Archives / October 2017

ചുനക്കര രാമൻകുട്ടി
ഗുരുനാഥൻ

ആലപ്പുഴജില്ലയില്‍ ചുനക്കര ഗ്രാമത്തിലാണ്ഞാന്‍ പിറന്നതും പിച്ചവച്ച് നടന്നുവളര്‍ന്നതും. എന്‍റെ വിദ്യാരംഭം എന്‍റെ നാടിനെ തന്നെ ഞെട്ടിവിറപ്പിച്ച ഒരു സംഭവമായിരുന്നു. ചേട്ടന്മാരും ചേച്ചിമാരും രാവിലെ സ്കൂളില്‍ പോകും, അടുത്ത വീട്ടിലെ കൂട്ടുകാരും. വീട്ടില്‍ഞാനൊറ്റ. അമ്മയ്ക്ക് എത്ര ചെയ്താലും തീരാത്ത ജോലി. ഞാന്‍ കുറെ ബോറടിച്ചു! ഞാന്‍ അമ്മയോട് പലവട്ടം പറഞ്ഞു  എനിക്കുംസ്കൂളില്‍ പോകണം അമ്മയുടെ പതിവ്മറുപടി.  അടുത്ത വര്‍ഷം മോന് വയസ്സ് 5 ആകും. അപ്പോള്‍ പോകാം ഹോ! ഒരുവര്‍ഷംകൂടി കാത്തിരിക്കുക. അതെനിക്ക് ഓര്‍ക്കുവാന്‍ പോലുംകഴിയില്ല. ഇതിനൊരു പരിഹാരം കാണണം. ഞാന്‍ തീരുമാനിച്ചു. ഒരുദിവസം ചേട്ടന്മാരും ചേച്ചിമാരും സ്കൂളില്‍ നിന്ന് വന്ന്  ഭക്ഷണംകഴിച്ചുതിരിച്ചുപോകുമ്പോള്‍ അവരറിയാതെ ഞാന്‍ കൂടെതിരിച്ചു. പകുതിവഴിയായപ്പോല്‍ അവരെന്നെ കണ്ടു. നീ എവിടെ പോകുന്നു?  അവരുടെചോദ്യം. ഞാനും വരുന്നു. എനിക്കും പഠിക്കണം. എന്‍റെമറുപടികേട്ട്അവരെന്നെയുംകൂട്ടിയാത്ര തുടര്‍ന്നു. സ്കൂളില്‍ചെന്ന് അവയല്‍വാസി കൂടിയായ കൃഷ്ണപിള്ളസാറിന്‍റെ അടുക്കല്‍ എത്തിച്ചു. കൃഷ്ണപിള്ളസാറ്ചോദിയ്ക്കാ എന്താകുഞ്ഞിരാമാഇവിടെ? (ഇളയകുട്ടിയായതുകൊണ്ട്എല്ലാവരും എന്നെ കുഞ്ഞിരാമന്‍ എന്നാണ് വിളിച്ചിരുന്നത് )   ആഹാ എന്നാ പഠിച്ചുകളയാം വാ ഒരോലയെടുത്ത് ഹരിശ്രീ എഴുതി അദ്ദേഹംഎന്‍റെവിരല്‍ പിടിച്ച് പൂഴിമണ്ണില്‍  ഹരിശ്രീ എഴുതിപ്പിച്ചു. എന്‍റെവിദ്യാരംഭം ഇങ്ങനെയായിരുന്നു സമാരംഭിച്ചത്. എന്നെ കാണാതെ അമ്മ വിഷമിച്ചു. ഒടുവില്‍ അമ്മയുടെ കരച്ചിലും ബഹളവും കേട്ട്അയല്‍ക്കാരും നാട്ടുകാരുംവീട്ടിലെത്തി. എന്നെ പലയിടത്തും അന്വേഷിച്ചു. എങ്ങും കാണുന്നില്ല, ഒടുവില്‍കിണറ്റിലും, അടുത്ത കുളത്തിലും, ഭിക്ഷക്കാര്‍കൂട്ടമായിതാമസിക്കുന്ന ചന്തയിലും അന്വേഷിച്ചു. എങ്ങുമില്ല. ഞാന്‍ ഗ്രാമത്തിന്‍റെവേദനയായി, കരച്ചിലായിമാറി. വിവരം ചേട്ടന്മാരോടും ചേച്ചിമാരോടും പറയാന്‍ സ്കൂളില്‍ വന്ന അമ്മാവന്‍ ഞാന്‍ ഹരിശ്രീ എഴുതി പഠിക്കുന്നതുകണ്ട് വീട്ടിലേക്ക്ഓടി. ആളിക്കത്തി നിന്ന ഗ്രാമത്തിന്‍റെവേദന അതോടെശമിച്ചു.

തുടര്‍വിദ്യാഭ്യാസത്തില്‍ ഒട്ടേറെഗുരുക്കന്മാരെ എനിക്ക് ലഭിച്ചു . എന്നാലും ആദ്യ ഗുരു കൃഷ്ണപിള്ളസാറിനോടുള്ള സ്നേഹവും ആദരവുംവലുതാണ്. എന്നും ഞാന്‍ ഉണരുന്നത് എന്‍റെ ഗുരുവിനേയും മാതാവിനേയും പിതാവിനേയുംസ്മരിച്ചുകൊണ്ടാണ്. ഉറങ്ങാന്‍ കിടക്കുമ്പോഴും ഈ പ്രാര്‍ത്ഥന തുടരും. എന്ത്എഴുതിയാലും കൃഷ്ണപിള്ളസാറിനെ സ്മരിച്ചുകൊണ്ടാകും ആരംഭിക്കുന്നത്.

എന്‍റെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ ചില അദൃശ്യ ശക്തികളുടെ സഹായം പലപ്പോഴും എനിക്ക്ലഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ട്യൂണിനനുസരിച്ച് ഗാനരചന നടത്തുമ്പോള്‍. സിനിമ ഒരുഘട്ടംകഴിഞ്ഞപ്പോള്‍ ഗാനം ആദ്യം രചിക്കണ്ട. ട്യൂണ്‍ സംഗീതസംവിധായകന്‍ ഒരുക്കും. അതനുസരിച്ച് നമ്മള്‍ ഗാനം രചിക്കണം. ഇതൊരുവിഷമം പിടിച്ച രീതിയാണ്. പ്രത്യേകിച്ച്ആദ്യകാലത്ത്. ഇവിടെ ഞാന്‍ വളരെ വിഷമിക്കുകയും ഈ രംഗത്തുനിന്ന് പിന്മാറുവാന്‍ വരെതീരുമാനിച്ചിട്ടുണ്ട്. അവിടെയെല്ലാം ഏതോ ഒരുശക്തി എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. ആ ശക്തി എന്‍റെഗുരുനാഥന്‍റെ അനുഗ്രഹമാണെന്ന് ഞാന്‍ സത്യമായും വിശ്വസിക്കുന്നു. മാതാ പിതാഗുരുദൈവം ഈ മൊഴിമുത്തുകള്‍ എനിക്ക് ഇന്നല്ല, എന്നുംദിവ്യവചനങ്ങളാണ്. അനുഗ്രഹമാണ്.

Share :