Archives / september 2019

ഗീത മുന്നൂർക്കോട്
 ഭാഭി ഗീത മുന്നൂർക്കോടിൻറെഅനുഭവ കഥകൾ ( 11)

ഓജ്ജർ കെ വി യിൽ ചേർന്ന് രണ്ടു മാസങ്ങളോളം ഞാൻ എച്ച് എ എല്ലിൽ (ടൗണ് ഷിപ്പ്) ഉള്ള ചേച്ചിയുടെ കൂടെ ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. എന്നാൽ രണ്ടിലധികം കിലോ മീറ്റർ ദുരമുണ്ട് അവിടെ നിന്ന്‍ സ്ക്കൂളിലേക്ക്. ലൈന്‍ ബസ്സുകളൊന്നും എയർ ഫോഴ്സ് സ്റ്റേഷനിലുള്ളിലേക്ക് കടത്തി വിടുമായിരുന്നില്ല എന്നതിനാൽ ടൗണ് ഷിപ്പിൽ നിന്നും ഉണ്ടായിരുന്ന ബസ്സുകൾ എല്ലാം തന്നെ നേരെ ഓജ്ജാർ ഗാവ് വഴി നാസിക് സിറ്റിയിലേക്ക് പോകുന്നവയായിരുന്നു. എനിക്ക് സ്ക്കൂളിലെത്താൻ നടക്കുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. 

മൂന്നാം മാസമായപ്പോഴേക്കും സ്ക്കൂളിനു വേണ്ടി വായുസേന നൽകിയ ക്വാർട്ടേഴ്സിന് അപേക്ഷിച്ചു. നാട്ടിൽ ആറാം ക്ലാസ്സിൽ പഠിച്ചിരുന്ന അനിയൻ അജിയേയും കൂടെ കൊണ്ടു പോയി അവിടെ പഠിപ്പിക്കാൻ തീരുമാനിച്ചതും കൂട്ടിന് അവനുമുണ്ടാകുമല്ലോ താമസിക്കാൻ എന്നും മനസ്സിൽ കരുതി. എന്നാൽ അടുത്ത കൊല്ലമേ ക്വാർട്ടേഴ്സ് ഒഴിയൂ എന്ന് പ്രിൻസിപ്പൽ അറിയിച്ചു. വേറെ ചില അദ്ധ്യാപകർ താമസിക്കുന്ന വീടുകളിലൊന്നിൽ അവർക്കു സമ്മതമാണെങ്കിൽ ഷെയർ ചെയ്യാൻ അനുവദിക്കാം എന്നായി അദ്ദേഹം. അപ്പോഴാണ് സോഷ്യൽ സയൻസ് ടീച്ചർ ഷമീം അഹമ്മദിന്റെ വീട്ടിൽ ഒരു മുറി ഒഴിവുണ്ടെന്നറിഞ്ഞത്. ഷമീം സറുമായി സംസാരിച്ച് ഒത്തു തീർപ്പിലെത്തി. അധികം താമസിയാതെ തന്നെ ഞാൻ ഷിഫ്റ്റ് ചെയ്തു; എയർ ഫൊഴ്സ് ക്വാർട്ടേഴ്സിൽ താമസവും തുടങ്ങി

ഷമീം സറിന്റെ കൂടെ ഉണ്ടായിരുന്നത് ഭാര്യയും മകൻ ജാവേദും. താമസിക്കാനായി ഞാൻ ഷമീം സറിന്റെ വീട്ടിലെത്തിയപ്പോൾ  അദ്ദേഹത്തിന്റെ ഭാര്യ ആകെ പകച്ചു നിന്നു, അവർക്ക് അത്ഭുതമായി, ഹിന്ദുവായ ഞാൻ എങ്ങനെ മുസൽമാന്മാരോടൊപ്പം ജീവിക്കുമെന്ന ആശങ്ക! ഞാൻ അവരുടെ കൈ കവർന്നെടുത്ത് മുറുകെ പിടിച്ച് പറഞ്ഞു. നമ്മളൊക്കെ മനുഷ്യരല്ലേ, എല്ലാവരും എനിക്കൊരുപോലെയാണ് ഭാഭീ. നിങ്ങൾക്കൊപ്പം നിങ്ങളുടെ സഹോദരിയായി ഞാനും കൂടിക്കോട്ടെ. എനിക്കതിൽ സന്തോഷമേയുള്ളൂ.

ഭാഭി ഒട്ടും വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത എഴുതാനും വായിക്കാനുമറിയാത്ത തനി യാഥാസ്ഥിതികമനസ്സിന്നുടമയായിരുന്നു. അതിനാൽ പെട്ടെന്നൊന്നും അവരെ വശത്താക്കാൻ കഴിയുമായിരുന്നില്ല.  എങ്കിലും ഷമീം സറിനോടുള്ള ഭയവും എന്റെ സങ്കോചമില്ലാത്ത പെരുമാറ്റവും കൊണ്ട് ഭാഭി എന്നോട് അടുത്തു പെരുമാറാൻ തുടങ്ങി.

ഭാബി ഒരു പഠാൻ കുടുംബത്തിലെ പെണ് കുട്ടിയായതിനാലും അവരുടെ ബാപു ധനികനായിരുന്നതിനാലുമാണത്രേ ഷമീം സർ വിവാഹം കഴിച്ചതു തന്നെ. എന്നാൽ തീരെ വിദ്യഭ്യാസമില്ലാത്ത അക്ഷരം പോലുമറിയാത്ത ഭാര്യക്ക് ഒരു വീട്ടു വേലക്കാരിയുടെ സ്ഥാനമേ ഭർത്താവിൽ നിന്നും കിട്ടിയതുള്ളു. അവർ പുറത്തേക്കിറങ്ങുക പതിവില്ല. അച്ഛനും മകനും അവരെ തീരെ ഗൗനിക്കുന്നില്ല എന്ന വസ്തുത എന്നെ ഏറെ സങ്കടത്തിലാക്കി.

ഒരാഴ്ചകൊണ്ട് ഞാനും ഭാഭിയും  ഉറ്റ സുഹൃത്തുക്കളായി. ആദ്യത്തെ കുറച്ചു നാളുകൾ ഭാഭിയാണ് എനിക്കുള്ള ആഹാരം ഉണ്ടാക്കിയത്. ഏറെ സ്നേഹത്തോടെയവർ ഊട്ടുമ്പോൾ മൂത്ത സഹോദരിയായി എന്റെ ഹൃദയമാണ് ഭാഭി പിടിച്ചെടുത്തത്. ആദ്യമൊക്കെ ഷമീം സറും ജാവേദും ഞാനും ഭക്ഷണം കഴിച്ചതിനു ശേഷമേ ഭാഭി കഴിക്കുമായിരുന്നുള്ളൂ. പിന്നെപ്പിന്നെ എന്റെ നിർബ്ബന്ധത്തിനു വഴങ്ങി ഷമീം സർ ഭാഭിയോടും ഭക്ഷണത്തിന് കൂട്ടത്തിലിരിക്കാൻ നിർദ്ദേശിച്ചു. ഒരാഴ്ചക്കു ശേഷം ഞാൻ സ്വയം പാചകം തുടങ്ങി. ഒരേ അടുക്കളയിൽ രണ്ടു രീതികളിലുള്ള വിഭവങ്ങൾ ഞങ്ങളുണ്ടാക്കി, ഉത്തരേന്ത്യനും കേരളിയനും ഒരേ മേശയിൽ നിരത്തി ഒന്നിച്ച് പങ്കിട്ടു. ഭാഭി പറഞ്ഞു, ഞാൻ എത്തിയതിനു ശേഷം ഷമീം സർ ഒരുപാടു മാറിയെന്നും ഭാഭിയോട് പതിവില്ലാത്ത വിധം സ്നേഹം കാണിക്കുന്നെന്നും അവർക്ക് മുമ്പത്തേതിനേക്കാൾ സ്വാതന്ത്ര്യം കൊടുക്കാൻ തുടങ്ങിയെന്നും...

ജാവേദ് മിക്കപ്പോഴും എന്റെ മുറിയിലെത്തി കളിക്കുകയോ വായിക്കുകയോ ഒക്കെ ചെയ്യുമ്പോൾ എനിക്ക് ഒറ്റപ്പെടലെന്ന തോന്നലേയില്ലാതായി. അടുത്ത കൊല്ലം പുതിയ സെഷൻ തുടങ്ങിയതും ഞാൻ അനിയൻ അജിയെ നാസിക്കിലേക്ക് കൊണ്ടു വന്നു. നാട്ടിൽ ആറാം ക്ലാസ്സ് കഴിഞ്ഞു വന്ന അവന് ഹിന്ദി തീരെ അറിയില്ലായിരുന്നു. അതിനാൽ വീണ്ടും ആറിൽ തന്നെ ചേർക്കേണ്ടി വന്നു. ഷമീം സറും മറ്റധ്യാപകരും ചേർന്ന് പ്രവേശന പരീക്ഷയിൽ അവനെ ജയിപ്പിക്കുകയായിരുന്നു. പിന്നീട് വളരെ കുറച്ചു സമയം കൊണ്ട് ബുദ്ധിശാലിയായ അവൻ എല്ലാം പഠിച്ചെടുത്തു, ക്ലാസ്സിൽ  മുൻപന്തിയിലുമെത്തി.

ജാവേദ് നാലാം ക്ലാസ്സിൽ പഠിക്കുന്ന ചെറിയ കുട്ടിയായിരുന്നു, അജിയുമായി പ്രായത്തിൽ വ്യത്യാസമുണ്ടായിട്ടും അവർ തമ്മിലും നല്ല കൂട്ടായി.

ഞങ്ങൾ ഒരു വീട്ടുകാരായി, ഒരു കുടുംബമായി. എല്ലാ കാര്യങ്ങളും പരസ്പരം പങ്കിടുക പതിവായി. അസൂയാവഹമായിരുന്നു ആ ബന്ധം. ഭാഭിക്ക് ആദ്യം ജനിച്ചത് ഒരു പെൺകുട്ടിയായിരുന്നു. അവളെ നാട്ടിൽ സാറിന്റെ വീട്ടിൽ നിർത്തിയാണ് ഭാഭിയും മകനും ഷമീം സാറിന്റെ കൂടെ വന്നത്. പെൺകുട്ടിയായതിനാൽ അവളെ നാട്ടിൽ പത്തു വരെ പഠിപ്പിച്ചാൽ മതിയെന്ന് ഭർതൃവീട്ടുകാരുടെ അഭിപ്രായത്തെ എതിർക്കാൻ അവർക്ക് കഴിഞ്ഞില്ലെന്ന്. ഭാഭിക്ക് മോളെ വിട്ടു നിൽക്കുന്നതിൽ നല്ല പ്രയാസമുണ്ടായിരുന്നു. പക്ഷെ ഭർതൃ വിട്ടിൽ അവരുടെ ആഗ്രഹങ്ങൾക്കൊന്നും ഒരു വിലയുമില്ലത്രേ.

ഇതു കേട്ട് എനിക്കാകെ സങ്കടമായി. പല തവണ ഷമീം സാറിനോട് മോളെ കൂടുതൽ പഠിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു. ഭാഭിയും ഞാനും സ്വൈര്യം കൊടുക്കില്ല എന്നായപ്പോൾ അവളെയും അടുത്ത തവണ നാട്ടിൽ നിന്നു കൊണ്ടു വന്ന് നാസിക്കിൽ പഠിപ്പിക്കാൻ തീരുമാനിക്കുകയും അതു നടപ്പിലാക്കുകയും ചെയ്തു. അവൾക്ക്  കെ വി യിലെ നിലവാരത്തിനൊപ്പം എത്താൻ വളരെ കഷ്ടപ്പെടേണ്ടി വന്നു. എന്നാലും കഠിനമായ പരിശ്രമത്തിനൊപ്പം കണക്കിലും സയൻസിലും എന്റെ സഹായം കൂടിയായപ്പോൾ അവൾ മെച്ചപ്പെട്ടു. മികച്ച വിദ്യാഭ്യാസം ആ പെൺകുട്ടിയുടെ കാഴ്ചപ്പാടുകളിൽ വളരെ പെട്ടെന്നു തന്നെ മാറ്റങ്ങൾ ഉണ്ടാക്കി.

ഭാഷയും സംസാരരീതികളും മാനറിസവും ഒന്നും അറിയില്ലെന്ന കാരണത്താൽ ഭാഭിയെ ഷമീം സർ പുറത്തെങ്ങും കൊണ്ടു പോകുന്ന പതിവില്ലായിരുന്നു.അത് അവരിലുണ്ടാക്കിയിരുന്ന അപകർഷത വളരെ വലുതായിരുന്നു. അതിനാൽ ഞാൻ തന്നെ മൻകൈയ്യെടുത്ത് അദ്ദേഹത്തിന്റെ അനുവാദത്തോടെ എന്റെ കൂടെ അവരെ പുറത്തു കൊണ്ടു പോകാൻ തുടങ്ങി. പാവം, എന്തൊരു സന്തോഷമായിരുന്നു അപ്പോഴൊക്കെ അവർക്ക്!

ഒരു ദിവസം ഞാൻ ഭാഭിയോടു ചോദിച്ചു എഴുതാനും വായിക്കാനും പഠിക്കുന്നോ എന്ന്. അതിനും ഭർത്താവിന്റെ സമ്മതം വേണമെന്ന് അവർ ...

എനിക്ക് തന്നെ വിഷയം ഡിന്നറിനൊപ്പം അവതരിപ്പിക്കേണ്ടി വന്നു.എന്നാൽ പതിവിനു വിപരീതമാണുണ്ടായത്. കുട്ടികൾ ഉൽസാഹപൂർവ്വം കയ്യടിച്ചപ്പോൾ സാറുടനെ സമ്മതിച്ചു.

 ഞാനും കുട്ടികളും മാറിമാറി ഇംഗ്ലീഷും ഹിന്ദിയും ഭാഭിയെ പഠിപ്പിക്കാൻ തുടങ്ങി. ഏറെ ശ്രമകരമായിരുന്നെങ്കിലും ഭാഭി ഒരു വിധം തപ്പിത്തപ്പി എഴുതാനും വായിക്കാനും സംസാരിക്കാനും തുടങ്ങിയപ്പോൾ ഷമീം സാറിന്റെ ഭാര്യയുമായുള്ള അകൽച്ച കുറഞ്ഞു കുറഞ്ഞു വരുന്നതറിഞ്ഞു. ചിലപ്പോൾ അവരെ കൂട്ടി സാർ പുറത്തേക്ക് പോകാനും തുടങ്ങി. എന്തൊരു മാറ്റം എന്ന് അയലത്തുള്ളവരും മറ്റു ടീച്ചർമാരും അതിശയിക്കുമ്പോൾ ഭാഭി അല്പം നാണത്തോടെ എന്റെ മുഖത്തേക്ക് നോക്കും.

അങ്ങനെ രണ്ടു വർഷങ്ങൾ രണ്ടു മതസ്ഥരായ ഞങ്ങൾ ഒരു വീട്ടിൽ ഒരു കുടുംബമായി എത്ര സന്തോഷത്തോടെയാണ് ജീവിച്ചത്! ഷമീം സാറിന് സ്ഥലം മാറ്റം കിട്ടപ്പോകുമ്പോൾ  എന്നെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞ ഭാഭി എന്നെപ്പോലെത്തന്നെ ഇന്നും ഓർക്കുന്നുണ്ടാകും ഈ അനുജത്തിയെ എന്നല്ലേ ഇപ്പോഴെനിക്ക് ആശിക്കാനാകൂ...

ഓജ്ജർ ഓർമകൾ എക്കാലവും മനസ്സിൽ സൂക്ഷിക്കണമെന്നും അതിനായി പോകുന്നതിനു മുമ്പ് ഒരു ഫോട്ടോയെടുക്കണമെന്നും ഭാഭിയാണ് പറഞ്ഞത്. പശ്ചാത്തലത്തിൽ കെ വി ഓജ്ജർ കാണും വിധം തന്നെ ഞങ്ങൾ ഗ്രൂപ്പ് ഫോട്ടോയും എടുത്തു.  ബ്ലാക്ക് ആന്റ് വൈറ്റിൽ തെളിഞ്ഞുപതിഞ്ഞ ആ ചിത്രം ഞാനിന്നും സൂക്ഷിക്കുന്നു.

Share :

Photo Galleries