അഭിവന്ദ്യനായ ഗുരുനാഥൻ
എന്‍. കൃഷ്ണപിള്ള സാറിനെപ്പോലെ സ്വഭാവസൗരഭം തികഞ്ഞ മറ്റൊരു ഗുരുനാഥനെ കണ്ടെത്തുക വയ്യ - സാറിന്‍റെ ശിഷ്യഗണങ്ങളെല്ലാം ഒരേ സ്വരത്തില്‍ പറയുകയും ചിന്തിക്കുകയും ചെയ്യുന്ന സുരഭില സത്യമാണിത്. ഒ. എന്‍. വി., തിരുനല്ലൂര്‍ കരുണാകരന്‍, പുതുശ്ശേരി രാമചന്ദ്രന്‍, എം. കെ. സാനു, ജി. ശങ്കരപ്പിള്ള തുടങ്ങി അനേകം പ്രശസ്തര്‍ പ്രൊഫ. എന്‍. കൃഷ്ണപിള്ളയുടെ ശിഷ്യരില്‍പ്പെടുന്നു. ഏതേതെല്ലാം ഉയര്‍ച്ചയുടെ പടവുകള്‍ കയറി അതിപ്രശസ്തനായാലും മറ്റെന്തെല്ലാം തന്നെ ആയാലും ശരി, വ്യക്തി എന്ന നിലയില്‍ അഹന്തയോ, ജാടയോ, സങ്കുചിതത്വമോ ചുമന്നുനടക്കുന്ന സ്വഭാവമാണ് ആ അക്ഷരകിരീടിയുടേതെങ്കില്‍ അദ്ദേഹവുമായി അടുത്തിടപഴകാന്‍ അധികമാരും തയ്യാറാവുകയില്ല."'അധികമാരും"' എന്ന് പറഞ്ഞത് ബോധപൂര്‍വ്വമാണ്. ചില കാര്യസാദ്ധ്യക്കാര്‍ കുറച്ചുകാലം അടുത്തുകൂടിനില്‍ക്കും., അത്രതന്നെ. കാര്യം കണ്ടാല്‍ പിന്നെ അകന്നകന്നുപോകും. സ്വന്തം കൃതികളെയും സ്വന്തം കീര്‍ത്തിയെയും വാഴ്ത്തിപ്പാടാന്‍ വേണ്ടിമാത്രം സ്തുതിപാഠകരായി കുറെപ്പേരെ അണച്ചുനിര്‍ത്തുന്ന പ്രശസ്തരുമുണ്ട്. അത് കാണുന്ന മാലോകര്‍ ചിറികോട്ടിച്ചിരിക്കുകയും ചെയ്യും. ഇപ്പറഞ്ഞതിലൊന്നും പെടാത്ത സ്വഭാവമഹത്വമാണ് എന്‍. കൃഷ്ണപിള്ള സാറിന്‍റെതെന്ന് അടുത്തിടപഴകിയിട്ടുള്ളവര്‍ക്കെല്ലാമറിയാം. നമ്മെ ആകര്‍ഷിക്കുകയും വശീകരിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ മുഖചൈതന്യവും പെരുമാറ്റവും. ധ്യാനിക്കാന്‍ കൊള്ളാവുന്ന മുഖമാണതെന്ന് ആരോ എഴുതിയതോര്‍മ്മ വരുന്നു. എന്‍റെ സ്വന്തമാണീ സമാദരണീയന്‍ എന്ന വിചാരം ഓരോരുത്തരിലുമുണ്ടാകും. എന്‍. കൃഷ്ണപിള്ള സമം 'എന്‍റെ കൃഷ്ണപിള്ള സാര്‍' എന്നൊരനുഭൂതിയുടെ പ്രകാശവലയത്തിലാകും ഏതൊരാളും. അകൃത്രിമമായ പെരുമാറ്റത്തിലെ ചാരുത ആരേയും ആകര്‍ഷിക്കുക തന്നെ ചെയ്യും. ശിഷ്യരോടുമാത്രമല്ല, തന്‍റെ മുമ്പിലിരുന്ന് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ത്ഥികളോടും ഇത്രമാത്രം സ്നേഹവാത്സല്യങ്ങള്‍ പ്രകടമാക്കിയിട്ടുള്ള മറ്റൊരു അദ്ധ്യാപകനെയോ പ്രിന്‍സിപ്പലിനെയോ പരതിയാല്‍ കിട്ടാന്‍ പ്രയാസം. 'മനുഷ്യത്വത്തിന്‍റെ നിറകുടം' എന്നാണ് ശിഷ്യനായ ഡാ. അകവൂര്‍ നാരായണന്‍ പ്രൊഫസറെക്കുറിച്ചെഴുതിയ ഒരു ലേഖനത്തിന്‍റെ ശീര്‍ഷകം. സാറിന്‍റെ നീതിബോധത്തെപ്പറ്റി പ്രത്യേകം പറയേണ്ടതുണ്ട്. ഒരു സംഭവമിതാ. പ്രൈവറ്റ് വിദ്യാര്‍ത്ഥികളോട് ഒരുതരം ചിറ്റമ്മനയം പരീക്ഷകര്‍ കാട്ടാറുണ്ട്. കൃഷ്ണപിള്ള സാര്‍ ബി. എ. പരീക്ഷാ ബോര്‍ഡ് ചെയര്‍മാനായിരുന്ന സന്ദര്‍ഭം. അത്തവണ ഒരു പ്രൈവറ്റുകാരനാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയത്. അയാള്‍ക്ക് ഫസ്റ്റ് റാങ്ക് കൊടുക്കുന്നതില്‍ ബോര്‍ഡിലുള്ള ഗുരുക്കന്മാര്‍ക്ക് വിമുഖത. ചെയര്‍മാനും മറ്റുള്ളവരും രണ്ട് ചേരിയിലായി. പ്രൈവറ്റുകാരനോട് വിവേചനം പാടില്ലെന്നും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്കുതന്നെ ഫസ്റ്റ് റാങ്ക് നല്‍കണമെന്നുമുള്ള ചെയര്‍മാന്‍റെ നീതിശാസനത്തിന് മുന്നില്‍ ഒടുവില്‍ എല്ലാവരും വഴങ്ങി. ഇതാണ് കൃഷ്ണപിള്ള സാറിന്‍റെ സഹജമായ നീതിബോധവും അതിന്‍റെ ശക്തിയും. ഗുരുനാഥ ന്മാരുടെ ഗുരുനാഥനായ എന്‍. കൃഷ്ണപിള്ള ഏവര്‍ക്കും മാതൃകയാണെന്ന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞിട്ടുള്ളത് ഇവിടെ ഓര്‍മ്മിക്കാം. സാറിന്‍റെ സപ്തതിയാഘോഷവേളയിലൊരുനാള്‍ സാറും പത്രാധിപര്‍ എന്‍. ആര്‍. എസ്. ബാബുവും ഞാനും കൂടി തലസ്ഥാനത്തുള്ള മ്യൂസിയത്തില്‍ പോയിരുന്നു. അന്ന് ഫോട്ടോഗ്രാഫര്‍ ശങ്കരന്‍കുട്ടി എടുത്ത ഒരു ചിത്രം ഈയിടെ കണ്ടിട്ട് എന്‍. ആര്‍. എസ്സ്. എന്നോട് ചോദിച്ചു. 'രാമചന്ദ്രന് ഈ ഫോട്ടോയുടെ പ്രത്യേകത പറയാമോ?' - എന്നിട്ട് ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു. "നമ്മളിരുവരും സാറിനോടൊപ്പം നില്‍ക്കുന്നത് നോക്കൂ. അതിനിടയില്‍ നല്ല അകലം." പരസ്പരം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന ഗുണങ്ങള്‍ സാറിലുണ്ടെങ്കിലും സാറിന്‍റെ വ്യക്തിഗുരുത്വം സാറുമായി ചേര്‍ന്ന് നില്‍ക്കുന്നതില്‍ നിന്നും നമ്മെ വിലക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞതിന്‍റെ സാരം. അസമാനവ്യക്തിത്വമുണ്ടാക്കുന്ന അബോധപൂര്‍വ്വമായ അകലമാണത്. പ്രസംഗവേദിയില്‍ നെറ്റിപ്പട്ടം കെട്ടി തലയെടുപ്പോടെ ചെവിയുമാട്ടി നില്‍ക്കുന്ന ഗജരാജന്‍റെ മട്ടില്‍ പ്രസംഗവേദിയില്‍ നിന്ന് 'ഘര്‍ഘര'സ്വരത്തില്‍ പ്രഭാഷണം നടത്തുന്ന കൃഷ്ണപിള്ളസാറിനെ നോക്കിയിരിക്കുന്നത് ഒരു സവിശേഷസുഖമാണ്. ഒരു വേദിയിതാ: തിരുനല്ലൂരിന് വയലാര്‍ സാഹിത്യ അവാര്‍ഡ് നല്‍കുന്ന സന്ദര്‍ഭം. തിരുനല്ലൂര്‍ക്കവിതയെ പ്രശംസിച്ച് മുന്നേറുന്നതിനിടയില്‍ സാര്‍ പറഞ്ഞതിങ്ങനെ; 'ഈ കരുണാകരന്‍റെ കവിതയില്‍ ഇടയ്ക്കിടെ കയറിവരുന്ന ഇയാളുടെ ഒരു ഇഷ്ടപദമുണ്ട് ' - ഇത്രയും പറഞ്ഞിട്ട് ഇടത്തേക്ക് തിരിഞ്ഞ്, 'പറയട്ടോടോ ആ പദം'? എന്ന് ചോദിച്ചതോടൊപ്പം തന്നെ അദ്ദേഹം ഉത്തരവും പറഞ്ഞു; ആ പദമാണ് 'അഴക് ' എന്നിട്ടൊരു പൊട്ടിച്ചിരിയും. തിരുനല്ലൂരടക്കം വേദിയിലുള്ളവരും സദസ്സിലുള്ളവരും ആ ചിരിയില്‍ പങ്കുകൊണ്ടു. ചിരിച്ചുരസിച്ച ശിഷ്യന്‍ ഒ. എന്‍. വി. യുടെ നേരെ തിരിഞ്ഞ്, അടുത്ത കമന്‍റ്; തനിക്കുമുണ്ടൊരു ഇഷ്ടപദം - 'മൃദൂഷ്മളം' - എല്ലാവരും വീണ്ടും ചിരിച്ച് തിമര്‍ത്തു. ചിരിയുടെ വസന്തം നിറമുള്ള, നിറഞ്ഞ ഒന്നാന്തരം ചിരി. പൂര്‍ണ്ണനിലാവിന്‍റെ ചന്തമുള്ള ചിരി - അതാണ് എന്‍. കൃഷ്ണപിള്ള സാറിന്‍റെ ചിരിയും പൊട്ടിച്ചിരിയും. അദ്ദേഹം ചിരിക്കുന്നതുകണ്ടാല്‍, കേട്ടാല്‍ ഏത് കഠിനഹൃദയനും കൂടി ചിരിച്ചുപോകും; എത്ര വലിയ വിഷമപ്രശ്നവും തത്ക്കാലം വിസ്മൃതമാകും; എത്ര ശോകമൂകമായ അന്തരീക്ഷവും പെട്ടെന്ന് പ്രസാദമയമാകും. എരിപൊരികൊള്ളുന്ന വേനലില്‍ കുളിര്‍മഴ വന്നാലുണ്ടാകുന്ന നിര്‍വൃതി അത് പ്രദാനം ചെയ്യും. എന്തായാലും കൃഷ്ണമനസ്സില്‍ നിന്നും വസന്തചിഹ്നമായി വിടര്‍ന്നുവരുന്ന ആ ചിരിയുടെ സുഖവും ആനന്ദവും അനുഭവിച്ചുതന്നെ അറിയണം. അതറിയാനാവാത്തതുകൊണ്ടും സാറിന്‍റെ ഗംഭീരമായ അദ്ധ്യാപനം അനുഭ വിക്കാനാവാത്തതുകൊണ്ടുമാണ്, രാഷ്ട്രീയനേതാവും എന്‍. കൃഷ്ണപിള്ള സ്മാരകത്തിന്‍റെ വൈസ് ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്‍ തന്‍റെ ഹൃദയസങ്കടം പ്രസംഗവേദിയില്‍ വെളിപ്പെടുത്തിയതെന്നറിയുക. സൗവര്‍ണ്ണ സൗഹൃദം പി. കെ. വിക്രമന്‍നായര്‍ എന്ന പ്രപതിഭാശാലിയുടെ പ്രേരണയില്ലായിരുന്നെങ്കില്‍ താനൊരു നാടകകൃത്താകുമായിരുന്നില്ലെന്ന് എന്‍. കൃഷ്ണപിള്ള രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതകാലം മുഴുവനും നാടകത്തെക്കുറിച്ച് ചിന്തിക്കുകയും അകം പുകയ്ക്കുകയും ചെയ്ത രണ്ട് നാടകപ്രേമികളായിരുന്നു പി. കെ. വിക്രമന്‍നായരും എന്‍. കൃഷ്ണപിള്ളയും. ആ സൗവര്‍ണ്ണസൗഹൃദത്തില്‍ വിളഞ്ഞ സത്ഫലങ്ങളാണ് എന്‍. കൃഷ്ണപിള്ളയെ അനശ്വരനായ നാടകസ്രഷ്ടാവാക്കി മാറ്റിയത്. ഞങ്ങള്‍ ശിഷ്യര്‍ സാറുമായി സംസാരിച്ചിരിക്കുമ്പോള്‍ പലപ്പോഴും ആ 'രാജഹംസം' (പി. കെ. വിക്രമന്‍നായരെക്കുറിച്ച് വയലാര്‍ രാമവര്‍മ്മ എഴുതിയ കവിത) ചിറകടിച്ചെത്താറുണ്ട്, സാറിന്‍റെ സംഭാഷണത്തില്‍ - ഇതാണ് ശരിയായ സല്‍ക്കലാ- സൗഹൃദമെന്ന് അന്നുമിന്നും എനിക്ക് തോന്നുന്നു. 1916 സെപ്റ്റംബര്‍ 22 ന് തിരുവനന്തപുരത്ത് വര്‍ക്കലയ്ക്കടുത്തുള്ള ചെമ്മരുതി എന്ന ഗ്രാമത്തിലാണ് എന്‍റെ ഗുരുനാഥന്‍റെ ജനനം. 1988 ജൂലൈ 10 ന് എഴുപത്തിരണ്ടാം വയസ്സില്‍ ദിവംഗതനായി. സാറിന്‍റെ ജീവിതാവസാനനാളുകളിലൊന്ന് ഇവിടെ കുറിച്ചിടട്ടെ. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ബോധരഹിതനായിക്കിടന്ന് ആയാസത്തോടെ ശ്വാസോച്ഛ്വാസം ചെയ്യുന്ന സുഹൃത്തിനെ കാണാന്‍ എം. കൃഷ്ണന്‍നായരെത്തി. കുറേനേരം അദ്ദേഹം സാറിനെത്തന്നെ നോക്കിനിന്നു. നിറമിഴികളോടെ പുറത്തിറങ്ങിയ കൃഷ്ണന്‍നായര്‍ സാറിന്‍റെ കണ്ണുകൾ (എന്‍. കൃഷ്ണപിള്ള എന്ന പഴയ വകുപ്പുമേധാവി, സാഹിത്യസുഹൃത്ത് )കലങ്ങുന്നതാണ് ഞങ്ങള്‍ ശിഷ്യര്‍ കണ്ടത്. ഇതിനിടയ്ക്ക് ഞങ്ങള്‍ (ഞാനും വി. ചന്ദ്രബാബുവും, ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയും) സാറിനെ ശുശ്രൂഷിച്ച് സാറിന് സമീപം കഴിയുന്നതും കൃഷ്ണന്‍നായര്‍ സാര്‍ ശ്രദ്ധിച്ചു. അടുത്ത സാഹിത്യ വാരഫലത്തില്‍ 'നിര്‍വ്യാജമായ സേവനം' എന്ന ഉപശീര്‍ഷകത്തില്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പ് കൃഷ്ണന്‍നായര്‍ സാര്‍ എഴുതിയതും ഓര്‍മ്മയിലെത്തുന്നു. സാറിന്‍റെ പേരില്‍ തിരുവനന്തപുരത്തുള്ള സ്മാരകത്തിന്‍റെ പ്രവര്‍ത്തനം ഇന്ന് കീര്‍ത്തിനേടിക്കഴിഞ്ഞു. സാര്‍ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ, സപ്തതിയോടനുബന്ധിച്ച് ഞാനും മുന്‍പറഞ്ഞ ശിഷ്യരും ചേര്‍ന്ന് ഒരു ബൃഹദ്ഗ്രന്ഥം തയ്യാറാക്കി എസ്.പി.സി.എസ്. പ്രസിദ്ധീകരിച്ച മലയാളത്തിലെ പ്രഗത്ഭരായ എല്ലാ സാഹിത്യകാരന്മാരും എഴുതിയ 245 ലേഖനങ്ങളടങ്ങിയ 'എന്‍. കൃഷ്ണപിള്ളയും സാംസ്കാരികരംഗവും' എന്ന ആ ഗ്രന്ഥം ഗുരുനാഥന്‍റെ മറ്റൊരു സ്മാരകമായി നിലനില്‍ക്കുന്നു.