മായാക്ഷേത്രയാത്ര
ഫ്ലൈയിലെ എല്ലാ മെമ്പർമാരും ഒരുമിച്ചുള്ള ഒരു യാത്ര ഫ്ലൈയുടെ
ചിരകാല സ്വപ്നമാണ്. ഒട്ടേറെ തവണ അതിനുള്ള ശ്രമങ്ങൾ
നടന്നുവെങ്കിലും പലകാരണങ്ങളാൽ അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല.
ഇത്തരുണത്താലാണ് ഏതാനും ഫ്ലൈ സുഹൃത്തുക്കൾ ചേർന്ന് ഒരു യാത്രയ്ക്ക്
തയ്യാറായത്. വിനോദ് എടാട്ട്, സുരേഷ് അടുത്തില, ജാഫർ കണ്ണാടിപ്പറമ്പ്, ഞാൻ. ഞങ്ങൾ
നാൽവർ സംഘം ഏകപക്ഷീയമായി തീരുമാനിയ്ക്കുകയായിരുന്നു വയനാട്ടിലേക്കുള്ള
വിനോദയാത്ര.
വയനാടിനെകുറിച്ച് മാധ്യമങ്ങളിലൂടെ നേടിയ അറിവുകൾ മാത്രമേ ഞങ്ങള്‍ക്ക്
ഉണ്ടായിരുന്നുള്ളു. പിന്നെ ഒരുപാട് സങ്കല്പങ്ങളും. അകൃത്രിമമായ പ്രകൃതിയുടെ
പച്ചപ്പും മനം കുളിർപ്പിക്കുന്ന കോടമഞ്ഞും നൈസർഗ്ഗിക ഗ്രാമഭംഗിയും ആദിവാസി
ഊരുകളിലെ നാട്ടു നന്മകളുമൊക്കെയായിരുന്നു മനസ്സുനിറയെ. എന്നാൽ പാൽച്ചുരം
കയറി വയനാടിന്റെ മണ്ണു സ്പർശിച്ചപ്പോൾ മനസ്സിലായി നമ്മുടെ സങ്കല്പങ്ങളിൽ
നിന്നും യഥാർത്ഥ വയനാട് എത്രയോ അകലെയാണെന്ന്.
കാലത്തെ യാത്ര തിരിച്ചെങ്കിലും ഉച്ചയ്ക്കു ശേഷമാണ് ഞങ്ങൾ വയനാട്ടിൽ
എത്തിയത്. വയനാട് എന്നാൽ കാടുകളുടെ നാട് എന്നാണർത്ഥം. സംസ്കൃതത്തിൽ
മായാക്ഷേത്ര എന്നും പറയും. മായാക്ഷേത്ര ലോപിച്ച് മയനാടാവുകയും വാമൊഴിയാൽ
പിന്നീട് മയനാട്, വനനാട്, വഴിനാട്, വയനാട് എന്നീ നാമങ്ങളാൽ അറിയപ്പെടാനും തുടങ്ങി.
ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം പരാമർശിക്കപ്പെടുന്ന ഭൂപ്രദേശമാണ്
വയനാട്. അയ്യായിരം വർഷങ്ങൾക്കു മുൻപ് തന്നെ ഇവിടെ മനുഷ്യവാസം
ഉണ്ടായതായി ആധുനിക ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. നവീന ശിലായുഗ
സംസ്ക്കാരത്തിന്റെ ഒട്ടേറെ അടയാളങ്ങൾ വയനാടൻ മലകളിൽ നിന്നും മറ്റും
ലഭിച്ചിട്ടുണ്ട്. എടക്കൽ ഗുഹ ഇതിനുള്ള ഉദാഹരണമാണ്. ഇവിടത്തെ ഗുഹാചിത്രങ്ങൾ
രചിക്കപ്പെട്ടത് അതി പ്രാചീന കാലഘട്ടത്തിലാണ് എന്നു പറയപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ, മണ്ണുകൊണ്ട് നിർമ്മിതമായ അണക്കെട്ട് ബാണാസുര
സാഗറിലേക്കാണ് ഞങ്ങള്‍ ആദ്യം ചെന്നത്. കബനിനദിക്കും പോഷകനദിയായ
കരമനയാറിനും കുറുകേയുള്ള ബാണാസുരസാഗർ ഡാം വിനോദസഞ്ചാരികളെ
വളരെയേറെ ആകർഷിക്കുന്ന കേന്ദ്രമാണ്. മലകളെ കാവലാക്കി മഞ്ഞുമൂടിനിൽക്കുന്ന
ബാണാസുരസാഗർ അതിമനോഹരമായ ദൃശ്യാനുഭവമാണ് കാഴ്ചക്കാർക്ക്
സമ്മാനിക്കുന്നത്.
ഞങ്ങൾ ഇവിടെയെത്തുമ്പോൾ നല്ല മഴയായിരുന്നു. മഴയുടെ സീൽക്കാരങ്ങൾ
ബാണാസുര ഭംഗി നുകരുന്നതിന് തടസ്സമായെന്നും പറയാം. മഴകാരണം വാഹനത്തിൽ
നിന്ന് ആർക്കും പുറത്തിറങ്ങാൻ സാധിച്ചില്ലെങ്കിലും ഇതിനോടു ചേർന്നുള്ള
വന്യജീവി സങ്കേതവും പൂന്തോട്ടവും ബാംബു മരങ്ങളും ചേർന്നുള്ള ഉദ്ദ്യാനവും
കാഴ്ചാസുഖം പകര്‍ന്നു. പ്രകൃതിസൌന്ദര്യത്തിനപ്പുറം ചരിത്രപരമായ കാരണങ്ങൾ
കൊണ്ടും ബാണാസുരസാഗർ വിനോദസഞ്ചാരികളെ ആകൃഷ്ടരാക്കുന്നു. അടുത്തുള്ള
ഏതോ സ്ക്കുളില്‍ നിന്നും വിനോദസഞ്ചാരത്തിനെത്തിയഒരു പറ്റം കുട്ടികൾ മഴയത്ത്
അങ്ങുമിങ്ങും ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഏതാനും മണിക്കൂറുകൾ അവിടെ
ചെലവഴിച്ച് താമസ സ്ഥലത്തേക്ക് മടങ്ങുമ്പോൾ നേരം ഏറെയിരുട്ടിയിരുന്നു.
മൂന്നു ദിവസത്തെ യാത്രയിൽ ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കിയത്
ബാബുരാജ് സാറിന്റെ വീട്ടിലായിരുന്നു. വയനാട് യാത്രയിൽ ഞങ്ങളിൽ ഏറ്റവും
കൌതുകമുണർത്തിയ സംഭവമായിരുന്നു ബാബുവേട്ടന്റെ വീട്. എന്തൊക്കെയോ
പ്രത്യേകതകൾ നിറഞ്ഞതാണ് ഈ വീട്. വീടിന് അടിവശം കുളമാണ്. അതിനു
മുകളിൽ മൂന്നുനില ബംഗ്ലാവ് താഴത്തെ ഫ്ലോറിൽ നിന്ന് കുളത്തിലെ
താറാവുകളെയും മീനുകളെയും കാണാം ഞാനും ജാഫറും സുരേഷും താഴത്തെ
മുറിയിലാണ് താമസിച്ചത്. വിനുവേട്ടനും ഉണ്ണിയും
ജോൺപോളും ഇച്ചാലുവും ഡ്രൈവർ പ്രേമേട്ടനും കൂടി മുകളിലത്തെ നിലയിലും.
ഞങ്ങൾ താമസിച്ച മുറിയുടെ അടിവശം കോൺക്രീറ്റ് ചെയ്തിട്ടില്ല. കട്ടിയുള്ള മരപ്പലക
പാകിയ വിടവിലൂടെ മുറിയുടെ അടിയിൽ കുളം വ്യക്തമായി കാണാം. കുളത്തിൽ
നിന്ന് അരിച്ചെത്തുന്ന നേർത്ത തണുപ്പ് എ സിയുടെ പ്രതീതി ഉളവാക്കുന്നതാണ്.
കുളത്തിൽ നീന്തിത്തുടിക്കുന്ന താറാവുകളെ കണികണ്ടുകൊണ്ടാണ് വയനാട്ടിലെ
ഞങ്ങളുടെ പ്രഥമദിനം പുലർന്നത്.
ബാബുവേട്ടനും കുടുംബവും ഞങ്ങളോട് കാണിച്ച സ്നേഹവും സ്വീകരണവും
ആ വലിയ മനുഷ്യന്റെ ഹൃദയവിശാലത വെളിവാക്കുന്നതാണ്. രണ്ടാം ദിനം
നമ്മൾ ആദ്യം സന്ദർശിച്ചത് വയനാട്ടിലെ ഏറ്റവും മനോഹരമായ വിനോദ
സഞ്ചാരകേന്ദ്രം എന്നറിയപ്പെടുന്ന പൂക്കോട് തടാകമാണ്. നാലുഭാഗവും
നിബിഡമായ മലകളാലും വനങ്ങളാലും ചുറ്റപ്പെട്ട പൂക്കോട് തടാകം വളരെ
ഹൃദയഹാരിയാണെന്ന് നിസ്സംശയം പറയാം. തടാകത്തിനു ചുറ്റും നടവഴികളുണ്ട്.
ഒപ്പം ബോട്ട് യാത്രയും. തുഴയുന്ന ബോട്ടുകളും പെഡസ്ട്രിയൽ ബോട്ടുകളും
സുലഭമാണ്. എനിയ്ക്ക് ബോട്ടിൽ കയറാൻ ആഗ്രഹമുണ്ടായിരുന്നു. എന്റെ ആഗ്രഹം
പൂർത്തീകരിച്ചു തരാൻ ജോൺപോൾ തയ്യാറുമായിരുന്നു. എന്നാൽ ബോട്ടിലേക്കു
എടുത്ത് കയറ്റുവാനുള്ള പ്രയാസം മൂലം ആ ഉദ്യമം വേണ്ടെന്ന് വെക്കുകയായിരുന്നു.
തടാകത്തെ വലയം ചെയ്യുന്ന പച്ചപ്പുകളെ തഴുകിയെത്തും ഇളംതെന്നലും മനോഹരമായ
തടാകപ്പരപ്പും ചുറ്റുമുള്ള വനപ്രദേശങ്ങളും ചെറുതും വലുതുമായ എണ്ണമറ്റ
കുരങ്ങുകളും പൂക്കോട് തടാകത്തെ കൂടുതൽ ആകർഷണീയമാക്കുന്നു. പതിനൊന്നു
മണിമുതൽ രണ്ടുമണിവരെ തടാകത്തിലെ ഓളങ്ങളെന്ന പോലെ ഞങ്ങൾ അവിടെ
ഉല്ലസിച്ച് തടാകത്തിന്റെ ദൃശ്യചാരുത ആവോളം നുകർന്നു. ഉച്ചഭക്ഷണത്തിനു ശേഷം
ഞങ്ങൾ വന്യജീവികളുടെ പറുദീസയായ മുത്തങ്ങയിലേക്ക് യാത്രതിരിച്ചു.
വയനാടിനെക്കുറിച്ച് പറയുമ്പോൾ നമ്മുടെ മനസിൽ ആദ്യമോടിയെത്തുന്നത്
മുത്തങ്ങയായിരിക്കും. വന്യജീവി സങ്കേതം എന്നതിനപ്പുറം കേരളത്തിന്റെ രാഷ്ട്രീയ
ഭൂപടത്തിൽ മുത്തങ്ങയുടെ സ്ഥാനം അടയാളപ്പെടുത്തുന്നത്. ആദിവാസികളുടെ
സഹനസമരങ്ങളുടെയും ഭൂസമരങ്ങളുടെയും ചരിത്രപരമായ പശ്ചാത്തലം
കൊണ്ടുകൂടിയാണ്. കേരളത്തിന്റെ രണ്ട് അയൽ സംസ്ഥാനങ്ങളുമായി അതിർത്തി
പങ്കിടുന്ന ഭൂമേഖലയെന്ന പ്രത്യേകതയും മുത്തങ്ങയ്ക്കുണ്ട്. കർണ്ണാടകയും തമിഴ്
നാടുമായി ചേരുന്ന ഈ സ്ഥലത്തെ ട്രയാങ്കിൾ പോയിന്റ് എന്നും വിളിയ്ക്കുന്നു.
മുത്തങ്ങ ബന്ദിപ്പൂർ നാഷണൽ പാർക്ക് റോഡിലൂടെ ഞങ്ങൾ ഏറെനേരം വാഹനത്തിൽ
സഞ്ചരിച്ചു. റോഡിന് ഇരുവശങ്ങളിലുമായി സ്വതന്ത്രരായി വിഹരിക്കുന്ന ആന,
കാട്ടുപോത്ത്, കുരങ്ങ്, മാൻ, മയിൽ, സിംഹവാലൻ കുരങ്ങ്, തുടങ്ങി ഒട്ടേറെ വന്യജീവികളെ
നേരിൽ കാണാൻ കഴിഞ്ഞു.
വയനാട് യാത്രയിലെ ഏറ്റവും ധന്യമായ നിമിഷങ്ങളായിരുന്നു മുത്തങ്ങയിലൂടെ
കടന്നുപോയത്. വനമേഖലയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന കർശ്ശന
നിയന്ത്രണമുണ്ടെങ്കിലും യാത്രാമദ്ധ്യേ ഒരു കാട്ടുപോത്തിനെ കണ്ടപ്പോൾ ഫോട്ടോ
പിടിക്കാനായി വാഹനം നിർത്തി. കാട്ടുപോത്തിന്റെ അരികിലേക്ക് ഫോട്ടോ
പിടിക്കാനായി നടന്നു നീങ്ങിയ ജോൺപോൾ നമ്മളെ എല്ലാവരെയും ഭയപ്പെടുത്തി.
പത്തുമിനിട്ടോളം ഞങ്ങളെ എല്ലാവരെയും മുൾമുനയിൽ നിർത്തിയ സംഭവമായിരുന്നു
അത്. മുത്തങ്ങയുടെ പച്ചപ്പും വന്യതയും അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ
കഴിഞ്ഞില്ലയെന്നൊരു നൊമ്പരം മനസിൽ ബാക്കിനിർത്തിയാണ് അവിടെ നിന്നും
വിടവാങ്ങിയത്.
മൂന്നാം ദിനം പുലർന്നപ്പോൾ എല്ലാവരിലും ഇനിയും കാണാനുള്ള കാഴ്ചയ്ക്കായുള്ള
ആകാംഷയായിരുന്നു. പിന്നിട്ട കാഴ്ചകൾ ഒരു വട്ടംകൂടി കാണാന്‍
മതിവരാത്ത മനസിന്റെ ത്വരയും ഉൾപ്പുളകങ്ങളുമാണ് നിറഞ്ഞു നിന്നത്.
വയനാടിനോട് വിടപറയുന്ന ദിവസം ബാബുവേട്ടനോടും കുടുംബത്തിനോടുമൊപ്പം
ഞങ്ങൾ കുറേസമയം ചിലവഴിച്ചു. അവിടത്തെ ഒരു പ്രാദേശിക ടി.വി ചാനലിലെ
റിപ്പോർട്ടറുമുണ്ടായിരുന്നു. ചാനൽ റിപ്പോർട്ടിനു വേണ്ടുന്ന ടോക്കുകളും
വിഷ്വൽസുകളുമെല്ലാം എടുത്ത് ഞങ്ങൾ വിടപറയുമ്പോൾ ആർട്ടിസ്റ്റ്
നമ്പൂതിരി വരച്ച ഒരു ചിത്രം ആലേഖനം ചെയ്ത ഒരു ടീഷർട്ട് ബാബുവേട്ടൻ
ഞങ്ങൾക്ക് എല്ലാവർക്കും സമ്മാനമായി നൽകി. ഒപ്പം വിനുവേട്ടന്റെ ഒരു കവിതയും
പ്രസ്തുത നിമിഷങ്ങളെ ധന്യമാക്കി.
മൂന്നാം ദിനം നമ്മൾ ആദ്യം പോയത് ഉറവിലേക്കാണ്. വിവിധങ്ങളായ ബാംബൂ
ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമാണ് ഉറവ്. ബാംബുവിൽ തീർത്ത ആഭരണങ്ങളും
കരകൌശല വസ്തുക്കളുമെല്ലാം കലാചാതുരിയുടെ കൌതുകം ജനിപ്പിക്കുന്നതാണ്.
എല്ലാവരും ഉറവിൽ നിന്ന് ചെറിയതോതിൽ പർച്ചേസിങ്ങ് നടത്തി. ഭംഗിയും
കൌതുകവും പകരുന്ന ഉൽപ്പന്നങ്ങളാണെങ്കിലും സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത
വിലയാണു മിക്കതിനും. വിനോദ സഞ്ചാരികളെയും വിദേശ മാർക്കറ്റുകളെയുമായിരിക്കും
ഇവിടത്തെ ഉൽപ്പന്നങ്ങൾ ലക്ഷ്യമാക്കുന്നത്. ഉറവിന്റെ വർക്ക് ഷോപ്പുകളിൽ നിന്നും
വമിക്കുന്ന അസഹനീയമായ പൊടിപടലങ്ങൾ കാരണം അധികസമയം ഞങ്ങള്‍ക്ക്
അവിടെ ചിലവഴിയ്ക്കാൻ കഴിഞ്ഞില്ല.
അടുത്ത ലക്ഷ്യം കാരാപ്പുഴ ഡാമാണ്. വയനാടിന്റെ ഉൾഭാഗങ്ങളിലൂടെയുള്ള
യാത്ര റോഡിന്റെ ശോചനീയാവസ്ഥ മൂലം ശാരീരികമായ അസ്വസ്ഥതകൾ
വരുത്തിയെങ്കിലും മനസിൽ നിറയെ യാത്രയുടെ ലഹരിയായതിനാൽ അത്തരം
അസ്വസ്ഥതകളൊന്നും കാര്യമായി ഫീൽ ചെയ്തില്ല. ഉച്ചയോടെ കാരാപ്പുഴ ഡാമിൽ
എത്തി. ഡാമിന്റെ സുരക്ഷാകാരണങ്ങളാൽ വാഹനങ്ങൾ അകത്തേക്കു വിടില്ലായിരുന്നു.
ജോൺപോൾ ചെന്ന് സെക്യൂരിറ്റിയോട് അനുവാദം വാങ്ങിയതിനു ശേഷമാണ്
നമ്മുടെ വാഹനം കടത്തിവിട്ടത്. അധികസമയം തങ്ങരുതെന്നും ഫോട്ടോകൾ
പിടിക്കരുതെന്നും നിബന്ധനകൾ ഉണ്ടായിരുന്നു. എങ്കിലും അവിടെ നിന്നും ഏതാനും
സ്റ്റിൽസുകൾ ജോൺപോൾ ക്യാമറയിൽ പകർത്തുകയുണ്ടായി.
കാരാപ്പുഴ ഡാമിനും ഒട്ടേറെ പ്രത്യേകതകൾ അവകാശപ്പെടാനുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണുകൊണ്ട് നിർമ്മിതമായ അണക്കെട്ടാണിത്.
ഞങ്ങൾ ചെല്ലുമ്പോൾ ഡാമിൽ വെള്ളം കുറവായിരുന്നു. ഉച്ചനേരം ആയതു
കൊണ്ടാവാം മറ്റു സന്ദർശകർ ആരുമുണ്ടായിരുന്നില്ല. ഏകദേശം ഒരു മണിക്കൂർ
സമയം അവിടെ ചിലവഴിച്ച് ഞങ്ങളുടെ വാഹനം മുന്നോട്ടുനീങ്ങി.
വയനാട്ടിലെ യാത്രികരെ ആകർഷിക്കുന്ന മറ്റൊരു അനുഭൂതിയാണ് താമരശ്ശേരി
ചുരം. യാത്ര താമരശ്ശേരി തൊട്ടപ്പോൾ അറിയാതെ വെള്ളാനകളുടെ നാട് എന്ന
ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ ഡയലോഗ് മനസിലേക്കോടിയെത്തി. ചുരത്തിന്റെ
മുകൾഭാഗത്ത് വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ ചുരത്തിന്റെ വശ്യമായ സൌന്ദര്യം
നയനം നിറയെ ആസ്വദിച്ചു. നട്ടുച്ചയ്ക്കും കോടമഞ്ഞ് പൊതിയുന്ന ചുരത്തിന്റെ
പ്രകൃതി വശ്യത അവർണ്ണനീയം തന്നെ. മുകളിൽ നിന്നും താഴെയുള്ള
കാഴ്ച ഏതൊരു മനസ്സിനെയും കീഴടക്കുന്നതാണ്. ഞങ്ങളുടെ പക്കൽ
സമയമുണ്ടായിരുന്നെങ്കിൽ എത്ര നേരം വേണമെങ്കിലും ആ കാഴ്ചകൾ
നുകർന്നിരിക്കാമായിരുന്നു എന്നു മനസ്സാഗ്രഹിച്ചു. താഴെ റോഡിലൂടെ പോകുന്ന
വാഹനങ്ങൾക്ക് ഒരു തീപ്പെട്ടിയുടെ വലിപ്പം മാത്രമേ അപ്പോൾ തോന്നിച്ചുള്ളു.
താമരശ്ശേരി ചുരവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. കോഴിക്കോട് നിന്നും ഒരു
സായിപ്പ് കാപ്പിത്തോട്ടത്തിനനുയോജ്യമായ വയനാട്ടിലേക്ക് പ്രവേശിക്കാൻ പറ്റിയ വഴി
തിരയാനായി സ്ഥലവാസിയായ ഒരു ആദിവാസിയുടെ സഹായം സ്വീകരിച്ചു. ഇന്നു
നമ്മൾ കാണുന്ന ഒട്ടേറെ ഹെയർപിൻ വളവുകളുള്ള റോഡിന് വഴികാട്ടിക്കൊടുത്തത്
ഒരു ആദിവാസി യുവാവാണ്. പിന്നീട് വഴികാട്ടിയായ ഈ യുവാവിനെ സായിപ്പ്
കൊലപ്പെടുത്തി എന്നാണ് കഥ. ചുരം റോഡ് പൂർത്തിയായതിനുശേഷം അവിടെ
ഒട്ടേറെ വാഹനാപകടങ്ങൾ സംഭവിച്ചു. പ്രശ്നവശാൽ കൊല്ലപ്പെട്ട ആദിവാസിയുടെ
ഉപദ്രവം കൊണ്ടാണ് അപകടങ്ങൾ സംഭവിക്കുന്നതെന്ന വിശ്വാസം പ്രചരിക്കുകയും
ആദിവാസിയുടെ ബാധയെ ആവാഹനം ചെയ്ത് അവിടെ ഒരു അരയാലിൽ
തളയ്ക്കുകയും ചെയ്തു. ആ അരയാലും ചങ്ങലയും ഇപ്പോഴും അവിടെ കാണാം.
ചെങ്കുത്തായ ചുരം ഇറങ്ങിയതോടെ വയനാടൻ മണ്ണിൽ നിന്നും, കാഴ്ചയിൽ നിന്നും
വിടവാങ്ങുകയായി. അടിവാരത്തിലെത്തിയപ്പോൾ സമയം മൂന്നുമണി ആയിരുന്നു.
കാരാപ്പുഴയിൽ നിന്നേ വിശപ്പ് അനുഭവപ്പെട്ടെങ്കിലും അടിവാരത്തിൽ നിന്നാണ് ഞങ്ങൾ
ലഞ്ച് കഴിച്ചത്.
ഈ യാത്രയുടെ ക്ലൈമാക്സിന് കളമൊരുങ്ങിയത് കാപ്പാട് ബീച്ചിലാണ്.
ചരിത്രാവശേഷിപ്പുകൾ അന്തിയുങ്ങുന്ന കാപ്പാടിന്റെ മണലിലൂടെ ചക്രകസേര
കറങ്ങുമ്പോൾ പണ്ട് സാമൂഹ്യപാഠത്തിൽ പഠിച്ച വാസ്ക്കോ-ഡ-ഗാമയും കപ്പലും
വൈദേശിക അധിനിവേശവുമെല്ലാം ഓർമ്മയിലെത്തി. ബീച്ചിന്റെ പ്ലാറ്റ്ഫോം മുഴുവൻ
ഇന്റർലോക്ക് ചെയ്തതിനാൽ വീൽചെയർ തള്ളുന്നതിന് തെല്ലും ബുദ്ധിമുട്ടനുഭവപ്പെട്ടില്ല.
ബീച്ചിൽ ഞങ്ങളെല്ലാം അർമ്മാദിക്കുകയായിരുന്നു. നാലു വീൽചെയർ ഒരുമിച്ച്
കണ്ടപ്പോൾ സന്ദർശകരുടെ കണ്ണുമുഴുവൻ നമ്മളിലേക്കായി. ചിലരൊക്കെ വന്നു
പരിചയപ്പെട്ടു. ചില കണ്ണുകളിൽ സഹതാപമായിരുന്നു. ചിലതിൽ കൌതുകവും.
എങ്കിലും ഞങ്ങൾ അതൊന്നും ഗൌനിച്ചില്ല. കടൽ ഒരു വിസ്മയമാണ്. അനന്തമായ
വിസ്മയം. ശാന്തമായ അന്തരീക്ഷത്തിൽ കടലിന്റെ ഭംഗി ആസ്വദിക്കാൻ കിട്ടിയ
അവസരം പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം ഞാനും
ജാഫറും കടലിലേക്കിറങ്ങി. തിരമാലകളുടെ തലോടലുകൾ ഏറ്റുവാങ്ങി. തലയ്ക്കുമുകളിൽ
തിരയടിച്ച് മൊത്തം ഉപ്പുവെള്ളത്തിൽ കുളിച്ചു. ഉള്ളിൽ പേടിയുണ്ടെങ്കിലും അത്
പുറത്തു കാണിക്കാതെ അനുപമമായ കടലിന്റെ മനോഹാരിത ആവോളം ആസ്വദിക്കുക
തന്നെ ചെയ്തു ഒരു തവണ ഇവിടെ വന്ന സഞ്ചാരികൾ വീണ്ടും ഇവിടെ വരാൻ
കൊതിക്കും. കാപ്പാട് ബീച്ചിന് കപ്പക്കടവ് എന്നും പേരുണ്ട്. കടലിലേക്ക് നീണ്ടു കിടക്കുന്ന
പാറക്കൂട്ടം ബീച്ചിന് പ്രത്യേക സൌന്ദര്യം പകരുന്നു. ശാന്തസുന്ദരമായ കടലും
നൈസർഗ്ഗീക ലാവണ്യം പുതച്ചുനിൽക്കുന്ന കടൽതീരവും ഏതൊരു സഞ്ചാരിയുടെയും
മനംകവരും. ശരീരമൊട്ടാകെ ഉപ്പുവെള്ളം നനഞ്ഞതിനാൽ കാറിൽ വന്ന് ഡ്രസ് മാറി
അസ്തമയവും കണ്ട് കാപ്പാടിനോട് ബൈബൈ പറഞ്ഞ് ഞങ്ങളുടെ വാഹനം നാടിനെ
ലക്ഷ്യമാക്കി അതിവേഗം മുന്നോട്ടു നീങ്ങി.