Archives / October 2019

ദിവ്യ. സി. ആർ
പകൽവീട്

     ഓർമ്മകളുടെ മങ്ങിയ വെളിച്ചത്തിൽ നിന്നും മഞ്ഞ പ്രതലത്തിലെ കറുത്ത അക്ഷരങ്ങളിലേക്കു അവളുടെ ശ്രദ്ധ പതിഞ്ഞു. അഗാധമായ ഗർത്തങ്ങളുടെ താഴ്ച്ചയിൽ നിന്നും ഓരോ അക്ഷരങ്ങളും മേൽപ്പോട്ട് ഉയർന്നു വന്നു. അവളത് ചേർത്തു വായിക്കുവാൻ ശ്രമിച്ചു.
പ-ക-ൽ-വീ..ട്‌.
"പകൽവീട് !"
ഒന്നും മനസിലാകാതെ ശൂന്യമായ മനസ്, അതിനു താഴെയുള്ള അക്ഷരങ്ങൾ കൂട്ടി വായിക്കുവാൻ തുടങ്ങി.
'ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പുനരധിവസിപ്പിക്കുന്നിടം' -കുറച്ചധികം സമയത്തെ പരിശ്രമത്തിനൊടുവിൽ അവൾ വായിച്ചെടുത്തു.
      അവ്യക്തമായൊരു രേഖാചിത്രം പോലെ പഴയ കാല ജീവിതം, ഓർമ്മകളുടെ തുരുത്തുകളിൽ തളം കെട്ടി. ആഴങ്ങളിലേക്കു വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിൻെറ കരച്ചിലും അമ്മയുടെ അലർച്ചയും ഒരേ വേഗത്തിൽ ഭൂമിക്കുള്ളിലേക്ക് അതിവേഗം താഴ്ന്നുപോയത് തലച്ചോറിൽ ഒരു കൊള്ളിയാൻ പോലെ സിന്ധുവിനെ അലട്ടി.
   അന്നത്തെ ആ ദിവസം..!
പതിവിലും ശക്തമായി കുഞ്ഞിൻെറ കരച്ചിൽ വാടക വീടിന്റെ മച്ചിൻമേൽ പ്രകമ്പനം സൃഷ്ടിച്ച ആ ദിനം !
അവളുടെ ഓർമ്മകൾ അസ്വസ്ഥമായി നിര തെറ്റാതെ കടന്നു വന്നു. വിശപ്പിൻെറ കാഠിന്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ പ്രണയം വറ്റിപ്പോയ നാവുകൾ, ഉറക്കെ ഒച്ച വയ്ക്കാൻ തുടങ്ങിയിരുന്നു. പക്വതയില്ലാത്ത  കാമുകൻ ഭർത്താവായപ്പോൾ,  ജീവിക്കാനുള്ള പണത്തിനായി അധ്വാനിക്കാനുള്ള മനസ്സ് അവന് നഷ്ടമായിരുന്നു.
കുറ്റപ്പെടുത്തലുകൾ വഴക്കുകളായി നിറഞ്ഞ ഒരു പ്രഭാതത്തിൽ അവൻ ആ വീട് വിട്ടിറങ്ങിയിരുന്നു.
മുലപ്പാലിനായി കരയുന്ന കുഞ്ഞിനെ തോളത്തിട്ട് ആശ്വസിപ്പിക്കുമ്പോൾ സിന്ധുവും തളർന്നിരുന്നു; അവളും ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായി..
     രണ്ടു ദിവസമായി അവനെ ഫോണിൽ വിളിച്ചു തളർന്ന അവൾ വീണ്ടും വിളിക്കാൻ ശ്രമിച്ചു. 'പരുധിക്കു പുറത്ത്' എന്ന മറുപടിയല്ലാതെ മറ്റൊന്നും കിട്ടിയില്ല. വീട്ടുകാരെ ധിക്കരിച്ച് പ്രണയിച്ചവനെ വിശ്വാസിച്ച് നാടും വീടും ഉപേക്ഷിച്ചു വന്നതിൽ അവൾ അതീവ ദു:ഖിതയായി. നഷ്ടബോധത്തോടെ , വേദനകൾ തളം കെട്ടി നിന്ന മുറിയിൽ കുഞ്ഞിനെയും മാറോടു ചേർത്ത് ദയനീയമായി കരഞ്ഞു.
   പ്രണയം വളർത്തുവാൻ കൂട്ടുനിന്ന സുഹൃത്തുക്കളെയോ സഹപാഠികളെയോ വിവാഹശേഷം കണ്ടതേയില്ല. അവളും അവരെ അന്വേഷിച്ചതുമില്ല. എങ്കിലും അവൻെറ ഉറ്റ സുഹൃത്തായ വിഷ്ണുവിനെ വിളിക്കാൻ തീരുമാനിച്ചു.
അവളുടെ സങ്കടം വിഷ്ണുവിനോടു പറയുമ്പോൾ വേദനയിൽ കുടുങ്ങിപ്പോയ വാക്കുകൾ ഗദ്ഗദത്തോടെ പുറത്തേക്കു വരുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി.
" ഞാനൊന്നു വിളിക്കാം. അവനെയും കൂട്ടി വരാം" അവളെ ആശ്വസിപ്പിക്കാൻ വിഷ്ണു ശ്രമിച്ചു.
പക്ഷേ അവനും നിരാശ മാത്രമേ മറുപടിയായി പറയാനുണ്ടായിരുന്നുള്ളൂ.
അവഗണിക്കപ്പെട്ടവരുടെ വേദന ! മുറിക്കുള്ളിൽ കൂമ്പി നിൽക്കുന്ന നിശബ്ദതയെ അവൾ ഭയന്നു തുടങ്ങി.
വാചാലമായെത്തുന്ന തിരകൾ തീരത്തെ പുൽകി, ആഴക്കടലിൻെറ വിരസതയിലേക്കു ലയിക്കുന്നതു പോലെ അവൾ കുഞ്ഞിനെയുമെടുത്ത് പുറത്തേക്കിറങ്ങി.
ആശ്വാസത്തിന്റെ കുളിർകാറ്റിനെ കാത്തു നിൽക്കാതെ, മുറ്റത്തെ കിണറിൻെറ കൈവഴികളിൽ കുഞ്ഞിനെയും കൊണ്ടവൾ കയറി. ആഴക്കടലിൻെറ ആലസ്യത്തിലേക്കു ലയിക്കുന്ന തിരകളെ പോലെ ; ഇരുളടഞ്ഞ കിണറിൻെറ ആഴങ്ങളിലേക്കവർ താഴ്ന്നിറങ്ങി.
ഓർമ്മകളുടെ നീർക്കണങ്ങൾ മിഴികളിൽ നിറയവേ, സിന്ധുവിൻെറ മാറിടങ്ങൾ ചുരന്നു. നേർത്ത നനവിൻ ചൂടിലേക്ക് കൈ അമർത്തുമ്പോൾ, മഞ്ഞ പ്രതലത്തിലെ കറുത്ത അക്ഷരങ്ങൾ അവളുടെ ഓർമ്മകളിൽ നിന്നും മങ്ങിത്തുടങ്ങിയിരുന്നു.

Share :