Archives / september 2019

രാജു കാഞ്ഞിരങ്ങാട്‌
വഞ്ചിപ്പാട്ട്

ഓ....തിത്തിത്താരാ തിത്തിതെയ് തിത്തെയ് തക
തെയ് തെയ്തോം
ചിങ്ങമാസം പിറന്നല്ലോ നൽതിരുവോണം വന്നല്ലോ
കൊട്ടു വേണം കുഴൽ വേണം കുരവ വേണം
പൂക്കളമൊരുക്കീടേണം പുലിക്കളികൂടേ വേണം
പൂവേപൊലി പൊലിയെന്നോരാരവം വേണം
തിത്തിത്താരാ തിത്തിതെയ് തിത്തെയ്തക
തെയ്തെയ്തോം

പുഷ്പവൃഷ്ടി എന്നപോലെ പൊന്നോളങ്ങൾ
തൂവിത്തൂവി
കുതിരപോൽ കുതിക്കേണം ചുണ്ടൻവള്ളത്തിൽ
കുരവയിട്ടാർത്തീടേണം വിജയം വരിച്ചീടേണം
കരയെങ്ങും കുരവയാൽ ഘോഷംകൊള്ളേണം
മങ്കമാർപോൽ വരിവരിയായി നിൽക്കും തെങ്ങുകളും
കിളിയോല കൈകൾവീശി കളിചൊല്ലീടും
തെന്നൽ കുളിർ വീശിത്തരും
തങ്കവെയിൽ കുടചൂടും
പുളിനങ്ങൾ താരിളം പുൽപായ നെയ്തീടും
ഓ.... തിത്തിത്താരാ തിത്തിതെയ് തിത്തെയ്
തക തെയ്തെയ്തോം

വള്ളംകളി പുലിക്കളി തുമ്പിതുള്ളൽ ഊഞ്ഞാലാട്ടം
പുത്തനാം പുടവകളും  കരിമഷിയും
കൊട്ടും പാട്ടും മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്തും
തൂശനിലയിട്ടു സദ്യ എങ്ങും കെങ്കേമം
ഓ... തിത്തത്താരാ തിത്തിതെയ് തിത്തെയ് തക
തെയ്തെയ്തോം

Share :