ഓരോ യാത്രയും പുതിയ അറിവുകളും അനുഭവങ്ങളും ഓർമ്മകളും സമ്മാനിച്ച് മനസ്സിനെ ദീപ്തമാക്കി പുതിയ ഉണർവിലേക്ക് നയിക്കലാണ്. വ്യത്യസ്തമായ കാഴ്ചകളും ആളുകളും ദേശങ്ങളും പ്രകൃതിവൈജ്യാത്യങ്ങളുമെല്ലാം നിരീക്ഷിച്ചും അനുഭവിച്ചും അറിയാൻ മനസ്സിനെ കൂടു തുറന്നു വിടുന്ന വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറത്തെ അനുഭവമാണ്.
കൊട്ടാരങ്ങളുടെ നാടായ മൈസൂർ ആയിരുന്നു ഇത്തവണ ഞങ്ങളുടെ ലക്ഷ്യം. ഫ്ലൈ സുഹൃത്തുക്കളായ എട്ടംഗ സംഘം മൈസൂർ യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി ഹോട്ടലിൽ റൂമും ബുക്ക് ചെയ്തു. എല്ലാ ചുമതലകളും ടീം ലീഡറായ എനിയ്ക്കായിരുന്നു.
മൈസൂരിൽ നേരത്തെ പോയതാണെങ്കിലും എത്ര ആസ്വദിച്ചാലും മതിവരാത്ത മധുചഷകം പോലെയാണ് മൈസൂർ. നിർഭാഗ്യമെന്ന് പറയട്ടെ ടിപ്പുസുൽത്താന്റെ ജയന്തിയോടനുബന്ധിച്ച് കർണ്ണാടകയിൽ അപ്പോഴാണ് കലാപം പൊട്ടി പുറപ്പെട്ടത് മൈസൂർ ഉൾപ്പെടെ വിവിധ ജില്ലകളിൽ ബന്ദ് പ്രഖ്യാപിച്ചതായും നിരവധിയാളുകൾ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും അറിഞ്ഞു. ഈ സാഹചര്യത്തിൽ മൈസൂർ യാത്ര മാറ്റി വെയ്ക്കുകയല്ലാതെ ഞങ്ങള്‍ക്കു മുന്നിൽ മറ്റു മാർഗ്ഗമൊന്നുമില്ലായിരുന്നു.
ഇനിയെങ്ങോട്ട് എന്ന ചോദ്യം വന്നപ്പോഴാണ് മലമ്പുഴ, നെല്ലിയാമ്പതി എന്ന് ഞാൻ നിർദ്ദേശിച്ചത്. ടീം അംഗങ്ങൾക്ക് എല്ലാം അത് സ്വീകാര്യമാവുകയും ചെയ്തു. അങ്ങനെയാണ് കേരളത്തിന്റെ വൃന്ദാവനമായ മലമ്പുഴയിലേക്ക് യാത്ര തിരിച്ചത്.പ്രകാശൻ (അടുത്തില), വിനോദ് (എടാട്ട്), വിജേഷ് (ചുഴലി), സുധ (ഏഴോം), നിഷ പ്രകാശൻ (അടുത്തില), അക്ഷര (ഏഴോം), ഡ്രൈവർ പ്രദീപൻ (കുഞ്ഞിമംഗലം), ഞാനും ഉൾപ്പെടുന്ന എട്ടംഗ സംഘമാണ് യാത്രയിലുള്ളത്.
പച്ചപ്പരവതാനി വിരിച്ച പാടങ്ങളും ഹരിതഗോപുരങ്ങൾ പോലെ അംബരച്ചുംബികളായി നിൽക്കുന്ന സഹ്യപർവ്വതനിരകളും ആകാശത്തെ തൊടാൻ കൈയ്യുയർത്തി നിൽക്കുന്ന കരിമ്പനകളും താണ്ടി പാലക്കാടിന്റെ വിരിമാറിലൂടെ മലമ്പുഴയെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ പാലക്കാടൻ കാറ്റിനോടൊപ്പം ഞങ്ങളെ തഴുകിത്തലോടിയത് കാഴ്ചകളുടെ നിറശോഭകൂടിയാണ്. വൈകുന്നേരം അഞ്ചു മണിയ്ക്കു മുൻപായി പാലക്കാടെത്തിയാൽ ടി.ബിയിൽ ചെറിയ വാടകയ്ക്ക് റൂം ശരിയാക്കി തരാമെന്ന് പാലക്കാടുള്ള എന്റെ സുഹൃത്ത് പ്രദീപ് പറഞ്ഞതനുസരിച്ച് അഞ്ച് മണിക്ക് മുൻപ് അവിടെയെത്താൻ ഡ്രൈവർ പ്രദീപേട്ടനെ ഞങ്ങൾ പരമാവധി പ്രോത്സാഹിപ്പിച്ചു. യാത്രയ്ക്കിടയിൽ പലയിടങ്ങളിലായി ഉണ്ടായ ഗതാഗത തടസങ്ങളും കൽപ്പാത്തി രഥോത്സവയാത്രയും കടന്നുവന്നതിനാൽ അഞ്ച് മണി എന്ന ലക്ഷ്യം സാധിയ്ക്കാതെ പോയി.
ടി.ബയിലെത്തുമ്പോൾ ആറര കഴിഞ്ഞിരുന്നു റൂം കിട്ടിയില്ല. ഇതിനിടയിൽ പാലക്കാടുള്ള എന്റെ ചില സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും യാത്രാവിവരം മുൻകൂട്ടി അറിയിയ്ക്കാതിരുന്നതിൽ ആർക്കും ഞങ്ങളെ സഹായിക്കാൻ കഴിഞ്ഞില്ല. രാവിലെ ഏഴുമണിക്ക് പയ്യന്നൂരിൽ നിന്നും തിരിച്ചതാണ് ഏതാണ്ട് പതിനൊന്ന് മണിക്കൂറോളമുള്ള യാത്രയില് എല്ലാവരും നന്നേ ക്ഷീണിച്ചിട്ടുണ്ട്. ഞാനുൾപ്പടെ മൂന്നു പേർ വീൽചെയറിലായതിനാൽ
ഞങ്ങളുടെ സൗകര്യം അനുസരിച്ചുള്ള റൂം അത്യാവശ്യമാണ് സിറ്റിയിലെ പല ലോഡ്ജുകളിലും ഗ്രൗണ്ട്ഫ്ലോറിൽ റൂം ഒഴിവില്ല ഉള്ളയിടത്താണെങ്കിൽ ഞങ്ങളുടെ പേഴ്സിൽ ഒതുങ്ങാത്ത വാടകയും ഒടുവിൽ ഞങ്ങളുടെ അന്വേഷണം എട്ടര മണിയോടെ ഹോട്ടൽ അമരാവതിയിൽ അവസാനിച്ചു.
മലമ്പുഴ, പേര് അന്വർത്ഥമാക്കുന്നതു പോലെ മലയും പുഴയും സംഗമിയ്ക്കുന്ന സൗന്ദര്യ ചാരുതയുടെ ദൃശ്യപ്പെരുമ അടയാളപ്പെടുത്തുന്നു വിശാലമായ പൂന്തോട്ടവും തൂക്കുപാലങ്ങളും ആകാശ സഞ്ചാരത്തിനായി റോപ്പ് വെയും ജലധാരകളും കുട്ടികളുടെ പാർക്കുമെല്ലാം ആകർഷണീയമെങ്കിലും മലമ്പുഴയുടെ മടിത്തട്ടിൽ മലനാടിന്റെ മാദകത്വം ആവാഹിച്ച കാനായി കുഞ്ഞിരാമന്റെ യക്ഷി തന്നെയാണ് ഏറ്റവും ശ്രദ്ധേയം മലയാളികളുടെ കപട സദാചാരത്തിനു നേരെ മാറും തുടയും തുറന്നു വെച്ച യക്ഷി പെൺ ഉടലഴകിന്റെ പ്രൌഢിയും മലമകളുടെ വിങ്ങലും തേങ്ങലും രതിയുടെ ക്രൗര്യവുമെല്ലാം ഒരേ സമയം ദ്യോതിപ്പിക്കുന്നുണ്ടെങ്കിലും ഒറ്റക്കല്ലിൽ കൊത്തിയ ഈ ശില്പത്തിൽ ഒരു വിശുദ്ധ താപസിയുടെ ധ്യാന സ്വരൂപവും ദർശിയ്ക്കാവുന്നതാണ്. മലമ്പുഴയുടെ തുറസ്സായ ഉദ്യാനത്തിൽ തല ഉയർത്തി നിൽക്കുന്ന യക്ഷി ശില്പമായിരിയ്ക്കും കേരളത്തിലെ ഏറ്റവും ജനകീയമായ ഉദ്യാന ശില്പം.
നൂറ്റമ്പതു രൂപ കൊടുത്താൽ ഡാമിന്റെ മുഗൾ ഭാഗത്തുകൂടെ പഴയ ഡാമുൾപ്പെടെ ജലസംഭരണിയും കാനന ഭംഗിയുമെല്ലാം ആസ്വദിച്ച് കാണുവാനുള്ള സൗകര്യം പാർക്കിൽ ലഭ്യമാണ്. കാലത്ത് പത്തു മണിയ്ക്ക് പാർക്കിലെത്തിയ ഞങ്ങൾ ഒരുമണി വരെ അവിടെ ചുറ്റിക്കറങ്ങി. റോപ്പ് വേയും ബോട്ടിംഗും നടത്തുവാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും കൂടുതൽ സാഹസികത കാട്ടുവാൻ ഞങ്ങൾ മുതിർന്നില്ല മലമ്പുഴയിൽ നിന്നും നേരെ തിരിച്ചത് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതിയിലേക്കാണ് നെല്ലിദേവതയുടെ ഊര് എന്നാണത്രേ നെല്ലിയാമ്പതിയുടെ അർത്ഥം സമുദ്ര നിരപ്പിൽ നിന്നും 1585.08 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നെല്ലിയാമ്പതി തണുത്ത
കാലാവസ്ഥയ്ക്ക് വളരെ പ്രസിദ്ധമാണ് അതുകൊണ്ടാണ് പാവങ്ങളുടെ ഊട്ടി എന്ന അപര നാമം കൈ വന്നത് വളഞ്ഞും ചരിഞ്ഞുമുള്ള വീതി കുറഞ്ഞ റോഡിലൂടെ ചുരം കയറുമ്പോൾ തന്നെ വഴിയോരങ്ങളിലെ പ്രകൃതിയുടെ അഭൗമ സൗന്ദര്യം കാണാം. ചുരത്തിന്റെ തുടക്കത്തിൽ തന്നെയാണ് ചെക്ക് പോസ്റ്റ്. ആറു മണിയ്ക്ക് ശേഷം വാഹനങ്ങൾ മുകളിലേക്ക് കയറ്റി വിടാറില്ല. അഞ്ചു മണിയ്ക്ക് മുൻപേ തന്നെ ഞങ്ങൾ ചെക്ക് പോസ്റ്റ് താണ്ടിയിരുന്നു ചെക്ക് പോസ്റ്റ് കഴിഞ്ഞ് കുറച്ച് മുന്നോട്ടെത്തുമ്പോൾ തന്നെ പോത്തുണ്ടി ഡാം കാണാം മണ്ണു കൊണ്ട് നിർമ്മിതമായ പോത്തുണ്ടി ഡാം വനങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു മലനിരകളെ പൊതിയുന്ന കോടമഞ്ഞ് കാഴ്ചകൾക്ക് സൗന്ദര്യം പകരുന്നു. ഡാമിലെ ജലക്കണ്ണാടിയിൽ ചുറ്റും കമിഴ്ന്നു നിൽക്കുന്ന മലനിരകളുടെ ഛായാചിത്രം കാണാം. പശ്ചാത്തല സംഗീതം പോലെ വെള്ളച്ചാട്ടങ്ങളുടെ കളകളാരവങ്ങളും കേൾക്കാം.
ചുരം പാതി പിന്നിടുമ്പോഴേക്കും സിരകളെ തണുപ്പ് തലോടാൻ തുടങ്ങിയിരുന്നു പോത്തുണ്ടി ഡാമിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരം കാണും ഹിൽടോപ്പിലേക്ക് വണ്ടിയിൽ നിന്നും ഇറങ്ങാതെ തന്നെ ഡാമിന്റെയും മലകളുടെയും ചിത്രങ്ങൾ പ്രകാശനും സുധേച്ചിയും ക്യാമറയിൽ പകർത്തി ചുരം കയറാൻ തുടങ്ങുമ്പോൾ തന്നെ നിഷ ഛർദ്ദിയ്ക്കാൻ തുടങ്ങിയിരുന്നു ഉച്ചയ്ക്ക് നെന്മാറയിൽ നിന്നും കഴിച്ചതെല്ലാം പ്ലാസ്റ്റിക്ക് കൂടിലാക്കി നെല്ലിയാമ്പതിയിൽ തള്ളി ക്ഷീണിതയായി നിഷ സൈഡായി. സുധേച്ചിയ്ക്കാണെങ്കിൽ കലശലായ തലവേദനയും മറ്റുള്ളവരെല്ലാം ഒരു വിധം ഓക്കെ ആയിരുന്നു മറ്റാർക്കും പറയത്തക്ക ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല.
ചുരത്തിന്റെ ഒരു ഭാഗം കൊക്കയാണ്. വീതി കുറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിൽ പലയിടങ്ങളിലും എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും സൗകര്യമില്ല. ഒട്ടേറ ഹെയർപിൻ വളവുകളുമുണ്ട് ഇടയ്ക്ക് വന്യജീവികൾ ഇറങ്ങുന്ന പാത കൂടിയാകുമ്പോൾ അൽപ്പം സാഹസികത നിറഞ്ഞതാണ് നെല്ലിയാമ്പതി യാത്ര. ഇരുട്ട് മൂടുന്നതിനു മുൻപേ മേഘങ്ങൾക്കും മലകൾക്കും ഇടയിലൂടെ ഞങ്ങൾ സീതാറാകുണ്ട് വീ്വ് പോയിന്റിന് അരികിലെത്തി. വനവാസ കാലത്ത് സീതാദേവി ഇവിടെ താമസിച്ചതായി ഐതീഹ്യം പറയുന്നു. ഐതീഹ്യം എന്തു തന്നെയായാലും നെല്ലിയാമ്പതിയുടെ പ്രകൃതി സൗന്ദര്യത്തിന് ഒരു ദേവസ്പർശം ദർശനീയമാണ്. വ്വീവ് പോയിന്റിൽ നിന്നും മനസ്സിലും ക്യാമറയിലും മായാത്ത ദൃശ്യങ്ങൾ പകർത്തി അസ്തമയ സൂര്യനെ സാക്ഷിയാക്കി മലയിറങ്ങുമ്പോൾ ഇരുളിന്റെ ചാലുകൾ കീറിത്തുടങ്ങിയിരുന്നു. കോടമഞ്ഞിനേയും നിലാവിനേയും നക്ഷത്രങ്ങളേയും സാക്ഷിയാക്കി നെല്ലിയാമ്പതിയോട് വിടപറയുമ്പോൾ വിദൂര കാഴ്ചകളും താഴ് വാരങ്ങളും നനുത്ത ഇളം കാറ്റും യാത്രാമൊഴി ചൊല്ലി, കാഴ്ചകൾ കണ്ട് മതിവരാത്ത മനസ്സുമായി ഞങ്ങൾ ചുരമിറങ്ങി.