Archives / september 2019

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
കെട്ടുകളേറീ.

കാണാം കണ്ടൂറിച്ചിരിക്കാം.
കണ്ട കഥയുരിയാടരുതേ.
തൊലിയുരിയും കാടത്തം
തലതിരിയും വിദ്വത്തം.
ആചാരമേറീയന്ധതയേറീ-
യാഹാരമേറീയാതുരരായീ.
വിദ്യയേറീ,വിജയലഹരിയേറീ.
വിനോദമേറീ,വികാരലഹരിയേറീ.
അവകാശമേറീയാധിപത്യമേറീ-
യവബോധമില്ലാതെയാധിയേറീ.
കാരുണ്യമില്ലാതെ മനുഷ്യ
                    ക്കോലമായീ.
കൈവല്യമെന്നു തീർത്ഥാടനമായീ.
കവലപ്രസംഗത്തിലൂറ്റമായീ.
കൈയ്യൂക്കുകൊണ്ടേറും
                      കോട്ടകളായീ.
കെട്ടുപോയ്ക്കെട്ടുപോയ്
                       ക്കെട്ടുകളേറീ.
കഷ്ടമീയടിമത്തമെന്തിനെന്തിനോ?
സ്വാതന്ത്ര്യമെന്നങ്ങു കാഹളമോ,
സ്വധർമ്മം മറയ്ക്കുമാഭാസമോ!
അധികാരലഹരിയിലടരാടു-
മധിപന്മാരന്ധരായാട്ടമാടീ.
മക്കൾക്കു മുന്നിലേറും മദ്യം,
മാധ്യമകേളികളഴിഞ്ഞാടും.
മുറതെറ്റും മറകൂടാതാടും
മറുവാക്കോതും തലമുറകൾ.
മരണത്തിലോടിയെത്തും
മോഹതരംഗത്തിലടിഞ്ഞു
                          മനുഷ്യത്വം.
കെട്ടിക്കെട്ടിപ്പൊക്കും സൗധങ്ങൾ
കുലുക്കിമറിച്ചാടും പ്രകൃതീശ്വരീ!

Share :