Archives / september 2019

ഫൈസൽ ബാവ
പുതിയകാലകഥയിലെ കരിക്കകം ടച്ച്(ശ്രീകണ്ഠൻകരിക്കകത്തിന്റെ *അങ്കണവാടി* എന്ന കഥ)

ഇന്ന് ഏറെ ശ്രദ്ധ നേടിയ എഴുത്തുകാരനാണ് ശ്രീകണ്ഠൻ കരിക്കകം. ഒട്ടുമിക്ക എല്ലാ മാസികകളിലും ഇദ്ദേഹത്തിന്റെ കഥകൾ കാണാം. മൂലധനത്തിന്റെ താക്കോൽ പോലുള്ള മനോഹരമായ കഥകളും അതിൽ പെടും. അദ്ദേഹത്തിന്റെ വ്യത്യസ്തമായ  കഥയാണ്  ഈയിടെ വന്ന *അങ്കണവാടി.* സാമൂഹ്യ യാഥാർഥ്യങ്ങൾ ഇഴ ചേർത്തു സമർഥമായി കറുത്ത ഹാസ്യം പറയുന്ന ഒരു കഥയാണ്. ഇതിലെ പ്രധാന കഥാപാത്രമായ പ്രഭാവതി ഒരു പ്രതീകമാണ്. അവരിലൂടെ പറയുന്ന സാമൂഹിക യാഥാർഥ്യം കഥയുടെ ആഴത്തെ കാണിക്കുന്നു. ആഖ്യാനത്തിന്റെ മേന്മയും  ഭാഷയുടെ ഭംഗിയും കഥയെ മികച്ചതാക്കുന്നു.

*"പ്രഭാവതിക്കിപ്പോൾ വയസ്സില്ല. ചിലപ്പോൾ ആമയെപ്പോലെ ഇഴയുന്ന നഴ്‌സറി കുട്ടി. മറ്റു ചിലപ്പോൾ തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കിടുന്ന അമ്മായിയമ്മ. ചില നിമിഷങ്ങളിൽ ഉടൽ ചെമ്പകം പോലെ പൂക്കുന്ന ഭാര്യ"* 

ഒരു നാടിന്റെ സാമൂഹിക ഇടപെടൽ, അതിലെ രാഷ്ട്രീയം   കഥയിൽ കൃത്യമായി പറയുന്നു. അങ്കണവാടി എന്നത് ഒരു നാടിന്റെ അടയാളവും  നേർചിത്രമാണ്. *"കെട്ടിടം പണിയാൻ കറുത്ത പശിമയുള്ള മണ്ണിനെ ചവിട്ടിയൊരുക്കി കട്ടയറുത്തു നൽകിയവരാരും തന്നെ അങ്കണവാടിയിലോ, പള്ളിക്കൂടത്തിലോ പോയവരായിരുന്നില്ല. അവരുടെ കുട്ടികളാണ് മൂക്കോലിപ്പിക്കുന്ന ഇണക്കപ്പിണക്കങ്ങളിൽ താണും ഉയർന്നും ഒരു ഓലപീപ്പിയുടെ പച്ചകെടാത്ത മുഴക്കത്തോടെ നിലവിളിച്ചും പുള്ളിവെയിലിനുനേരെ പറന്നുകളിക്കുന്ന വർണ്ണതുമ്പികളുടെ കോറസ്സുപോലെ ചിരിച്ചും ചിതറിയിമൊക്കെ അവിടെ എത്തിയത്"*

 ഒരു ഗ്രാമത്തിലെ സാമൂഹിക അന്തരീക്ഷമാണ് ഈ വരിയിലൂടെ തെളിയുന്നത്.

 പ്രഭാവതിയുടെ തിരോധാനത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ജയശീലനെ സംബന്ധിച്ച് തന്റെ കൂടെ ഇരു മെയ്യാണ് എങ്കിലും ഒരുമിച്ചു ഒരു മനസ്സോടെ ജീവിച്ച ഭാര്യ പ്രഭാവതിയുടെ കാണാതാകൽ ഏറെ അസ്വസ്ഥത ഉണ്ടാകുന്നുണ്ട്. ദുബായിലും ജർമനിയിലും ഉള്ള മക്കൾക്ക് അശ്രദ്ധനായ പിതാവിൽ കുറ്റം കണ്ടെത്തി അവരുടെ ഉത്തരവാദിത്വം ഒഴിയുന്നു.

*"മകൾ  ദുബായിലെ ഫ്ലാറ്റിൽ നിന്നും തിരക്കിട്ട് ഷോപ്പിംഗ് മാളിലേക്ക് പായുന്നതിനിടയിൽ അച്ഛന് വാട്‌സ്അപ്പിലൊരു മെസേജ് ടൈപ്പ് ചെയ്ത്, 'ഞങ്ങളുടെ തിരക്കുകളും അസൗകര്യങ്ങളുമൊക്കെ ആരെക്കാളും നന്നായിട്ടറിയാവുന്ന അച്ഛൻ കുറച്ചുകൂടി അമ്മയെ ശ്രദ്ധിക്കണമായിരുന്നു. അച്ഛൻ എന്തെങ്കിലും വിവരം കിട്ടുമ്പോൾ വിളിക്ക്, ഞാനെങ്ങനെയെങ്കിലും വരാൻ ശ്രമിക്കാം"*  ഇതിലൂടെ തുറന്നുകാട്ടുന്ന ഒരു സാമൂഹിക യാഥാർഥ്യം ഉണ്ട്. കഥ ഇങ്ങനെ ഒരു സമൂഹത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങളെ കൃത്യമായി ഒതുക്കത്തോടെ തൊടുന്നു. അവറാച്ചൻ എന്ന പ്രാദേശിക രാഷ്ട്രീയ സാമൂഹിക നേതാവിന്റെ ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ അങ്കണവാടി എന്ന സാമൂഹിക പശ്ചാത്തലവും. *"ത്യജിക്കാൻ നാടുനീളെ അപ്പനച്ഛന്മാർ വെട്ടിപിടിച്ച ഒരുപാട് ഭൂമിയും മടിശ്ശീല ക്കനമൊന്നും ഉണ്ടായിരുന്ന ഒരാളായിരുന്നില്ല, അവറാച്ചൻ. വെന്ത ചോറിന്റെ മണമുള്ള ഒരു വെറും കർഷകത്തൊഴിലാളി. നീട്ടാനും ചുരുക്കാനും ആകെയുണ്ടായിരുന്ന മുപ്പത് സെന്റ് ഭൂമിയിൽ 25 സെന്റ് അയാൾ 'നമ്മുടെ കുട്ടികൾ പഠിക്കട്ടെ' പറഞ്ഞാണ് സർക്കാരിന് വിട്ടുനല്കിയത്. അന്നതിനെ ആരും സ്ക്വയർ ഫീറ്റിനളന്ന് ഒരു ബുദ്ധിമോശമായി കണ്ടില്ല. വലിയ ത്യാഗമൊന്നും പറഞ്ഞില്ല."*  അവറാച്ചാനും സമൂഹത്തിന്റെ ഒരു പ്രതീകമാണ്. 

സ്‌ത്രീകളുടെ സാമൂഹിക പ്രശ്‌നങ്ങളും കഥയിൽ തുറന്നു കാട്ടുന്നു. സ്ത്രീകൾക്ക് പൊതു ശൗചാലയം വേണമെന്ന ആവശ്യത്തെ കഥയിൽ എത്ര ഭംഗിയായാണ് അലിയിച്ചു ചേർത്തിരിക്കുന്നത്.

അങ്കണവാടി എന്ന കഥയുടെ വിജയവും അതാണ്.

Share :

Photo Galleries