Archives / september 2019

ഗീത മുന്നൂർക്കോട്
സഹനം (ഗീത മുന്നൂർക്കോടിൻറെ അനുഭവകഥകൾ)( 12)

     അത്യധികം സംഭ്രമജനകമായിരുന്നു ആ സംഭവം. ഒരു ഞായറാഴ്ച. ഉച്ചമയക്കത്തിലായിരുന്നു. മൂന്നു മണി കഴിഞ്ഞുകാണും. കാളിംഗ് ബെൽ തുരുതുരാ അടിക്കുന്നു. പിടഞ്ഞെഴുന്നേറ്റ് കതകു തുറന്നപ്പോഴുണ്ട് പത്താം ക്ലാസ്സിലെ കുട്ടികളിൽ ചിലർ നിന്നു കിതയ്ക്കുന്നു. കാര്യമന്വേഷിച്ചപ്പോൾ ; “ മാം, അപ്നാ സനോജ് കാ ഡാഡി സൂയിസൈഡ് കിയാ... ജസ്റ്റ് ഹാംഗ്ഡ് ഇൻ ദ ബെഡ് റൂം..”

“ഹൊ! മൈ ഗുഡ്നെസ്സ്...”

ഉടനെ വേഷം മാറി കുട്ടികൾക്കൊപ്പം ഞാനും സനോജിന്റെ ക്വാർട്ടേഴ്സിലേയ്ക്കോടി.

അവിടെ വലിയൊരാൾക്കൂട്ടമുണ്ടായിരുന്നു. എങ്കിലും ആളുകൾ വഴി മാറിത്തന്നു. പയ്യെ അകത്തു കയറിയതും കണ്ടത് മനോജും സനോജും പരസ്പരം തോളുകളിൽ തേങ്ങുന്ന കാഴ്ച...

അച്ഛന്റെ ബോഡി പോസ്റ്റ് മോർട്ടത്തിനു കൊണ്ടു പോയെന്നും അമ്മയെ എച്ച് എ എൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയെന്നുമറിഞ്ഞു.

എന്തേ... എന്താ സംഭവിച്ചത് ? ആരും ഒന്നും പറയുന്നില്ല. കൃത്യമായി ആർക്കും ഒന്നുമറിയില്ല. ഞാൻ അവരുടെ കൂടെ നാട്ടിൽ നിന്നും വന്നു നിൽക്കുന്ന മീനയുടെ അടുത്തെത്തി പതുക്കെ ചോദിച്ചു. “കുട്ടീ ഞാൻ സനോജിന്റെ കണക്കു ടീച്ചറാണ്. എന്താ സംഭവിച്ചതെന്ന് ഒന്നു പറയൂ.

അവൾ തേങ്ങി... “ എന്താണ്ടായേന്ന് എനിക്കറിയില്ല. ചന്ദ്രേട്ടൻ ഊണു കഴിഞ്ഞപ്പോൾ ചേച്ചിയെ റൂമിലേക്ക് വലിച്ചു കൊണ്ടു പോയി. ചേച്ചി തട്ടി മാറ്റി ,”എനിക്ക് വയ്യ ചന്ദ്രേട്ടാന്ന്” കരഞ്ഞു കൊണ്ട് പുറത്തേക്ക് വന്നപ്പോൾ ചന്ദ്രേട്ടൻ ചേച്ചിയുടെ വയറ്റത്തേക്ക് തൊഴിച്ചു. ചേച്ചി കുഴഞ്ഞു വീണു. ഗർഭിണിയായ ചേച്ചി രക്തത്തിൽ മുങ്ങി കിടക്കുന്നതു കണ്ട് പേടിച്ച് ഞാൻ പുറത്തേയ്ക്കോടി. കുട്ടികളെ ഏട്ടൻ ബാത്ത്റൂമിൽ അടച്ചിട്ടു. പിന്നെ എന്താ ഉണ്ടായതെന്നറിയില്ല...ഞാൻ അയലത്തുള്ളോരോടു എല്ലാം എങ്ങനൊക്കെയോ പറഞ്ഞു.അവരാ വാതിൽ ചവിട്ടിത്തുറന്നതും ചേച്ചിയെ ഹോസ്പിറ്റലിൽ കൊണ്ടു പോയതും, സർവീസ് ഗാർഡിനേയും പോലീസിനേയും വരുത്തിയതും. പോലീസ് ചോദിച്ചതൊന്നും എനിക്ക് മനസ്സിലായില്ല. ഒരു മലയാളി അങ്കിളാണ് എന്നോടു ചോദിച്ച് അവരോട് സംസാരിച്ചത്.”

ഞാൻ സനോജിന്റെയടുത്ത് ചെന്ന് മെല്ല അവന്റെ കൈ ചേർത്തു പിടിച്ചു. കുട്ടികൾ ആകെ പേടിച്ചിരുന്നു. “ മോനേ, നാട്ടിലറിയിച്ചോ ? ആരൊക്കെയുണ്ട് അവിടെ? അഡ്രെസ്സോ ഫോൺ നമ്പറോ ഉണ്ടെങ്കിൽ അവരെ വിവരം അറിയിക്കാമായിരുന്നു.”.

കുട്ടിക്ക് ഒരു മാമന്റെ നമ്പർ മാത്രമേ അറിയുമായിരുന്നുള്ളൂ. അപ്പോഴേക്കും എയർഫോഴ്സിലുള്ള പല മലയാളികളും അവിടെ എത്തിയിരുന്നു. മോന്റെ കയ്യിൽ നിന്നും നമ്പറെടുത്ത്  അമ്മവനെ വിളിപ്പിച്ചു. അദ്ദേഹവും കുടുംബവും ബോംബെയിലായിരുന്നു. ഉടനെ വരുമെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്നും അദ്ദേഹം. അന്ന് ഞങ്ങൾ ചില മലയാളികൾ അവർക്ക് കൂട്ടിരുന്നു. വൈകുന്നേരം ഏഴു മണിയോടെ മാമനെത്തി. മീന നടന്ന കാര്യങ്ങൾ അവൾക്കറിയുന്നത് പറഞ്ഞു. മാമനും മാമിയും പെങ്ങളെ കാണാന് ഉടന് തന്നെ കുട്ടികളേയും കൂട്ടി ഹോസ്പിറ്റലിലേക്ക് പോയപ്പോഴാണ് ഞാൻ തിരിച്ച് എന്റെ ക്വാർട്ടേഴ്സിലേക്ക് മടങ്ങിയത്. പിറ്റേന്ന് കാലത്ത് വീണ്ടും അവിടെപ്പോയി അന്വേഷിച്ചെങ്കിലും മി. ചന്ദ്രന്റെ ശവസംസ്കാരത്തിനായി എല്ലാവരും പോയെന്നറിഞ്ഞു. ശേഷം മൂന്നു  ദിവസങ്ങൾ ആരും വീട്ടിലെത്തിയില്ല. നാലാം നാൾ... സനോജിന്റെ അമ്മ ഒരു പെൺകുഞ്ഞിനെ പ്രസവിച്ചെന്നും, അവരുടെ സ്ഥിതി അല്പം കോമ്പ്ലിക്കേറ്റഡ് ആയതിനാൽ ഒരു സർജറിയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും വിവരമെത്തി. എങ്കിലും അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന വാർത്ത ആശ്വാസകരം തന്നെയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷമാണ് അവരെ ഡിസ്ച്ചാർജ്ജ് ചെയ്തത്. അവരെ വീട്ടിലേക്ക് കൊണ്ടു വന്ന അന്നു തന്നെ ഞാനും കാണാൻ പോയി. സനോജ് എന്ന മിടുക്കൻ കുട്ടിയുടെ പ്രിയ അദ്ധ്യാപികയാണ് ഞാനെന്ന് അവൻ പറയാറുണ്ടെന്നും എന്നെ നേരിൽ കണ്ടതിൽ സന്തോഷമായെന്നും അവർ പറഞ്ഞു. പിന്നീട് സാവകാശം അവരെ സാന്ത്വനിപ്പിച്ചപ്പോൾ ഒരു നിസ്സഹായയായ സ്ത്രീയുടെ ദാരുണമായ ജീവിത കഥ കേൾക്കേണ്ടി വന്നു.

                        ********************

അവർ പറയാൻ തുടങ്ങി...

ഹോസ്പിറ്റലിൽ വച്ച് കണ്ണു തുറന്നപ്പോൾ ആദ്യമായി കണ്ടത് തന്റെ ദേഹത്തോട് പറ്റിച്ചേർന്നുറങ്ങുന്ന കുഞ്ഞിനെയാണ്. ഹൊ! ആശ്വാസമായി. കുഞ്ഞിനപകടമൊന്നും ഉണ്ടായില്ലല്ലോ…

മോളാണ് --- നേഴ്സ് !

എന്താണു തനിക്ക് സംഭവിച്ചതെന്നോർത്തെടുക്കാൻ ഇനിയും പറ്റുന്നില്ലല്ലൊ… ആശുപത്രിക്കിടക്കയിലാണെന്നു മാത്രം മനസ്സിലായി. ഇപ്പോഴും അർദ്ധബോധാവസ്ഥയിൽ തന്നെ… പയ്യെപ്പയ്യെ ഓരോന്നും തെളിയുന്നു. അതെ, എന്നായിരുന്നു…ഞായറാഴ്ചതന്നെയായിരുന്നു … കുട്ടികൾക്കും ചന്ദ്രേട്ടനും എല്ലാം അവധിയായിരുന്നല്ലോ. തലേന്ന് നൈറ്റ് ഡ്യൂട്ടി ചെയ്തതിന്റെ ക്ഷീണത്തിൽ ചന്ദ്രേട്ടൻ രാവിലെ വൈകിയാണെഴുന്നേറ്റത്… കുട്ടികൾ രണ്ടാളും നേരത്തെയുണർന്ന് പഠിക്കാനും തുടങ്ങിയിരുന്നു. ചന്ദ്രേട്ടനുറങ്ങുന്നത് കണ്ടപ്പോൾ ഏറെ ആശ്വാസമാണ് തോന്നിയത്… ഒമ്പതു മാസം തികഞ്ഞ് നിറവയറുമായി ഒരു ജോലിയും ചെയ്യാനുന്മേഷമില്ലായിരുന്നു എനിക്ക്... നാട്ടിൽ നിന്നും മീനയെ വിളിച്ചു വരുത്തിയത് നന്നായി. പ്രീഡിഗ്രിക്ക് തോറ്റ് വെറുതെ വീട്ടിലിരിക്കുകയല്ലേ… തൽക്കാലം ഒരു സഹായത്തിന് കൂടെ വന്നോട്ടെ എന്ന് അമ്മ സമ്മതിച്ചപ്പോൾ ആശ്വാസം തോന്നിയെങ്കിലും മീനയെ ഇങ്ങോട്ട് കൊണ്ടു വരാൻ ഏറെ ഭയവുമുണ്ടായിരുന്നു. ചന്ദ്രേട്ടന്റെ സ്വഭാവം എനിക്കും കുട്ടികൾക്കും മാത്രമല്ലേ അറിയാവൂ. പാവം കുട്ടികൾ സനുവും മനുവും … എത്ര കാലം അവരെന്റെ കഷ്ടങ്ങൾ കണ്ടു സഹിക്കുമാവോ… ഇനിയിപ്പോൾ ഇവൾ…മീനയും ..കൂടെയുണ്ട്. ഞങ്ങൾ രഹസ്യമായി സൂക്ഷിച്ചതൊക്കെ നാട്ടിൽ അറിയിക്കുമോയിവൾ …

മീന വന്നതിന് ശേഷം ചന്ദ്രേട്ടനും കുറച്ചൊക്കെ മാറ്റം വന്നതു പോലെ … ഒരു പക്ഷേ മീന തന്നെ ദുഷിച്ചു പറയുമോ എന്ന ഭയം കൊണ്ടാകാം… ഒന്നു മയപ്പെട്ടതു പോലെ - കണ്ടപ്പോൾ എന്തൊരാശ്വാസമായിരുന്നു... സനുവിന് ബോർഡ് പരീക്ഷയാണിക്കൊല്ലം. പത്താം ക്ലാസ്സിലല്ലേ… ഒരു പാടു പഠിക്കാനുമുണ്ട്. മനുവാകട്ടെ ഏഴാം ക്ലാസ്സിലാണെങ്കിലും പഠിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധയുള്ള കുട്ടി തന്നെ. എന്നാലും കുട്ടികളെന്ന പരിഗണന അവർക്കെന്നെങ്കിലും കിട്ടിയിട്ടുണ്ടോ…കുട്ടികൾ കെ വി യിലാണ് പഠിക്കുന്നതെന്ന ആശ്വാസമുണ്ട്. മക്കൾ ടീച്ചർമാരുടെ സ്നേഹവും കാര്യപ്രാപ്തിയെക്കുറിച്ചും പറയാറുള്ളതിനാൽ അവരുടെ പഠിപ്പിന്റെ കാര്യത്തിൽ എനിക്ക് ആശങ്കയേ ഇല്ലായിരുന്നു.

എന്നാലും...  തന്റെ ബലഹീനതകൾ നാട്ടുകാരറിഞ്ഞേക്കുമോ എന്ന ഭയം കൊണ്ട് പാവം കുട്ടികളെ ഒരല്പം നേരത്തേയ്ക്കു പോലും പുറത്തിറങ്ങാനനുവദിക്കാത്ത അച്ഛൻ… അവരെ ഭീഷണിയിലൊതുക്കിക്കൊണ്ടിങ്ങനെ... അവർക്ക് കൂട്ടുകാരുമൊത്ത് കളിക്കാൻ പോലും സാധിച്ചിരുന്നില്ല.

ചന്ദ്രേട്ടൻ… ചന്ദ്രേട്ടനോടൊപ്പം എത്ര കാലം ഞാനീ ജീവിതം മുന്നോട്ടു കൊണ്ടു പോകും. മൂന്നാങ്ങളമാരുടെ ഏക സഹോദരിയായിട്ടെന്ത്... എത്ര ആർഭാടമായി നടത്തിയ വിവാഹമായിരുന്നു ഞങ്ങളുടേത് ! ചന്ദ്രേട്ടനോ ...എന്തു കൊണ്ടും യോഗ്യൻ എന്ന് എല്ലാവരും വിലയിരുത്തി. കാഴ്ചയിൽ സുമുഖൻ.. പേരു കേട്ട കുടുംബത്തിലെ ഏക പുത്രൻ. എയര് ഫോഴ്സിൽ  ജോലി… കൂടെ കൊണ്ടു പോകും, വായുസേനയുടെ ക്വാർട്ടേർസിൽ താമസിപ്പിക്കും… ഇനിയെന്തു വേണം ... വീട്ടുകാർക്കും നാട്ടുകാർക്കും ഒരു പോലെ ബോധിച്ച ബന്ധം ! എന്നാൽ വിവാഹത്തിന് ശേഷം നാട്ടിൽ രണ്ടേ രണ്ടു തവണ മാത്രമാണ് പോയത്. അതും രണ്ട് മക്കളുടെ പ്രസവത്തിന് വേണ്ടി... ചന്ദ്രേട്ടനെ ഭയമായിരുന്നെനിക്കെപ്പോഴും….അന്നും ഇന്നും...ഒരിക്കലും അദ്ദേഹത്തെ പഴി ചാരി ആരോടും ഒന്നും ഞാൻ പറയില്ലായിരുന്നല്ലോ. ഏട്ടന്മാർ എത്ര കുത്തി ചോദിച്ചിട്ടും ചന്ദ്രേട്ടനോടൊപ്പം എനിക്ക് പരമസുഖമാണെന്നല്ലാതെ മറ്റൊന്നും ഞാൻ ആരോടും പറഞ്ഞില്ല.

ഇത് മൂന്നാമത്തെ പ്രസവം… നാട്ടിൽ പോകേണ്ടതില്ലെന്ന് ചന്ദ്രേട്ടൻ കണിശമായി ചട്ടം കെട്ടി. എറെ ശ്രമകരമായിരുന്നു മീനയെ ഇങ്ങോട്ട് സഹായത്തിന് വിളിക്കുന്ന കാര്യം സമ്മതിപ്പിക്കാൻ. അമ്മാമനും മകളെ കുറച്ചു നാളത്തേക്ക് നാസിക്കിലേക്ക് വിടാൻ സമ്മതിച്ചപ്പോൾ അമ്മ തന്നെയാണ് അയല്പക്കത്തെ ഫ്ലാറ്റിലെ ജോസിന്റെയും കുടുംബത്തിന്റെയും കൂടെ അവളെ ഇങ്ങോട്ടയച്ചത്...അവൾ , പാചക കാര്യങ്ങൾ മുഴുവനും ഏറ്റെടുത്തത് എനിക്കേറെ സഹായമായി. ഒരു ജോലിക്കാരിയെ വയ്ക്കാൻ ചന്ദ്രേട്ടൻ ഒരിക്കലും സമ്മതിച്ചിരുന്നില്ലല്ലോ…

എന്നാലും ..എത്ര ശ്രദ്ധിച്ചിട്ടും… എന്തേ ആ ഞായറാഴ്ച ഇങ്ങനെയൊക്കെ..? ചന്ദ്രേട്ടൻ നല്ല മൂഡിൽ 8 മണി കഴിഞ്ഞ് എണീറ്റ് വന്നപ്പോഴേ എനിക്കാശങ്കയുണ്ടായിരുന്നു. അന്ന് ഉച്ചയൂണ് പുറത്തു നിന്നും വരുത്താം… മീനക്ക് റെസ്റ്റ് അയിക്കോട്ടേന്നും പറഞ്ഞ് തന്തൂരിയും ചിക്കൻ കറിയും വരുത്തി, പതിവിനു വിപരീതമായി എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാമെന്ന് തീരുമാനിച്ചതും ചന്ദ്രേട്ടൻ തന്നെ. ഞാനാദ്യമായാണോ വിവാഹ ശേഷം ഇത്രക്കും സന്തോഷിച്ചത്... ഇന്നെങ്കിലും മീനുവുള്ളതിനാൽ കുട്ടികളുടെ മുമ്പിൽ വച്ച് എന്നെ ആക്രമിക്കില്ലല്ലോ..

.ഞങ്ങൾ ചിക്കൻകറിയെക്കുറിച്ച് സംസാരം തുടങ്ങി… ഇനി വീട്ടിൽ ഉണ്ടാക്കാം നമ്മുക്കിതെന്ന് മീന... അതെ…ഞാൻ ഉണ്ടാക്കുന്ന വിധം പറഞ്ഞു തരാം ...നീ ഉണ്ടാക്കണം. ഇനി അടുത്ത ഞായറാഴ്ചയാകട്ടെ…കുട്ടികൾക്കും ഏറെ സന്തോഷം..

ഞങ്ങൾ വളരെ സ്നേഹത്തോടെ ഓരോന്നും പറഞ്ഞ് എഴുന്നേറ്റപ്പോൾ പെട്ടെന്നല്ലേ ചന്ദ്രേട്ടന്റെ ഭാവം മാറിയത്…! എന്റെ നിറവയറും നോക്കി പറഞ്ഞു….ഇതൊരു മോളായിരിക്കും… പന്ത്രണ്ടും പതിനഞ്ചും വയസ്സുള്ള മക്കളുടെ മുന്നിൽ ഞാൻ ചൂളിയിരുന്നു… നല്ല പ്രായമല്ലേ വീണ്ടും ഇങ്ങനെ ഗർഭം ചുമക്കാൻ… എന്റെ വിധി… എന്നോർത്തു.

പെട്ടെന്ന് ചന്ദ്രേട്ടൻ പിടഞ്ഞെഴുന്നേറ്റ് എന്റെ കൈയ്ക്ക് പിടിച്ച് ബെഡ് റൂമിലേക്ക് വിളിച്ചപ്പോൾ ഞാനെതിർത്തു… വയ്യ... ഇനി ഇതു വയ്യ…ചന്ദ്രേട്ടാ. …സനുവും ഇടക്ക് കയറി അച്ഛനെ തടുക്കാൻ നോക്കി. മനുവും മീനയും ചന്ദ്രേട്ടന്റെ ദേഷ്യം കൊണ്ട് ബീഭത്സത പൂണ്ട മുഖം കണ്ട് ഭയന്ന് വിളിച്ചു. മീന പുറത്തേയ്ക്കോടി. കുട്ടികളെ ചന്ദ്രേട്ടൻ ബാത്ത്റൂമിലിട്ടടച്ചു…

 ദൈവമേ ഇനി ഞാനെന്തു ചെയ്യും… ചന്ദ്രേട്ടന്റെ കാമാസക്തിക്ക് ഈ അവസ്ഥയിൽ എനിക്ക് ബലിയാടാകാൻ വയ്യ…. പ്രതിരോധിക്കാനാവില്ലെന്നറിഞ്ഞിട്ടും ചന്ദ്രേട്ടന്റെ പിടിയിൽ നിന്നും കുതറിമാറിയതോർമ്മയുണ്ട്...പിന്നീടെന്തുണ്ടായി… നിറഞ്ഞ വയറും നോക്കി ചന്ദ്രേട്ടൻ തൊഴിച്ചതറിഞ്ഞോ ഞാൻ… ഇപ്പോഴിതാ ഇവിടെ…ആശുപത്രിയിൽ കുഞ്ഞുമായി!

“മോളേ…” വല്യേട്ടനോ…? ഇതെപ്പോഴെത്തി ഏട്ടാ..? മോളേ… എല്ലാം പെട്ടെന്നായിരുന്നു. വിവരമറിഞ്ഞപ്പോൾ ഞാനുടൻ നിന്റെ ഏട്ടത്തിയമ്മേം കൂട്ടി നേരെയിങ്ങെത്തി… അവർ ഇത്രയടുത്ത് ബോംബെയിലുണ്ടായിരുന്നിട്ടും ഇതാദ്യമായല്ലേ എന്റടുത്തേക്ക് വരുന്നത്... ചന്ദ്രേട്ടന്റെ ഇഷ്ടക്കേടു തന്നെ കാരണമെന്നറിയാമെനിക്ക്.എന്നാലും ഇപ്പോൾ…വല്യേട്ടൻ വന്നു…

എന്തേ എന്തുണ്ടായി…? ഏട്ടന്റെ കണ്ണുകൾ നിറഞ്ഞു വരുന്നു... പിറകിൽ നിൽക്കുന്ന ഏട്ടത്തി ഏങ്ങലടിച്ച് കരയുന്നു… മക്കളെവിടെ ഏട്ടത്തീ…? ചന്ദ്രേട്ടൻ മോളെ കണ്ടില്ലേ..?അവരൊക്കെ..? പിന്നെ എന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഏട്ടൻ വിതുമ്പി…                                                                                                                       “അവൻ പോയി…മോളേ… കയറിൽ തൂങ്ങി… ചതിയൻ… നിന്നെ ഇങ്ങനെയിട്ട്…”                                                                                                          അവർക്കെല്ലാം മനസ്സിലായെന്നുറപ്പ്… ഒരു തുള്ളി കണ്ണുനീരു പോലും എന്റെ കണ്ണുകൾക്കപ്പോൾ ചുരത്താനായില്ല… ഉള്ളം വിങ്ങി നീറുമ്പോഴും പെണ്ണായി ജനിച്ചതിന്റെ ദൈന്യതയിൽ നിന്നും മോചനം കിട്ടിയതിന്റെ ആശ്വാസവും ഉള്ളിൽ വന്നപോലെ...

                                *****************

 “ഇനിയെന്ത് ?”

“ വലിയൊരു ചോദ്യമാണത്.  “

“ അതെ. ചെറിയ കുഞ്ഞിനെയും വച്ച് ഇവിടെ ഇങ്ങനെ കഷ്ടപ്പെടാനാകില്ലല്ലോ. തത്ക്കാലം നാട്ടിൽ പോകുന്നതും അച്ഛനുമമ്മക്കുമൊപ്പം നിൽക്കുന്നതാണ്  നല്ലത്.ഫാമിലി പെൻഷൻ എന്തായലും കിട്ടുമല്ലോ”

ഇടയ്ക്ക് അവരുടെ ഏട്ടൻ കയറി വന്നു. “ ഞങ്ങൾക്കവന്റെ പെൻഷനൊ സമ്പത്തോ ഒന്നും വേണ്ട. കുട്ടികളെ നന്നയി വളർത്താനുള്ള പ്രാപ്തി ഇവളുടെ സഹോദരന്മാർക്കുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇവരെ ഞാൻ ബോംബെയിലേക്ക് കൊണ്ടു പോകും. മക്കൾ ബോംബെയിലെ ഏതെങ്കിലും കെ വിയിൽ തന്നെ പഠിക്കും”

ചെറു പ്രായത്തിൽ തന്നെ വേണ്ടുവോളം ദുരിതമനുഭവിച്ച ആ കുട്ടികൾക്ക് ഇനിയെങ്കിലും സ്നേഹമനുഭവിച്ച് ജീവിക്കാനാകട്ടെ എന്ന് ഹൃദയപൂർവ്വം ആഗ്രഹിച്ചു കൊണ്ടാണ് ഞാനന്ന് തിരിച്ചു പോന്നത്.

ടി സി വാങ്ങാൻ സ്ക്കൂളിൽ വന്നപ്പോൾ സ്കൂൾ മാറിപ്പോകുന്നതിന്റെ വേദന അവന്റെ മുഖത്ത് തെളിഞ്ഞു കണ്ടു. നന്നായി പഠിച്ച് നല്ലൊരു ജോലി നേടണമെന്നും അമ്മക്കും സഹോദരങ്ങൾക്കും താങ്ങാകണമെന്നും ഉപദേശിച്ചെങ്കിലും എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു, സ്വയം അവനതറിയാമെന്ന്.

സനോജ് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്കുകൾ വാങ്ങിയെന്നറിയിച്ചു.  പിന്നീട് പ്രീഡിഗ്രി കഴിഞ്ഞ്  എഞ്ചിനീയറിംഗിന് ബോംബെയിൽ തന്നെ ചേർന്നപ്പോഴും സനോജ് എനിക്ക് കത്തുകളയച്ചു. നല്ല ആത്മവിശ്വാസവും നിശ്ചയദാർഢ്യവും കലർന്ന അവന്റെ വാക്കുകൾ വായിച്ച് മനസ്സു നിറഞ്ഞു.

                                     

 

Share :