ഒരു അംഗൻവാടി ടീച്ചറുടെ മാതൃകാധ്യാപനം
പച്ച തേക്കില പറിച്ച് നനച്ച് വെളുത്ത ഉള്ളം കയ്യിലുരസിയാൽ നല്ല മൊഞ്ചിൽ കൈ
ചുവന്ന് വരുമെന്ന് പഠിപ്പിച്ചത് അംഗൻവാടിയിലെ കൂട്ടുകാരൻ ഷമീർ
ബാബുവായിരുന്നു! എന്റെ ആദ്യ പാഠശാലയായ അംഗൻ വാടി ഒരത്ഭുത
ലോകമായിരുന്നു; അന്നത്തേതിലേറെ ഇന്നാണതിന്റെ മൂല്ല്യം ഗ്രഹിക്കാനാവുന്നത്.
അവിടെ കൗസല്ല്യ ടീച്ചറായിരുന്നു ഞങ്ങളുടെ അധ്യാപിക, അറിവിന്റെ
ബാലപാഠങ്ങൾ ഞങ്ങൾക്ക് പാട്ടിലൂടേയും, കഥയിലൂടേയും, ആംഗ്യപ്പാട്ടിലൂടേയും
പകർന്ന് തന്നത് ടീച്ചറായിരുന്നു. അത്ര ആത്മാർത്ഥതയോടെ അധ്യാപന ജോലി ചെയ്യുന്ന
ഒരാളേയും ഞാനെന്റെ ജീവിതത്തിലിതുവരെ കണ്ടിട്ടില്ല.
നാലാം വയസ്സിൽ മലയാളത്തിലെ പല വാക്കുകളും കേൾക്കുന്നതും മനസ്സിലാക്കുന്നതും
, അർത്ഥമറിയാത്ത പല വാക്കുകളും പരിചയപ്പെടുന്നതും കൗസല്ല്യ ടീച്ചറിലൂടെ
അംഗൻ വാടിയിൽ വെച്ചാണ്!! ഒരു ദിവസം ക്ലാസിൽ ടീച്ചർ കൊന്നപ്പൂവിന്റെ പാട്ട്
പഠിപ്പിച്ചു; അത് കഴിഞ്ഞ് ടീച്ചർ പറഞ്ഞു നാളെ നമുക്ക് കൊന്നപ്പൂവ് കാണാൻ
പോവണം!! ഞങ്ങൾ കുട്ടികളെല്ലാം വലിയ ആവേശത്തിലായി, എന്റെ മനസ്സിൽ വലിയ
ആകാംക്ഷ തോന്നി, എങ്ങനെയായിരിക്കും അതിലെ കൊന്ന എന്ന പഥം
കൊലപാതകവുമായി ചേർത്തായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്!
പിറ്റേ ദിവസം ടീച്ചർ ഞങ്ങളെ വരിവരിയായി നിർത്തി , ഏതൊക്കെയോ കുട്ടികളുടെ
രക്ഷിതാക്കളും, ഇത്താത്തമാരും, ചേച്ചിമാരുമൊക്കെ ഞങ്ങളുടെ വരിയെ
അനുഗമിച്ചു, ഏതാണ്ട് അരമണിക്കൂർ നടന്ന് ഞങ്ങൾ ഒരു തോട്ടത്തിലെത്തി.
കൊന്നപ്പൂവിൻ സമൃദ്ധിയുടെ അനേകം നിറവൃക്ഷങ്ങൾ കൺ കുളിർക്കെ കണ്ടു!
ഒരുപാട് തേനീച്ചകളും ചിത്രശലഭങ്ങളും അവക്കുമീതെ തേൻമധു
നുകരുന്നുണ്ടായിരുന്നു. കൊന്നപ്പൂവിനെ കുറിച്ച് മനസ്സിൽ കൊത്തിവെച്ച ആദ്യ
നിർവ്വചനം അപ്പാടെ മാറിമറിഞ്ഞു. കൊന്നപ്പൂ കാഴ്ചക്ക് ശേഷം അയൽപക്കത്തെ ഒരു
വീട്ടിൽ നിന്നും പാത്രമെടുത്ത് ടീച്ചർ ഞങ്ങൾക്കെല്ലാവർക്കും നാരങ്ങവെള്ളം കലക്കി
തന്നു !! ഏതാണ്ട് ഇരുപത്തെട്ട് വർഷങ്ങൾക്ക് മുമ്പുള്ള കൊന്നപ്പൂ ഗന്ധമുള്ള ബാല്ല്യ
കാല ഓർമ്മയിലെ ഒരിതളാണിത്.
ഉച്ചഭക്ഷണം വിളമ്പി കഴിക്കാനാരംഭിക്കുന്നതിന് മുമ്പായി ടീച്ചർ ഉറക്കെ ഇങ്ങനെ
പറഞ്ഞ് തരും t; ഞങ്ങൾക്ക് ഭക്ഷണം നൽകിയ സർവ്വേശ്വരനാണ് സർവ്വസ്തുതിയും,
ഇത് പോലെ ഞങ്ങൾക്ക് എന്നും ഭക്ഷണം നൽകുമാറാവണേ ! ഒരിക്കൽ ഞങ്ങളുടെ
കൂട്ടുകാരി ഷംന ഞങ്ങളോട് പറഞ്ഞു; മുസ്ലിംകൾക്ക് അങ്ങനെ പറയാൻ പറ്റില്ല
ബിസ്മി മാത്രമേ ചൊല്ലാൻ പറ്റൂവെന്ന്! അവൾ പറയുന്നത് സത്യമാണോ എന്ന്
ഞങ്ങൾ ടീച്ചറോട് ചോദിച്ചു, അപ്പോൾ ടീച്ചർ മറുപടിയായി പറഞ്ഞു ;ഇഷ്ടമുള്ളത്
ചൊല്ലാം , അല്ലെങ്കിൽ രണ്ടും ചൊല്ലാം, ഒന്നും ചൊല്ലിയിട്ടില്ലെങ്കിലും കുഴപ്പമില്ല
ഭക്ഷണം കഴിക്കാത്ത കുട്ടികൾക്ക് വാരിക്കൊടുക്കുന്ന രീതിയും ടീച്ചർക്കുണ്ടായിരുന്നു.
ഉച്ചഭക്ഷണം കഴിച്ചതിനു ശേഷം എല്ലാ കുട്ടികളേയും ഉറക്കാൻ കിടത്തും .
ഉറങ്ങിയുണർന്നതിന് ശേഷം അവിടുന്ന് കഴിക്കാൻ ഗോതമ്പ് നുറുക്കിന്റെ ഉപ്പ്മാവ്
ലഭിക്കുമായിരുന്നു! അതിന് വല്ലാത്ത രുചിയാണ്. അതിലെ കറിവേപ്പിലയും കളയാതെ
കഴിക്കണമെന്നും കണ്ണിന് കാഴ്ച്ചയുണ്ടാകുമെന്നും പറഞ്ഞ് തന്നതും ടീച്ചറായിരുന്നു.
കഴിക്കാൻ വേണ്ട എന്ന് പറഞ്ഞാൽ ടീച്ചർ ചോദിക്കും വേണ്ടേ? സത്യത്തിൽഒട്ടും
എന്ന പഥമെന്താണെന്ന് എനിക്കറിയില്ലായിരുന്നു; നെറ്റിയിലിടുന്ന ;പൊട്ട് എന്ന
പഥവുമായി ചേർത്താണ് ഞാനതിനെ ഓർത്തുവെച്ചത്! ഞങ്ങളെ കശുമാങ്ങ കഴിക്കാൻ
ബാപ്പ അനുവദിച്ചിരുന്നില്ല; അതിന്റെ ദുർഗന്ധവും , പാകമാവാത്തത് കഴിച്ചാൽ ചുമ
വരുന്നതുമായിരുന്നു കാരണം. അംഗൻവാടിയിൽ പലപ്പോഴും മാമ്പഴവും,
കശുമാങ്ങയും കഴുകി മുറിച്ച് കഷ്ണങ്ങളാക്കി ഞങ്ങൾ എല്ലാ കുട്ടികൾക്കും ടീച്ചർ
തുല്ല്യമായി നൽകുമായിരുന്നു! കൃത്യമായി ഓരോ ടേമിലും ഞങ്ങൾക്ക് മഞ്ചാടി
നിറമുള്ള അയേൺ ഗുളിക നല്കിയിരുന്നതും ടീച്ചറായിരുന്നു.
പുകവലിച്ചാൽ ക്യാൻസർ വരുമെന്നും അതിന് ശേഷം മരിച്ച് പോകുമെന്നും ആദ്യം
പഠിപ്പിച്ചത് ടീച്ചറായിരുന്നു! അന്ന് വീട്ടിൽ ചെന്നതിന് ശേഷം ബാപ്പ
മരിക്കാതിരിക്കാനായി ദിനേശ് ബീഡിയുടെ കെട്ട് താഴേ തൊടിയിലേക്ക് ഞാൻ
നീട്ടിയെറിഞ്ഞു.
ടീച്ചർ ഞങ്ങളുടെ പേര് വിളിച്ചിരുന്നത് ഹാജർ വിളിക്കുന്ന സമയത്ത് മാത്രമായിരുന്നു,
അല്ലാത്ത സമയങ്ങളിലൊക്കെ വീട്ടിലെ ഓമനപ്പേരോ ടീച്ചർ തന്നെ നൽകുന്ന
ഓമനപ്പേരോ വിളിച്ചു, അവരുടെ പേരുകളൊക്കെ വൈക്കം മുഹമ്മദ് ബഷീറിന്റെ
‘ആകാശ മിഠായി ; പേര് പോലെയായിരുന്നു , സുന്ദരിയായ ജുമൈലയെ ടീച്ചർ
വിളിച്ചിരുന്നത് കുരുവി എന്നായിരുന്നു! പൂമ്പാറ്റയും, കുഞ്ഞാറ്റയും, പൈങ്കിളിയും
തുമ്പിയുമൊക്കെ ടീച്ചർ ഞങ്ങളുടെ ബാച്ചിലെ കുട്ടികൾക്ക് നൽകിയിരുന്ന
പേരുകളായിരുന്നു!
അധ്യാപകർ വിദ്യാർത്ഥികളുടെ രണ്ടാം രക്ഷിതാക്കളാണെന്നാണല്ലോ ? കൗസല്ല്യ ടീച്ചർ
എല്ലാ അർത്ഥത്തിലും ഞങ്ങളുടെ രണ്ടാം മാതാവായിരുന്നു! ഇന്നത്തെ പോലെ ഭക്ഷണ
സുഭിക്ഷത ഇല്ലാത്ത കാലമായിരുന്നു അന്ന് , കുട്ടികൾ യഥേഷ്ടം ചക്കയും മാങ്ങയും
കഴിച്ചാണ് അംഗൻവാടിയിൽ വരുന്നത്. പലപ്പോഴും പല വിദ്യാർത്ഥികളേയും മല
വിസർജ്ജനത്തിനായി ടീച്ചർക്ക് ലാട്രിനിലേക്ക് കൊണ്ട് പോവേണ്ടിവരാറുണ്ട്, അവരെ
യാതൊരു അറപ്പും വെറുപ്പുമില്ലാതെ കഴുകി വൃത്തിയാക്കിയിരുന്നതും ടീച്ചർ
തന്നെയായിരുന്നു!!!
ഇരുപത്തെട്ട് വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ ഗ്രാമത്തിൽ ആ അംഗൻവാടിയല്ലാതെ
മറ്റൊരു ശിശു പാഠശാലകളുമുണ്ടായിരുന്നില്ല, നാട്ടിലെ വ്യത്യസ്ഥ ജാതി മത രാഷ്ട്രീയ
പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന എല്ലാ വിഭാഗക്കാരും തങ്ങളുടെ കുട്ടികളെ
അംഗൻവാടിയിലേക്കായിരുന്നു അയച്ചത്. കൗസല്ല്യ ടീച്ചർക്ക് പുറമേ അസിസ്റ്റന്റായി
ശോഭന ടീച്ചറും അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ശോഭന ടീച്ചറുടെ പുത്രൻ
സജിത്തും അംഗൻ വാടിയിലെ ഞങ്ങളുടെ സഹപാഠിയായിരുന്നു.
അതിൽ മറ്റൊരു കാര്യവും കൂടി എടുത്ത് പറയേണ്ടതായുണ്ട്, സജിത്തിന് അവന്റെ
അമ്മ (ഞങ്ങളുടെ ശോഭന ടീച്ചർ )വല്ല പ്രത്യേക ആനുകൂല്ല്യവും നൽകുന്നുണ്ടോ എന്ന്
നിരീക്ഷിക്കൽ ഞങ്ങൾക്കിടയിലെ കൊച്ച് കുനുഷ്ടുക്കളുടെ സ്ഥിരം
പരിപാടിയായിരുന്നു! പ്രത്യേകിച്ച് ഗോതമ്പ് നുറുക്കിന്റെ ഉപ്പുമാവ് വിളമ്പുന്ന
സമയത്ത് അവന് ടീച്ചർ അധികം നൽകുന്നുണ്ടോ എന്ന് നിരീക്ഷിച്ചു !! ഞങ്ങൾക്ക്
എന്തെല്ലാമാണോ ലഭിച്ചത് അതിൽ നിന്നും അധികമായി ഒരു കടുക് മണിയുടെ അളവ്
പോലും ഏറെ അവന് നൽകിയില്ല ! സത്യത്തിൽ ഞങ്ങളുടെ ഇളം മനസ്സിലെ
നീതിബോധത്തേയും സമത്വത്തേയും രൂപപ്പെടുത്തിയെടുക്കുകയായിരുന്നു ടീച്ചർ!!
സജിത്തിനെ കാർക്കശ്യത്തിൽ വളർത്തിയ ടീച്ചർ അവൻ പി.എച്ച്.ഡി നേടുന്നത് വരെ
പഠിപ്പിക്കുകയും ചെയ്തു. കൗസല്ല്യ ടീച്ചറും ശോഭന ടീച്ചറും മനസ്സിൽ ചെലുത്തിയ
അത്രയേറെ സ്വാധീനം ഇപ്പോൾ ഈ പി.എച്ച്.ഡി ചെയ്തു കൊണ്ടിരിക്കുന്ന പഠനകാലം
വരേ മറ്റൊരു അധ്യാപകരും ചെലുത്തിയിട്ടില്ല !! അവർക്കിരുവർക്കും ഇന്നേ വരെ
ഒരധ്യാപക ദിനത്തിലും ഒരു സമ്മാനം പോലും നൽകിയിട്ടുമില്ല!
ഞങ്ങളെ അച്ചടക്കത്തിന്റെ അറ്റൻഷനും സ്റ്റാന്ററ്റീസും പ്രാർത്ഥനക്കും
ദേശീയഗാനത്തിനുമായി പഠിപ്പിച്ച് തന്നതും ടീച്ചറായിരുന്നു. അംഗൻവാടി വിട്ട
സന്തോഷത്തിൽ ദേശീയഗാനം കഴിയുമ്പോൾ ഞങ്ങളെല്ലാവരും കൈ ഉയർത്തി
ജയ്ഹിന്ദ് എന്ന് ഉറക്കെ പറയും. കശുമാവിൻ ചുവട്ടിൽ നിന്നും കൈയിൽ
വാരിയെടുത്ത കരിയില ജയ്ഹിന്ദ് പറയുന്ന സമയത്ത് ഞങ്ങൾ ടീച്ചറുടെ ശിരസ്സിലേക്ക്
ആരവത്തോടെ എറിയുമായിരുന്നു! ടീച്ചർ ഒരു തവണ പോലും അതിനെ
എതിർത്തതുമില്ല!!
മികച്ച മാതൃകാദ്യാപനം നടത്തുന്നതിന് അംഗൻവാടി ടീച്ചേഴ്സിന് എന്തെങ്കിലും
അംഗീകാരമോ അവാർഡോ നൽകുന്നുണ്ടോ എന്നറിയില്ല. അങ്ങനെയുണ്ടെങ്കിൽ
അതിന് ഏറ്റവും അർഹതപ്പെട്ട പേരാണ് കൗസല്ല്യ ടീച്ചറുടേത്. ഈ വിശിഷ്ട ദിനത്തിൽ
ഹൃദയം നിറഞ്ഞ നന്ദിയോടെ അവരെ സ്മരിക്കുന്നു.
(ലേഖകൻ ഭാരതീദാസൻ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ സോഷ്യോളജിയിൽ
പി.എച്ച്.ഡി ഗവേഷണ വിദ്യാർത്ഥിയാണ്)