പ്രൊഫസർ എം,ൻ വിജയൻ ഒരു ഓർമ്മ
''ഇന്ത്യ ഹിന്ദു വര്‍ഗീയ വാദികളുടെതാണോ മുസ്ലിം വര്‍ഗീയ വാദികളുടെതാണോ എന്നതാണ് ചോദ്യം. ഇതിനിടയില്‍ ഇവിടുത്തെ ജനങ്ങള്‍ ഇല്ലാതായി ത്തീര്‍ന്നിരിക്കുന്നു. ഉരുകിപ്പോയിരിക്കുന്നു. നമുക്ക് നമ്മുടെ നിയമങ്ങള്‍, നമ്മുടെ സ്ഥലങ്ങള്‍ എല്ലാം നഷ്ടപ്പെട്ട് പോവുകയും നാം ഇവിടെ അന്യരായിത്തീരുകയും ചെയ്തു കൊണ്ടിരിക്കുന്നു. ചോദ്യം ആരംഭിച്ചത് രാമന്റെയാണോ ബാബാരിന്റെയാണോ ഇന്ത്യ എന്നു പറഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ അതല്ല ഇന്ത്യയുടെ പ്രശ്‌നമെന്നും, ഇന്ത്യ രാമന്റെതല്ല ബാബാരിന്റെതല്ല എന്നും, ഇന്ത്യ ഇന്ത്യക്കാരന്റെ ആണെന്നും പറയാന്‍ നാം വളരെ സമയമെടുക്കുന്നു.'' പ്രെഫ:എം എന്‍ വിജയന്‍
പ്രശസ്ത സാഹിത്യനിരൂപകനും ഭാഷാദ്ധ്യാപകനും ഇടതുപക്ഷ ചിന്തകനുമായിരുന്ന എം.എന്‍. വിജയന്‍ മാഷ് വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് പന്ത്രണ്ട് വര്‍ഷം തികയുന്നു.
1930 ജൂണ്‍ 8നു കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരത്ത് പതിയാശ്ശേരില്‍ നാരായണമേനോന്റെയും മൂളിയില്‍ കൊച്ചമ്മു അമ്മയുടെയും മകനായാണ് വിിജയന്‍മാഷുടെ ജനനം. പതിനെട്ടരയാളം എല്‍.പി. സ്‌കൂളിലും കൊടുങ്ങല്ലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയില്ല. മദിരാശി സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ. 1952ല്‍ മദിരാശി ന്യൂ കോളെജില്‍ അദ്ധ്യാപകനായി. 1959ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ അദ്ധ്യാപകനായി. 1960ല്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ മലയാളവിഭാഗം അദ്ധ്യാപകനായി. 1985ല്‍ വിരമിക്കുന്നതുവരെ അവിടെ തുടര്‍ന്നു.
കേസരി.എ.ബാലകൃഷ്ണപിള്ളയുടെ നിരൂപണാദര്‍ശം സമര്‍ത്ഥവും സര്‍ഗ്ഗാത്മകവുമായി പിന്തുടര്‍ന്ന നിരൂപകനാണ് എം.എന്‍.വിജയന്‍. വൈലോപ്പിള്ളിക്കവിതയെ ആധാരമാക്കി എം.എന്‍.വിജയന്‍ എഴുതിയ നിരൂപണം കവിവ്യക്തിത്വം എപ്രകാരമാണ് കവിതയുടെ പ്രമേയതലത്തെ നിര്‍ണ്ണയിക്കുന്നത് എന്നു അന്വേഷിക്കുന്നു. മലയാളത്തിലെ മനഃശാസ്ത്രനിരൂപണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച പഠനമായിരുന്നു അത്. കാവ്യ വിശകലനത്തിനും ജീവിതവ്യാഖ്യാനത്തിനും മനഃശാസ്ത്രത്തെ ഉപയോഗപ്പെടുത്തിയ മലയാളത്തിലെ ഏക വിമര്‍ശകന്‍ എം.എന്‍. വിജയനാണ്. മാര്‍ക്‌സിന്റെ സമൂഹ ചിന്തയും ഫ്രോയ്ഡിന്റെ വ്യക്തിമനഃശാസ്ത്രവും അദ്ദേഹത്തെ സ്വാധീനിച്ചു.കാളിദാസന്‍, കുമാരനാശാന്‍,ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ ,വൈലോപ്പിള്ളി, ബഷീര്‍ എന്നിവരെയാണ് അദ്ദേഹം പ്രധാനമായും പഠനവിധേയമാക്കിയത്
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സഹയാത്രികനായിരുന്നു വിജയന്‍ മാഷ് പിന്നീടതിന്‍റെ സംസ്ഥാന അധ്യക്ഷനായി. സി. പി. എം ന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ദേശാഭിമാനി വാരികയുടെ പത്രാധിപര്‍കൂടിയായിരുന്നു ഒരു കാലഘട്ടത്തില്‍. സി.പി.എം. മലപ്പുറം സമ്മേളനത്തിനു മുന്‍പ് പാര്‍ട്ടിയില്‍ രൂപം കൊണ്ട വിമത വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ 'പാഠം' മാസികയുടെ പത്രാധിപ ചുമതല അദ്ദേഹം ഏറ്റെടുത്തു. അതോടെ ദേശാഭിമാനിയുടെ വാരികയുടെ പത്രാധിപ ചുമതല രാജിവച്ചു. ഇടതുപക്ഷചിന്തകനായിരുന്ന അദ്ദേഹം സാഹിത്യത്തെയും ജീവിതത്തെയും ക്ലാസ്സിക്കല്‍ മാര്‍ക്‌സിസത്തിന്റേയും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതുമല്ലാത്ത നവീനമായ കാഴ്ചപ്പാടുകള്‍ ഉപയോഗിച്ച് വിശദീകരിച്ചു.
പ്രഭാഷണത്തിലൂടെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കനല്‍ തിളക്കുന്നതില്‍ എന്നും വിജയിച്ചിരുന്ന മാഷ് തന്റെ അന്ത്യ നിമിഷങ്ങളിലും വാക്കുകളിലൂടെ വിമര്‍ശനങ്ങളുടെ മുനയൊടിക്കാന്‍ തുടങ്ങുകയായിരുന്നു എന്നത് യാദൃശ്ചികമാവാം.
2007 ഒക്ടോബർ 3 ന് തൃശൂര്‍ പ്രസ് ക്ലബില്‍ പാഠം പ്രതികരണ വേദിക്ക് വേണ്ടി വാര്‍ത്താസമ്മേളനം നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂരില്‍ നിന്നും എം.എന്‍.വിജയന്‍ മാഷ് പ്രസ്ക്ലബ് ഹാളിലെത്തിയപ്പോള്‍ മറ്റൊരു വാര്‍ത്താസമ്മേളനം നടക്കുന്നതിനാല്‍ പ്രസ് ക്ലബിന്‍റെ മുറിയിലേക്ക് പോയി. അല്പ സമയം കഴിഞ്ഞ് വാര്‍ത്താസമ്മേളനം തുടങ്ങിയ മാഷ് ഇടയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഹാളിലെ എ.സി ഓഫ് ചെയ്യുകയും കുടിക്കാന്‍ ചൂടു വെള്ളം കൊടുക്കുകയും ചെയ്തു. ഇതിന് ശേഷം സംസാരിച്ചു തുടങ്ങി .''പാഠം മുന്നോട്ട് വച്ച ഭാഷയെയാണ് എല്ലാവരും വിമര്‍ശിച്ചത്. ഭാഷാ ചര്‍ച്ചയിലാണ് നമ്മുടെ രാഷ്ട്രീയ ചര്‍ച്ച. കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണമെന്ന് പറഞ്ഞത് ബര്‍ണാഡ് ഷായാണ്”, ഇത്രയും പറഞ്ഞുകൊണ്ട് എം.എന്‍.വിജയന്‍ ഒന്നു ചിരിച്ചു. തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞു വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ ദേഹമുപേക്ഷിച്ച് പറന്നകന്നിരുന്നു.
ഒരേ സമയം ജനകീയതയ്ക്കും പുരോഗതിയ്ക്കും വേണ്ടി ചെലവിട്ട ജീവിതമായിരുന്നു എം.എന്‍.വിജയന്‍മാഷിന്‍റേത്.മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍,ചിതയിലെ വെളിച്ചം, മരുഭൂമികള്‍ പൂക്കുമ്പോള്‍, പുതിയ വര്‍ത്തമാനങ്ങള്‍,നൂതന ലോകങ്ങള്‍,വര്‍ണ്ണങ്ങളുടെ സംഗീതം,കവിതയും മനഃശാസ്ത്രവും,ശീര്‍ഷാസനം, കാഴ്ചപ്പാട്,അടയുന്ന വാതില്‍ തുറക്കുന്ന വാതില്‍,വാക്കും മനസും,ഫാസിസത്തിന്റെ മനഃശാസ്ത്രം,സംസ്‌കാരവും സ്വാതന്ത്ര്യവും,അടയാളങ്ങള്‍ ,ചുമരില്‍ ചിത്രമെഴുതുമ്പോള്‍ എന്നിവയാണ് പ്രധാനകൃതികള്‍.