്ത് രക്തം ചിന്തി മരിക്കുന്നു!! മാതാവിന്റെയും
ഭാര്യയുടേയും കുടുംബത്തിന്റെയും നിലവിളികളും കണ്ണുനീരും മാത്രം
ബാക്കിയാവുന്നു!! പാക്കിസ്ഥാനിയാണെന്ന് കേട്ട് ചിന്തയും ഭാവനയും കലർന്ന
ലോകത്തേക്ക് കഥാനായകൻ മനസ്സെറിഞ്ഞു മൗനിയായപ്പോൾ അവൾ വല്ലാതായി;
എന്നിട്ടവൾ ആധിയോടെ ചോദിക്കുന്നു ''നിങ്ങൾക്ക് ഞാൻ ശത്രു
രാജ്യക്കാരിയാണല്ലോ അല്ലേ ''? നോക്കൂ, പതിറ്റാണ്ടുകളിലായി ഇരു
ദേശങ്ങളിലേയും മീഡിയകളും രാഷ്ട്രീയക്കാരും നിർമ്മിച്ചെടുത്ത പിഴച്ച
ധാരണകളിൽ നിന്നുമാണ് ഇത്യാദി ചിന്തകൾ പ്രഭവിക്കുന്നത് ! ഇന്ത്യയും
പാക്കിസ്ഥാനും ക്രിക്കറ്റ് മത്സരമുണ്ടെങ്കിൽ ഇരു രാജ്യങ്ങളിലേയും മീഡിയകൾ
തലക്കെട്ട് കൊടുക്കുന്നത് ''ബദ്ധവൈരികൾ നേർക്കുനേർ '' എന്നാണ് !

എന്നാൽ ഇന്ത്യയേയും പാക്കിസ്ഥാനേയും 200 വർഷം കട്ടുമുടിച്ച് ഭരിച്ച
ഇംഗ്ലണ്ടുമായി മത്സരം നടക്കുമ്പോൾ ഇത്തരം തലക്കെട്ടുകൾ കാണുന്നുമില്ല!! കഥാ
നായികയുടെ ചോദ്യം അയാളെ ചിന്തയിൽനിന്നുമുണർത്തി , ''അയ്യോ അല്ല ''
നിങ്ങളെ ശത്രുരാജ്യക്കാരിയായി കാണുന്നില്ല ! എന്നിട്ടയാൾ
ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രകൃതി സത്യങ്ങളെ ഓരോന്നായി ലോകത്തോടെന്ന
പോലെ വിളിച്ചു പറഞ്ഞു , ഇന്ന് ഈ കഥക്ക് പുറത്ത് ഇരു രാജ്യങ്ങലിലെയും
രാഷ്ട്രീയക്കാരോടും പൊതുസമൂഹത്തോടും ഉറക്കെ വിളിച്ചുപറയേണ്ടതാണ് ആ
വാചകങ്ങൾ !! ‘’ പർവ്വതങ്ങൾക്ക് മുകളിലൂടെ പറന്നുപോകുന്ന പക്ഷികൾ
ചിറകുകൾ കൊണ്ട് അതിർത്തി മായ്ക്കുന്നു . കാറ്റിനും കടലിനും
പുഴകൾക്കുമില്ലല്ലോ അതിർത്തികൾ . നളന്ദ ഭാരതത്തിൽ , തക്ഷശില
പാക്കിസ്ഥാനിലും രണ്ടും പുരാതന ബുദ്ധ പാരമ്പര്യത്തിലെ രണ്ട് മഹാ
സ്തംഭങ്ങൾ . സിന്ധു നാഗരികത രണ്ട് രാജ്യക്കാരുടേയും മഹാ പൈതൃകം .
ഗുലാം അലിയുടെ പാട്ട് ഒരു നദിയായി അതിർത്തി കടന്നൊഴുകുന്നു . എന്നിട്ടും
ഭരണ കൂടങ്ങൾ രണ്ട് രാജ്യക്കാരേയും ശത്രുക്കളാക്കി . ആയുധങ്ങൾ കച്ചവടം
ചെയ്യാനുള്ള മാർഗത്തിന്റെ പേരാണ് ശത്രു . ആയുധപ്പുരകൾ വഹിച്ചുകൊണ്ട്
ട്രക്കുകൾ കടന്നുപോകുമ്പോൾ അതിർത്തികളുടെ അപ്പുറവും ഇപ്പുറവും
കുഞ്ഞുങ്ങൾ റൊട്ടിക്ക് വേണ്ടി കരയുന്നു . വിശപ്പിന് ദേശീയതയില്ല , രാഷ്ട്രവും
. വീണ്ടും ആ പാക്കിസ്ഥാനി പെൺകുട്ടി ചോദിക്കുന്നു''പറയൂ സർ ,ഞാൻ ശത്രു
രാജ്യക്കാരിയാണോ ''? അതിന് മറുപടിയായി അയാൾ പറയുന്നു '' അല്ല .
അതിർത്തികൾ നമുക്ക് മായിക്കണം'' അയാളോട് യോജിച്ച് കൊണ്ട് അവൾ

ചോദിക്കുന്നു ''ആര് മായിക്കും സർ ''? നിന്റെ മക്കൾ അല്ലങ്കിൽ
പേരക്കുട്ടികൾ,എന്റേയും. പറവകളുടെ കാലം കിനാവു കാണാം നമുക്ക് ''.

മനുഷ്യത്വത്തിന്‌ മുകളിലൂടെ ഭരണകൂടങ്ങൾ അതിർത്തികളെന്ന പേരിൽ എത്ര
കന്മതിലുകൾ പണിതാലും ഒരുനാളിൽ മാനവ പ്രണയത്തിന്റെ കണ്ണുനീരിൽ
അവ ഒലിച്ചുപോവുമെന്ന് മനുഷ്യൻ വിശ്വസിക്കുന്നു; സൽമാൻ ഖാൻ നായകനായ
'ബജ്‌രംഗി ഭായിജാൻ' എന്ന ഹോളിവുഡ് സിനിമ അതിർത്തികൾ ഇരു
രാജ്യത്തേയും ജനങ്ങൾ തല്ലിത്തകർക്കുന്നതിനെ കാവ്യാത്മകമായി ചിത്രീകരിച്ചത്
അനുസ്മരണീയമാണ് . മണ്ണിലിടമില്ലാത്ത പൗരന്മാരെയും
,അപരവൽക്കരിക്കപ്പെട്ടവരേയും ,അഭയാര്ഥികളെയും കുഞ്ഞു ഐലൻ
കുർദിമാരെയും പരോക്ഷമായി പ്രതിനിധീകരിക്കുന്നതാണ് ഈ കഥ, ആഗോള
മനുഷ്യ വംശത്തിന് കലുഷിത കാലത്ത് വലിയ സന്ദേശം നൽകുന്നുണ്ട് ഇത് .
ഇന്ത്യയും പാക്കിസ്ഥാനും ബിംബ വൽക്കരണത്തിലെ കേവലം അടയാളങ്ങൾ
മാത്രം !!

പി.സുരേന്ദ്രന്റെ എഴുത്തുകളിലും നിലപാടുകളിലുമെല്ലാം  ഗാന്ധിസവും
മാക്സിസവും നിഴലിച്ച്  കാണാനാവും . മനുഷ്യരെ വ്യത്യസ്ഥ ജാതികളുടേയും ,
മതങ്ങളുടേയും, രാഷ്ട്രങ്ങളുടേയും, രാഷ്ട്രീയങ്ങളുടേയും  കള്ളികളിലാക്കി
വെറുപ്പിന്റെയും, വിദ്വേഷങ്ങളുടേയും ആശയങ്ങളെ ദേശീയതയുടേയും , കപട
മതസ്നേഹത്തിന്റേയും ലഹരിയിൽ മുക്കി  തമ്മിലടിപ്പിച്ചകറ്റി സാമ്രാജ്യത്വ
കുചേലൻമാരുടെ പണം സ്വീകരിക്കാൻ സാധാരണക്കാരുടേയും
പട്ടിണിപ്പാവങ്ങളുടേയും നെഞ്ചിലൂടെ യുദ്ധ ടാങ്കുരുട്ടുന്നവരോടുള്ള കടുത്ത
പ്രതിഷേധം കൂടിയാണീ കഥ പ്രകടിപ്പിക്കുന്നത്.

(ലേഖകൻ ഭാരതിദാസൻ യൂനിവേഴ്സിറ്റി ക്യാമ്പസിൽ സോഷ്യോളജിയിൽ പി .എച്ച്
.ഡി ഗവേഷണ വിദ്യാർത്ഥിയാണ്)

Share :