Archives / september 2019

ആർച്ച ബി. ജയകുമാർ
പണി തീരാത്ത മോതിരം.

തട്ടാൻ കേശവനു തിരക്കോട് തിരക്കാണ്. പലരും പറഞ്ഞു കൊടുത്ത പണ്ടങ്ങൾ പണിതു നൽകണം. അതും പോരാഞ്ഞ് മുമ്പ് പണിയിച്ചതൊക്കെ കണ്ടു ഇഷ്ട്ടപ്പെട്ടു തട്ടാനു ആവശ്യക്കാരേറി വരുന്നു."

ക്ലാവു പിടിച്ച ചിന്തകളെ ചികഞ്ഞു നോക്കിയപ്പോൾ പൊന്തി വന്നൊരു ഓർമ്മയാണ് അമ്മയുടെ ഈ സംഭാഷണവും ഒരിക്കലും പണിതീരാത്ത പെങ്ങളുടെ മോതിരത്തിന്റെ കഥയും. 

വയസ്സറിയിച്ചപ്പോൾ കിട്ടിയ പണ്ടങ്ങളിൽ അവൾക്കേറ്റവും പ്രിയപ്പെട്ടത് ചുവന്ന കല്ലുകൾ നിരയായി പതിപ്പിച്ച ആ സ്വർണ്ണമോതിരത്തോടായിരുന്നു. തന്റെ വിരലുകളെ സുന്ദരമാക്കിയിരുന്നത് അവയായിരുന്നു എന്ന ധാരണയിൽ ആനന്ദം കണ്ടെത്തി അവൾ ആ പൊന്നിനെ പൊന്നുപോലെ കാത്തുസൂക്ഷിച്ചു. 

പതിയെ പണ്ടങ്ങളുടെ എണ്ണം കുറഞ്ഞു വന്നു. പലതും ബാങ്ക് ലോക്കറിൽ അവസാനശ്വാസം വലിച്ചു. വീട്ടിലെ കടവും പലിശക്കാരുടെ മുറവിളിയും പണ്ടങ്ങൾ പരിഹരിച്ചു. എന്തൊക്കെ ഊരി കൊടുത്തിട്ടും തന്റെ'മാണിക്യമോതിരം' നൽകാൻ മാത്രം അവൾ കൂട്ടാക്കിയില്ല. അമ്മയുടെ നിസ്സാഹായാവസ്ഥയ്ക്കു മുന്നിൽ ആ മോതിരത്തിന് വിലയേറെയായിരുന്നു. 

നാളുകൾ പലതും പിന്നിട്ടു. രാവിന്റെ നിലാവെളിച്ചത്തിൽ പോലും ആ വിരലുകളിൽ മോതിരകല്ലുകൾ തിളങ്ങി. ബന്ധസ്ഥനായി കിടന്നതിനാലാകാം ഒരു പ്രഭാതത്തിൽ വിണ്ടുകീറിയ പാടുകളുമായി ആ മോതിരം അവളെയൊന്നു ഭയപ്പെടുത്തി. ഭയപ്പെട്ടതു പോല തന്നെ മോതിരം രണ്ടായി പൊട്ടി. അതിനെ അമ്മയുടെ കൈകളിൽ ഏല്പിച്ചു കലങ്ങിയ കണ്ണുകളുമായി നിന്നപ്പോഴും അവൾ ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു. തട്ടാന്റെ കൈയിൽ കൊടുത്ത് ശരിയാക്കണം. 

തിരക്കുകളിൽ പെട്ട് പലതും മറന്നുവെങ്കിലും ആ മാണിക്യമോതിരത്തെ അവൾ മറന്നിരുന്നില്ല. എന്നും അമ്മയോട് അന്വേഷിക്കും. അപ്പോഴൊക്കെ അമ്മ കേശവൻ തട്ടാന്റെ തിരക്കിനെപ്പറ്റി പറയും. സമയം കടന്നു പോകവേ മോതിരത്തിനെ അവളും അമ്മയും മറന്നു. 

കേശവൻ തട്ടാൻ്റെ കടയിലെ മൂലയ്ക്കിരിക്കുന്ന മരത്തടിപ്പെട്ടിയിൽ പഴകിയ പത്രചുരുട്ടിലകപ്പെട്ട ആ പണിതീരാത്ത മോതിരത്തെ അവൾ മനപൂർവം മറന്നതായിരുന്നു. ഒരാളുടെ കടം വീട്ടിയതിൽ പങ്കു ചേർന്നു ബാങ്കിന്റെ ലോക്കറിൽ ആ മോതിരം ശ്വാസം മുട്ടുന്നുവെന്ന സത്യം അമ്മ മറന്നെന്ന് മനസ്സിലാക്കിയപ്പോൾ തന്നെ അവളും ആ മാണിക്യമോതിരത്തിനെ ഉപേക്ഷിച്ചു.

Share :