പാഠഭേദങ്ങൾ(ഗീത മുന്നൂർകൊടിന്റെ അനുഭവ കഥകൾ --13)
കാർഗിൽ പോരാട്ടം, ഓർമകളിൽ കറകളിട്ടത് മാഞ്ഞിട്ടില്ലിന്നും. ഓപറേഷൻ ബ്ലൂ സ്റ്റാറിൽ ആ സംഘർഷം പൂർണ്ണമായും നിലച്ചെന്നു കരുതിയവർക്കു തെറ്റി. ഇന്ദിരാ ഗാന്ധിയോടുള്ള പകപോക്കൽ എത്ര ലാഘവത്തോടെയാണ് വിശ്വസ്തരെന്നു കരുതിപ്പോന്ന സുരക്ഷാഭടന്മാർ നടപ്പിലാക്കിയത്! അവരുടെ ധാർഷ്ട്യത്തിന്റെ ബഹിർസ്ഫുരണം ഒരു വെടിവയ്പ്പിലും കൊലയിലും ചെന്നെത്തി. ഈ സംഭവം അന്ന് രാജ്യത്തെ ഒന്നടങ്കം നടുക്കിയതാണ്. സൈനിക ആസ്ഥാനങ്ങളിൽ പോലും ഭയം വേരോടാൻ തുടങ്ങിയ നാളുകൾ...
ഞങ്ങൾ താമസിച്ചിരുന്ന വായുസേനാസ്റ്റേഷനിലും ആളുകൾ സിക്കുകാരെ ഭയത്തോടെ വീക്ഷിക്കാനും കഴിവതും അവരിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാനും തുടങ്ങി. തലേൽകെട്ടുകാരെ സൂക്ഷിക്കണമെന്ന് രക്ഷിതാക്കൾ കുട്ടികളെ ഉപദേശിച്ചു. പുറത്തിറങ്ങി നടക്കുമ്പോൾ നാലുപാടും കണ്ണോടിച്ച് ആളുകൾ പരസ്പരം ആശങ്കയോടെ ശ്രദ്ധിക്കുന്നതും പതിവായി.
അതേ അക്കാഡമിക് വർഷം 1984 മാർച്ചിൽ കൊല്ലപ്പരീക്ഷ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചപ്പോൾ ഒമ്പതാം ക്ലാസ്സിലെ ഞാൻ പഠിപ്പിച്ച സെക്ഷനിലെ നാലു കുട്ടികൾക്ക് കണക്കിൽ സപ്ലിമെന്ററി പരീക്ഷ വിധിച്ചു. അവരിൽ ഒരാൾ തെജിന്ദർ സിംഗ്. ചെറുപ്പം മുതലേ കാണിച്ച അശ്രദ്ധ കൊണ്ടായിരിക്കണം അടിസ്ഥാനഗണിതം പോലും ആ കുട്ടിക്ക് വശമില്ലായിരുന്നു. മാതാപിതാക്കളും കുട്ടിയുടെ പഠനകാര്യങ്ങളിൽ ഒട്ടും ശ്രദ്ധിക്കുക പതിവില്ലായിരുന്നു.
അവനെ കണക്കു പഠിക്കുന്നതിലേക്കാകർഷിക്കാന് ഞാൻ പയറ്റാത്ത അടവുകളില്ലെന്നായി. ഏതു വിധേനയും ഒന്നു ശ്രദ്ധ പതിച്ചു കിട്ടിയാൽ പിന്നെ കണക്കിൽ താല്പര്യമുണ്ടാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ആ സ്റ്റാർട്ടിംഗ് ട്രബിൾ തന്നെ ഏറ്റവും വലിയ പ്രശ്നം .. അവൻ പരീക്ഷയിൽ തോറ്റപ്പോഴാണ് സ്ഥിതി കീഴ്മേൽ മറിയുന്നത്. അച്ഛൻ ക്രുദ്ധനായി. തന്റെ കുട്ടി ഇതു വരെ ഒരു ക്ലാസ്സിലും തോറ്റിട്ടില്ലെന്നും ഇപ്പോൾ മന:പൂർവ്വം ഞാനവനെ തോല് പ്പിച്ചതാണെന്നും അദ്ദേഹം എനിക്ക് നേരെ ചൂണ്ടി.
ഉടൻ തന്നെ ഞാൻ അപേക്ഷ എഴുതി വാങ്ങിച്ച് കുട്ടിയുടെ ഉത്തരക്കടലാസ്സ് അയാൾക്ക് കാണിച്ചു കൊടുത്തു. ഒഴിഞ്ഞ പേപ്പറിൽ നോക്കി അയാൾ ഒന്നും ശബ്ദിക്കാനില്ലാതെ ഞെരുങ്ങി. വർഷാരംഭം മുതലേ കുട്ടിയുടെ അശ്രദ്ധയെക്കുറിച്ചും പഠനനിലവാരത്തെക്കുറിച്ചും പറയുവാനായി പലതവണ വിളിപ്പിച്ചതും അദ്ദേഹം ഒരിക്കൽ പോലും വരാനുള്ള മനസ്സു കാണിക്കാഞ്ഞതും ഞാൻ നിശിതമായി വിമർശിച്ചു.
’ഒരിക്കൽ കൂടി അവസരമുണ്ട് പാസ്സാകാൻ. സപ്ലിമെന്ററി പരീക്ഷ എഴുതി 33% മാർക്കു വാങ്ങിക്കുക. എങ്കിൽ പത്താം ക്ലാസ്സിലെത്താം. അല്ലെങ്കിൽ ഒമ്പതാം ക്ലാസ്സ് റിപീറ്റ് ചെയ്യേണ്ടി വരും.’ പ്രിന് സിപ്പൽ അദ്ദേഹത്തിന് താക്കീതു കൊടുത്തു.
ഞാനോർമിപ്പിച്ചു: “സപ്ലിമെന്ററി പരീക്ഷക്ക് ഇനിയും ഒന്നര മാസത്തിലധികം സമയമുണ്ട്.ഒരു വിഷയം മാത്രം ഇത്രയും നാളുകൾ കൊണ്ട് പഠിച്ചെടുക്കാവുന്നതേ ഉള്ളൂ. ഞാൻ അവധിക്ക് ഈ വർഷം നാട്ടിൽ പോകുന്നില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കുട്ടി എന്റെയടുക്കൽ വന്ന് സംയങ്ങൾ തീർത്തോളൂ. ഞാൻ എന്നാലാവും വിധം സഹായിക്കാം.”
എന്നാൽ റിപ്പോർട്ട് കാർഡും വാങ്ങിച്ചു പോയതിനു ശേഷം അവൻ സ്ക്കൂളിലോ എന്റെയടുത്തോ വന്നതേയില്ല. അന്വേഷിച്ചപ്പോൾ ആ കുടുംബം അവധിക്ക് നാട്ടിൽ പോയെന്നറിഞ്ഞു.
വേനലവധിക്കു ശേഷം ഒരാഴ്ച കഴിഞ്ഞായിരുന്നു സപ്ലിമെന്ററി പരീക്ഷകൾ. തെജീന്ദറും കണക്ക് പരീക്ഷയെഴുതി.
പിറ്റേന്ന് പ്രിൻസിപ്പൽ അർജന്റായി കാണണമെന്ന് എന്നെ വിളിപ്പിച്ചു.
“മാഡം, തെജീന്ദറിന്റെ അച്ഛൻ വന്നിരുന്നു. അവനെ എങ്ങനെയെങ്കിലും പാസ്സാക്കി വിടണം. അല്ലെങ്കിൽ....”
“അല്ലെങ്കിൽ...?”
“അയാൾ വെറുതെ വിടില്ലെന്നൊക്കെ ഭീഷണിപ്പെടുത്തിയാണ് പോയത്.”
“Did you check his paper?”
“Yes Sir, He gets only 17%. There is no way he may near even to 20%. I am helpless. Please get it re-evaluated by other Mathematics teachers too.”
“Okay. I too will see it and put down my sign.”
അങ്ങനെ സപ്ലിമെന്ററി ഉത്തരക്കടലാസ്സുകൾ ആ വർഷം മൂന്നദ്ധ്യാപകർ വിലയിരുത്തി. തെജിന്ദറിന് പതിനേഴു മാർക്ക് തന്നെ കൂടുതലാണ് ഇട്ടിരിക്കുന്നതെന്ന് മറ്റുള്ളവർ സാക്ഷ്യപ്പെടുത്തി. മറ്റു ഇടപെടലുകൾ ഉണ്ടാകരുതെന്ന ചിന്തയിൽ പ്രിൻസിപ്പൽ പേപ്പറിൽ കൗണ്ടർസൈൻ ചെയ്തു.
ഫലപ്രഖ്യാപനത്തിനു തലേന്ന് വൈകുന്നേരം ഏഴരമണിയായിക്കാണും, വീട്ടിൽ കാളിംഗ് ബെൽ മുഴങ്ങി. രവിയേട്ടനാണ് വാതിൽ തുറന്നത്. തെജിന്ദറും അവന്റെയച്ഛനും! നേരത്തെ സൂചന കൊടുത്തിരുന്നതിനാൽ രവിയേട്ടൻ അല്പം സങ്കോചത്തോടെയാണ് അവരെ അകത്തേക്കു വിളിച്ചിരുത്തിയത്.
എന്നെ കണ്ടതും ഇരുവരും എഴുന്നേറ്റ് “ഗുഡ് ഈവനിംഗ് മാം” എന്നു മന്ത്രിച്ചു. സന്ദർശകരെ കണ്ടപ്പോൾ ആദ്യമൊന്ന് പതറിയെങ്കിലും ഞാനും “ഗുഡ് ഈവനിംഗ്, പ്ലീസ് ബി സീറ്റട്ട്” പ്രതിവചിച്ചു.
“റിസൾട്ട് എന്തായി?” –സർദാർജി
“നാളെ കാലത്ത് പത്തു മണിക്ക് സ്ക്കൂളിൽ വരൂ. അപ്പോളറിയാം.”
“എനിക്കിപ്പോളറിയണം. നിങ്ങളല്ലേ പേപ്പർ നോക്കിയത് ? പിന്നെ പറഞ്ഞാലെന്താ?”
“ ഞാൻ മാത്രമല്ല, വേറെ രണ്ടദ്ധ്യാപകരും പ്രിൻസിപ്പലും നോക്കിയിട്ടുണ്ട്. പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. വേറേയും മൂന്നു കുട്ടികളുണ്ടല്ലോ. അവരാരും ഇങ്ങനെ വന്നില്ലല്ലോ. എനിക്കെന്തായാലും ഇപ്പോൾ പറയാൻ അധികാരമില്ല. അതിനാൽ നിങ്ങളിപ്പോൾ പോകൂ. നാളെ സ്ക്കൂളിൽ വരൂ. നോട്ടീസ് ബോർഡിൽ റിസൾട്ട് ഉണ്ടാകും.”
സർദാർജിയുടെ മുഖം തുടുത്തു. കോപാധിക്യത്താൽ അയാൾ വിറയ്ക്കാൻ തുടങ്ങി.
”എന്റെ കുട്ടിയെ തോൽപ്പിച്ചാൽ നിങ്ങളെ ഞാൻ വെറുതെ വിടില്ല. നിങ്ങൾക്കിനിയും ജീവിക്കാൻ കൊതിയില്ലേ?”
ഞാൻ ശാന്തത പാലിച്ച് വളരെ സംയമനത്തോടെ അദ്ദേഹത്തെ നേരിട്ടു; “നോക്കൂ, എന്റെ ജീവന്റെ കാര്യം എന്തോ ആയ്ക്കോട്ടെ. ജനിച്ചാലൊരിക്കൽ മരിക്കണമല്ലോ. അത് ഒരു ശിഷ്യനു വേണ്ടിയാണെങ്കിൽ സന്തോഷമേയുള്ളൂ. എനിക്കത് ശ്രേയസ്കരമാവുകയേ ഉള്ളൂ. എന്നാൽ നിങ്ങൾ സ്വന്തം മകന്റെ കാര്യമോർക്കൂ. ചെറിയ ക്ലാസ്സുകളിലെ കണക്കു പോലും അവനറിയില്ല. ആ സ്ഥിതിക്ക് പത്താം ക്ലാസ്സിലെത്തിയാൽ അവന്റെ നിലവാരം എന്തായിരിക്കും? ആദ്യത്തെ ചാൻസിൽ അവന് ബോർഡ് പരീക്ഷ പാസ്സാവാനാകില്ല. ഒമ്പതാം ക്ലാസ്സിൽ ഒരു വർഷം കൂടി പഠിച്ച് പത്താം ക്ലാസ്സ് ബോർഡ് പരീക്ഷയെഴുതുന്നതാണ് നല്ലത്. നല്ല പോലെ ശ്രദ്ധ വച്ചാൽ ഭേദപ്പെട്ട രീതിയിൽ സി ബി എസ് സി പരീക്ഷ പാസ്സാകാം.അവന്റെ ഭാവിയ്ക്കും അതായിരിക്കും നല്ലത്.”
അയാൾ നിലത്താഞ്ഞു ചവിട്ടി. മുഷ്ടി ചുരുട്ടി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് പുറത്തേയ്ക്കിറങ്ങി.
ഈ സംഭവം വിശദമാക്കിക്കൊണ്ട് പിറ്റേന്നു തന്നെ ഞാൻ പ്രിൻസിപ്പലിന് റിപ്പോർട്ട് കൊടുത്തു. അദ്ദേഹം അത് വായുസേന സ്റ്റേഷൻ കമാണ്ടർക്ക് ഫോർവേർഡ് ചെയ്തു.
റിസൾട്ട് കൃത്യം പത്തു മണിക്ക് പ്രഖ്യാപിച്ചു. രണ്ടു കുട്ടികൾ പാസ്സായി. തോറ്റവരിലൊരാൾ തെജിന്ദർ...
ആരുടേയും ശ്രദ്ധയിൽ പെടാതെ അന്നൊരു ദിവസം ഞാൻ ഒഴിഞ്ഞു മാറി നടന്നു.
********
അന്നു രാത്രി വിചിത്രമായ മറ്റൊരു സംഭവമുണ്ടായി. ഞങ്ങൾ ഒരു ബ്ലോക്കിലെ ടീച്ചർമാരുടെ അലക്കിയ തുണികളൊക്കെ വിരിക്കുന്നത് ക്വാർട്ടേഴ്സിന് പുറകിൽ നിരത്തിക്കെട്ടിയിരുന്ന അയകളിലായിരുന്നു. എല്ലാ വൈകുന്നേരങ്ങളിലും ബായി വന്ന് തുണികളലക്കി പുറത്ത് വിരിച്ചിട്ടു പോകും. പിറ്റേന്ന് ഞങ്ങൾ ഉണങ്ങിയവ പെറുക്കിയടുക്കി മാറ്റും. അതായിരുന്നു പതിവ്. എന്നാൽ പിറ്റേന്ന് രാവിലെ തുണിയെടുക്കാൻ ചെന്നപ്പോൾ അവിടെ അയയുമില്ല, തുണികളുമില്ല. എന്റെ ഒമ്പതു മാസം പ്രായമുള്ള മൂത്ത കുട്ടിയുടെ തുണികളും, കൈലി, നൈറ്റി തുടങ്ങി കുറെയുണ്ടായിരുന്നു. ഒപ്പം അടുത്ത വീട്ടിലെ റാണെ മാഡത്തിന്റെ മക്കൾ സുനിത, സച്ചിൻ ഇവരുടെ ഷർട്ട് ,ഷോർട്ട്സ്, മിഡി, നൈറ്റികൾ, സൽവാർ - കമ്മീസ് തുടങ്ങി പലതും കാണുന്നില്ല. മാഡത്തിന്റെ ഒരു സാരിയും ഉണങ്ങാനിട്ടിരുന്നു... അതും കാണാനില്ല... ഞങ്ങൾക്കാകെ വെപ്രാളമായി. കാറ്റോ മഴയോ ഒന്നുമില്ലാതിരുന്ന സമയത്ത് ഇതൊക്കെ എവിടെപ്പോയി? മോഷണം ഡിഫെൻസ് സ്റ്റേഷനുകളിൽ കേട്ടു കേൾവി പോലുമില്ലാത്തതാണ്. അടുത്തു വട്ടത്തുള്ളവരെല്ലാം വാർത്ത അറിഞ്ഞു ഓടിക്കൂടി. അതിനിടെ രണ്ടു ബ്ലോക്കുകൾക്കപ്പുറത്തെ ഒരു പൂന്തോട്ടത്തിൽ തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന കുറെ തുണ്ടു തുണികൾ ആരോ കണ്ടെടുത്തു. അവയെല്ലാം ഞങ്ങളുടേതായിരുന്നു... എല്ലാം കത്രിച്ച് തുണ്ടം തുണ്ടമാക്കി പറ്റെ ഉപയോഗശൂന്യമായി... “ ആര്... എന്തിന്... എന്തിനിതു ചെയ്തു...” എല്ലാവരും പരസ്പരം നോക്കി ചോദിച്ചു... ആരെ സംശയിക്കും...! എനിക്കുണ്ടായ സംശയം അപ്പോൾ ആരോടും പറഞ്ഞില്ല.
ഞങ്ങൾ ഒരു ബ്ലോക്കിലെ താമസക്കാർ പരാതിയെഴുതി ഗാർഡ് റൂമിലും സെക്യൂരിറ്റി ഓഫീസർക്കും കൊടുത്തു. രാത്രി കാലത്ത് റോന്തടിക്കാമെന്ന് അവർ വാക്കു തന്നു.
അതിനു ശേഷം ആരും തുണികൾ വെളിയിൽ വിരിക്കാതെയായി. സ്വയം സൂക്ഷിക്കുകയേ നിർവ്വാഹമുള്ളൂ.
രണ്ടു നാളുകൾ കഴിഞ്ഞ് രാവിലെ രവിയേട്ടൻ ഓഫീസിലേക്ക് പോകാനൊരുങ്ങി പുറത്തിറങ്ങി സ്ക്കൂട്ടറെടുക്കാനെത്തിയപ്പോൾ...
അതിന്റെ വലതു വശത്തെ ഫ്ലാപ്പില്ലാത്ത സ്ക്കൂട്ടർ . ഫ്ലാപ്പ് ആരോ ഇളക്കി മാറ്റിയിരിക്കുന്നു! ഏഴു മണിക്ക് മുമ്പ് എയർഫോഴ്സ് ഗേറ്റിനുള്ളിൽ കയറേണ്ടതുള്ളതിനാൽ അദ്ദേഹം കൂട്ടുകാരന്റെ ബൈക്കിനു പിറകിൽ കേറിയാണ് അന്ന് പോയത്.
എന്റെ സ്ക്കൂൾ സമയം ഉച്ചക്ക് രണ്ട് പത്തിനും രവിയേട്ടന്റെ ഓഫീസ് സമയം രണ്ടു മണിക്കും തീർന്ന് രണ്ടു പേരും രണ്ടരയോടെയാണ് വീട്ടിൽ തിരിച്ചെത്തിയിരുന്നത്.
സ്ക്കൂട്ടറിന്റെ ഫ്ലാപ്പ് കാണാതായതും തുണികൾക്ക് സംഭവിച്ചുതുമെല്ലാം ഞങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്തു. അവിടത്തെ സെക്യൂരിറ്റിക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും അറിഞ്ഞു.
വൈകുന്നേരം ആറു മണിയായിക്കാണും. പത്താം ക്ലാസ്സിലെ ഒരു കുട്ടി എന്നെയന്വേഷിച്ച് ഓടിക്കിതച്ചു വന്നു.”മാഡം, അങ്കിളിന്റെ സ്ക്കൂട്ടറിന്റെ ഫ്ലാപ്പ് സ്റ്റേഷൻ കോമ്പൗണ്ടിന്റെ മൂലക്കുള്ള കുഴിയിൽ കിടപ്പുണ്ട്... ഞങ്ങൾ കളിക്കുമ്പോൾ ബോൾ എടുക്കാനായി പോയപ്പോൾ കണ്ടു.”
പിന്നെ താമസിച്ചില്ല. ഗാർഡിനെ കൂട്ടി നാലഞ്ചു പേർ അവിടെയെത്തി സാധനം പുറത്തെടുത്തു. ഹാമറു കൊണ്ട് ഇടിച്ചു വളച്ച് ചുളുങ്ങിക്കോടി വീണ്ടുമുപയോഗിക്കാൻ പറ്റാത്ത വിധം അത് നാശമാക്കിയിരുന്നു...
എന്റെ സംശയം ഇരട്ടിച്ചു. ഇതൊക്കെ ചെയ്യുന്നത് ഒരുപക്ഷേ തെജിന്ദറോ അവന്റെയച്ഛനോ... മറ്റോ ? അല്ലാതെ ആർക്കും ഞങ്ങളോട് വിരോധമോ പകയോ ഇല്ലല്ലോ... ഒരു പക്ഷേ...
തെജിന്ദർ വീണ്ടും ഒരാഴ്ച സ്ക്കൂളിൽ വന്നില്ല. ഗത്യന്തരമില്ലാതെ വന്നപ്പോൾ ഞാൻ തെജിന്ദറിന്റെ അച്ഛൻ മുഴക്കിയ ഭീഷണിയും, പരീക്ഷാഫലം അറിയിച്ചതിനു ശേഷമുണ്ടായ സംഭവ പരമ്പരകളും കാണിച്ച് വീണ്ടും സ്റ്റേഷൻ കമാണ്ടറെ സമീപിച്ച് എന്റെ നിസ്സഹായതയറിയിച്ചു. സർദാർജി ചോദ്യം ചെയ്യപ്പെട്ടു. തെജിന്ദറിനെ സെക്യൂരിറ്റി ഓഫീസിൽ വിളിപ്പിച്ച് വിരട്ടിയപ്പോൾ അവനാണ് ഇതെല്ലാം ചെയ്തതെന്ന് സമ്മതിച്ചു.
ഒരാഴ്ചക്കുള്ളിൽ സർദാർജിക്ക് സ്ഥലം മാറ്റം! അതിർത്തിയിലെ വിജനമായ സ്റ്റേഷനിലേക്ക്! ഭാര്യയേയും മക്കളേയും കൊണ്ടു പോകാൻ അനുമതിയില്ല. അയാൾക്ക് അവരെക്കൂടാതെ ഉടനെ പോകേണ്ടി വന്നു.
വീണ്ടും ഒരാഴ്ച കഴിഞ്ഞാണ് തെജിന്ദർ സ്കൂളിൽ വന്നത്. പത്തു ദിവസങ്ങൾ അപേക്ഷയില്ലാതെ സ്കൂളിൽ വരാതിരുന്നാൽ കുട്ടിയുടെ പേര് വെട്ടിക്കളയുന്ന പതിവുണ്ട്. ഇവിടെയും അതു തന്നെ സംഭവിച്ചു. പ്രിൻസിപ്പൽ അവനോട് ടി സി എടുത്ത് പൊയ്ക്കൊള്ളാൻ നിർദ്ദേശിച്ചു. വളരെ സങ്കടപ്പെട്ട് അവൻ എന്റെയടുത്തെത്തി. ചെയ്തു പോയ തെറ്റുകൾക്ക് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിച്ചു. എനിക്കും വല്ലാതെ സങ്കടം വന്നു.
"ഇനി ഞാനെന്തു ചെയ്യും, മാം? അച്ഛൻ വേറെ എങ്ങും പഠിക്കേണ്ടെന്ന് പറഞ്ഞു. ഇവിടെ നിന്ന് പിരിച്ചുവിട്ടാൽ എനിക്ക് പഠിപ്പു നിർത്തേണ്ടി വരും."
അവനെ ചേർത്തുനിർത്തി ഞാൻ പറഞ്ഞു.
"നാളെ അമ്മയെ കൂട്ടി വാ. ഞാൻ പ്രിൻസിപ്പലിനോട് സംസാരിക്കാം." ഇനിമേൽ പഠന കാര്യങ്ങളിൽ ശ്രദ്ധിക്കാമെന്നും എല്ലാ പോക്കിരിത്തരങ്ങളും അവസാനിപ്പിക്കാമെന്നും ഉള്ള ഉറപ്പിൻമേൽ ഞാൻ അവനു വേണ്ടി പ്രിൻസിപ്പലിനോടു സംസാരിച്ചു. “ഇത്രയൊക്കെ അനുഭവിച്ചിട്ടും നിങ്ങൾ പഠിക്കില്ല... ഇവനെപ്പോലുള്ള വയ്യാവേലി ഒഴിവാക്കാൻ പറ്റിയ ചാൻസാണിത്. ആരിൽ നിന്നും ഒരു പരാതിയുമുണ്ടാവില്ല." "സർ, പ്ലീസ്. കട്ടിയല്ലേ. അവനിനി നന്നാവും. ഒരു ചാൻസ് കൂടി കൊടുക്കൂ." ഒരു വിധം സ്വന്തം ചുമതലയിൽ ഏറ്റെടുത്ത് തെജിന്ദറിന് റീ അഡ്മിഷൻ ശരിയാക്കി, ഒമ്പതാം ക്ലാസ്സിൽ വീണ്ടും ചേർത്തു. പുതിയ കുട്ടികൾക്കൊപ്പം ഒരു മിണ്ടാപ്രാണിയായി അവൻ... ക്ലാസ്സിലെ കുട്ടികൾ അവനെ ഒറ്റപ്പെടുത്തുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ദിവസവും അവന്റെയടുത്തു ചെന്ന് പുറത്തൊക്കെയൊന്നു തട്ടി കുശലമന്വേഷിച്ച് അവനെ മാറ്റിയെടുക്കാൻ ഞാൻ ശ്രമം തുടങ്ങി. പതിയെ കുട്ടിയിൽ ഗൗരവഭാവവും ക്ലാസ്സിൽ ശ്രദ്ധ ചെലുത്താനുള്ള ആകാംക്ഷയും തിരിച്ചറിഞ്ഞ് ഞാൻ വീണ്ടും അവനോട് പ്രോത്സാഹനവാക്കുകൾ പറഞ്ഞു കൊണ്ടേയിരുന്നു. ക്രമേണ കണക്കുകൾ ചെയ്യാൻ താൽപര്യം കാട്ടിത്തുടങ്ങിയപ്പോൾ ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിച്ചും അവനെ നോക്കി തമാശകൾ പറഞ്ഞു ചിരിച്ചും ഞാനും അവനൊപ്പം ഉണ്ടെന്ന ബോധ്യം അവനിൽ ഉണ്ടാക്കിയെടുത്തു. മറ്റു കുട്ടികളോടുള്ളതിനേക്കാൾ താൽപര്യം മാഡം തന്നോട് കാണിക്കുന്നത് അവനെ ഏറെ സന്തോഷിപ്പിച്ചു. തെജീന്ദറിന്റെ പുതിയ ജന്മം അവിടെ തുടങ്ങി. ശ്രദ്ധയോടെ ക്ലാസ്സിൽ കേട്ടതെല്ലാം പലയാവർത്തി ചെയ്ത് ഹോം വർക്ക് സ്വയം ചെയ്ത് അവൻ ഭേദപ്പെട്ടു വരുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. ഇടക്കിടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കി പഠിച്ചു. തട്ടിമുട്ടി ഒരു വിധം ഒമ്പതാം ക്ലാസ്സിലെ രണ്ടാം വർഷം തെജിന്ദർ ആദ്യ അവസരത്തിൽ തന്നെ വാർഷികപ്പരീക്ഷ പാസ്സായി.
പത്തിൽ ക്ലാസ്സുകൾ തുടങ്ങും മുമ്പു തന്നെ തെജിന്ദർ ഇംഗ്ലീഷിലും കണക്കിലും ചെറിയ ക്ലാസ്സുകളിലെ അടിസ്ഥാനമായ, മുമ്പ് പഠിക്കാൻ വിട്ടുകളഞ്ഞതെല്ലാം പഠിച്ചെടുക്കാനായി ട്യൂഷനു പോയിത്തുടങ്ങി. ഇടയ്ക്കൊക്കെ എന്നെ വന്നു കണ്ട് ഏതെല്ലാം ടോപ്പിക്കുകൾ, അവയിൽ അടിസ്ഥാനപരമായി പരിശീലിക്കേണ്ടതെന്തെല്ലാമെന്നൊക്കെ കുറിച്ചെടുത്ത് കഠിനശ്രമം ആരംഭിച്ചു. കൂടെക്കൂടെ " നീ മിടുക്കനാ മോനേ " എന്ന് ഞാൻ തട്ടിക്കൊടുക്കുമ്പോൾ ആ കണ്ണുകൾ തിളങ്ങി വരുമായിരുന്നു.. സ്കൂൾ വീണ്ടും തുറന്നതിനു ശേഷം ഒരു ദിവസം പോലും തെജിന്ദർ ക്ലാസ്സുകൾ മുടക്കിയില്ല. വളരെ കഷ്ടപ്പെട്ടു പഠിക്കാനും തുടങ്ങി. സി ബി എസ് സി പരീക്ഷയിൽ അവന് കണക്കിൽ 56 % മാർക്ക് കിട്ടി. മാർക്ക് ഷീറ്റ് കൊണ്ടുവന്ന് എന്നെ കാണിച്ചപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാനവനെ കൈ കൊടുത്ത് അഭിനന്ദിച്ചു. നന്നായി വരട്ടെ എന്ന് അനുഗ്രഹിച്ചു. കാലു തൊട്ടു വന്ദിച്ച് തെജിന്ദർ യാത്ര പറഞ്ഞതിങ്ങനെ
"Mam, l am so sorry for what happened two years back. Please forgive me." "No need to feel sorry dear. Be happy for what made you so wise."
തെജീന്ദർ എന്ന പരിവർത്തനപ്പെട്ട ആ നിഷ്കളങ്കമുഖം ഹൃദയത്തിൽ മുദ്രിതമാണ്. ആ മുഖം ഓർമയിലെത്തുമ്പോഴൊക്കെ സംതൃപ്തിയുടെ നേർത്ത പുഞ്ചിരി അറിയാതെ മനസ്സിലും ചുണ്ടിലും വിരിയുന്നുണ്ടിന്നും.