തുടക്കം കുറിച്ച ചിരിദിനം: ഓജ്ജാർ കെ വിയിൽ
സ്വഛന്ദം ഓർമകളിലങ്ങനെ മേഞ്ഞുനടക്കുമ്പോൾ ഒന്നിരുന്ന് അയവിറക്കിച്ചിരിക്കാനും, കെ വി തന്നു വച്ചിട്ടുണ്ട്, കുറെ അനുഭവരസങ്ങൾ. കെ വി ഓജ്ജറിലെ എന്റെ ആദ്യ ദിനം അത്രയ്ക്കും രസകരമായിരുന്നു!
അന്ന്, ജൂലൈ 16, 1981. അദ്ധ്യാപികയെന്ന സ്ഥിരപദവിയുടെ തുടക്കം കുറിച്ച ദിവസം!
തലേന്ന്, അതേ സ്ക്കൂളിൽ നേരത്തെ അദ്ധ്യാപികയായി ഉണ്ടായിരുന്ന റേച്ചൽ വർഗ്ഗീസ് മാഡത്തിനെ അവർ താമസിച്ചിരുന്ന എച്ച് എ എൽ ക്വാർട്ടേഴ്സിൽ ചെന്നു കണ്ടു, പരിചയപ്പെട്ടു. ഓജ്ജർ കെ വി യിലെ അന്തരീക്ഷമെങ്ങനെയെന്ന് ചോദിച്ചറിയാനും ഒരു കൗതുകം തോന്നി. വളരെ കൃത്യമായി മാഡം സ്ക്കൂൾ അന്തരീക്ഷം എനിക്ക് വ്യക്തമാക്കിത്തന്നു.
“വലിയ പ്രശ്നങ്ങളൊന്നുമില്ല. നല്ല അച്ചടക്കമുള്ള കുട്ടികൾ. രക്ഷിതാക്കൾ നന്നായി സഹകരിക്കുന്നു. അദ്ധ്യാപകരും പരസ്പരം അറിഞ്ഞു സഹായിക്കുന്നവർ.എന്നാൽ പ്രിൻസിപ്പൽ ലേശം പിശകാണ്. അക്കാര്യം എന്തെന്ന് ഗീത സ്വയം മനസ്സിലാക്ക്യാ മതി. വല്യ സ്ക്കൂളൊന്നുമല്ല. ഇതുവരെ എട്ടാം ക്ലാസ്സു വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ വർഷം ഒമ്പതാം ക്ലാസ്സു തുടങ്ങി. എങ്കിലും PRT പോസ്റ്റിൽ മാത്രമേ ടീച്ചർമാരുള്ളൂ.TGT, PGT പോസ്റുകളിലേക്ക് നിയമനം വൈകുന്നു. അതിനാൽ PRT കളാണ് എല്ലാ ക്ലാസ്സുകളിലും പഠിപ്പിക്കുന്നത്. മിക്ക വർഷങ്ങളിലും കുറെ അഡ്ഹോക് ടീച്ചർമാർ പതിവാണ്. ഏഴു മുതൽ ഒമ്പതു വരെ ക്ലാസ്സുകളിൽകണക്ക് പഠിപ്പിക്കാനാളില്ല. ഒരു പക്ഷേ ഗീതക്ക് ഈ ക്ലാസ്സുകളായിരിക്കും കിട്ടുക.”
എല്ലാം കേട്ടപ്പോൾ ആശ്വാസം തോന്നി... എന്നാലും എന്തായിരിക്കാം പ്രിൻസിപ്പലിന്റെ കുഴപ്പം... ങാ... പോട്ടെ... അയാളെങ്ങനെയായാലെന്ത്... എനിക്കെന്റെ ജോലി... എന്ന് സമാധാനിച്ചു.
രാവിലെ 7-30 മുതല് ഉച്ചക്ക് 2-10 വരെയായിരുന്നു സ്ക്കൂൾ സമയം.
16 ന് രാവിലെ 7-10 നു തന്നെ ഞാൻ സ്ക്കൂളിലെത്തി. കുട്ടികൾ ഓരോരുത്തരായി വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഓഫീസിൽ ആരും എത്തിയിയിരുന്നില്ല. പത്തു മിനിറ്റുകൾക്കു ശേഷം ചില അദ്ധ്യാപകരും ഓഫീസ് സ്റ്റാഫും എത്തി. കൃത്യം 7-20 ആയപ്പോൾ ധൃതിയിൽ കുറെപ്പേർഓടിയെത്തുന്നു... ഓഫീസിൽ കേറി റെജിസ്റ്ററിൽ ഒപ്പു വെച്ച് ക്ലാസ്സുകളിലേക്കോടുന്നു...! ഓഫീസ് തുറന്നയുടൻ ഞാൻ എൽ ഡി സി യുടെ കസേരയിൽ ഇരുന്നയാളോട് പറഞ്ഞു: “ Good morning Sir. I am Ms Geetha Nair, appointed newly as a PRT here. What are the formalities to join?” ഇതു കേട്ടതും നോട്ടങ്ങൾ എന്നിലേക്ക് നീണ്ടു വന്നു. ഒപ്പിടാൻ വന്ന ടീച്ചർമാർ പലരും അടുത്തു വന്ന് കുശലം പറഞ്ഞപ്പോൾ ഒരാശ്വാസം അനുഭവപ്പെട്ടു.
ചന്ദ്രകാന്ത് പറഞ്ഞു : “Madam, you must get Principal’s approval in the joining report first. Wait for him .I can make an entry in the register after that.”
7-20 ന് ആദ്യമണിക്കൊപ്പമാണ് ശ്രീ എം എൽ കുൽക്കർണ്ണി എന്ന പ്രിൻസിപ്പൽ എത്തിയത്. ആരേയും ശ്രദ്ധിക്കാതെ അദ്ദേഹം നേരെ തന്റെ ഓഫീസിലേക്ക് കയറി . പിറകെ പോകാൻ തുനിഞ്ഞ എന്നോട് ചന്ദ്രകാന്ത് ഇപ്പോൾ വേണ്ടെന്ന് ആംഗ്യം കാണിച്ചു. അസംബ്ലി കഴിഞ്ഞിട്ടു മതിയെന്ന് നിർദ്ദേശിച്ചു. ഞാൻ അസംബ്ലി കഴിയും വരെ ഓഫീസിൽ തന്നെ കാത്തിരുന്നു.
ഇരുപതു മിനിറ്റുകൾക്കു ശേഷം പ്രിന് സിപ്പൽ അസംബ്ലി കഴിഞ്ഞ് മുറിയിലെത്തി. ഞാനും കൂടെയെത്തി സ്പ്രിംഗ് ഡോർ തുറന്ന് “മേ ഐ കം ഇൻ സർ ” ചോദിച്ച് അദ്ദേഹം തലയാട്ടിയെന്ന് സ്വയം സങ്കല്പിച്ച് അകത്തു കയറി.
“സർ, അയാം മിസ് ഗീത നായർ, ന്യൂലി അപ്പോയിന്റഡ് ടീച്ചർ ഹിയർ. മേ ഐ ജോയിൻ മൈ ഡ്യൂട്ടീസ്, സർ?”
“ങ്ഹാ ; മുജെ മാലൂം ഹേ, തീൻ ചാർ ലോഗ് നയെ ആ രഹെ ഹെ. ആപ് ജോയിനിംഗ് റിപ്പോര്‍ട്ട് ലായേ ഹേ ക്യാ ?” ഒട്ടും മയമില്ലാത്ത പരുക്കൻ ശബ്ദം!
നേരത്തെ എഴുതിയ ജോയിനിംഗ് റിപ്പോര്‍ട്ട് അദ്ദേഹത്തിന്‍ നേര്‍ക്കു നീട്ടി.
അപ്പോഴേയ്ക്കും കുട്ടികളും അധ്യാപകരും ക്ലാസ്സ് മുറികളിലേക്ക് പോയിക്കഴിഞ്ഞിരുന്നു. എങ്ങും നിശ്ശബ്ദത നിറഞ്ഞു.
കുല്‍ക്കര്‍ണി സർ അത്യാവശ്യം ചില വ്യക്തിപരമായ വിവരങ്ങൾ ചോദിച്ചു. ഒരു കാര്യം ഞാൻപ്രത്യേകം ശ്രദ്ധിച്ചു. ഞാൻ ഇഗ്ലീഷിൽ പറയുന്നതിനൊക്കെ മറുപടി ഹിന്ദിയിലും എന്നാൽ ഞാൻഹിന്ദിയിലേക്ക് സംഭാഷണം മാറ്റിയപ്പോൾ അദ്ദേഹം ഇഗ്ലീഷിലും സംസാരിച്ചു. എന്തോ ഒരു പന്തികേട് മണത്ത് നിന്നപ്പോൾ അദ്ദേഹം വീണ്ടും, “ഇവിടെ ചില ശല്യക്കാരായ അധ്യാപകരുണ്ട്. അവരുടെ കുരുക്കിലൊന്നും വീഴരുത്.” ഞാൻ വെറുതെ തലയാട്ടുക മാത്രം ചെയ്തു.
“ഇനി ചില ചടങ്ങുകൾ ചെയ്യാനുണ്ട്.”
എന്തെന്നറിയാതെ ഞാൻ പകച്ചു നിന്നു.
അദ്ദേഹം മേശപ്പുറത്തിരുന്ന ഒരു ഫയൽ തുറന്ന് ഒരു കടലാസ്സെടുത്ത് നിവര്‍ത്തി പൊടുന്നനെ കസേരയിൽ നിന്നെഴുന്നേറ്റു നിന്നു. വലതു കൈ കമിഴ്ത്തിനീട്ടി എന്നോടും അങ്ങനെ ചെയ്യാൻആവശ്യപ്പെട്ടു. “ഒരു പ്രതിജ്ഞയുണ്ട്. ഇവിടെ ചേരുന്നത് ഇത് പറഞ്ഞതിനു ശേഷമാകാം. ഞാൻ പറയുന്നത് മിസ്സ് നായർ ഏറ്റു പറയുക”
ശങ്കിച്ചു കൊണ്ട് മെല്ലെ മെല്ലെ ഞാൻ കയ്യുയര്‍ത്തുവാൻ തുടങ്ങിയതേയുള്ളു. സ്പ്രിംഗ് ഡോറിന് പിറകിൽ നിന്ന് “മേ ഐ കം ഇൻ, സാർ “ എന്ന്‍ പല ശബ്ദങ്ങൾ ഒന്നിച്ച്...!
പ്രിസിപ്പൽ പെട്ടെന്ന്‍ ജാള്യത മറയ്ക്കാനെന്ന പോലെ നേരത്തെ പൊക്കിയ വലതു കൈ ഒന്ന് കുടഞ്ഞ്, തന്റെ കസേര തിരിച്ചു ശരിയാക്കുകയാണെന്നഭിനയിച്ച് അതിലെക്കമര്‍ന്നു. എന്റെയുള്ളിൽ ഒരു ചിരി പൊട്ടിയെങ്കിലും പുറത്ത് കാണിച്ചില്ല. അദ്ദേഹം എന്‍റെ ജോയിനിംഗ് റിപ്പോര്‍ട്ടിൽ ഒപ്പു വെച്ച് എനിക്ക് നേരെ നീട്ടി. റൂമിൽ കയറിയ ടീച്ചർമാർമാരോട് അദ്ദേഹം ഇരിക്കാൻപറഞ്ഞു. എന്നെ ചൂണ്ടി പുതിയ ടീച്ചർ ഗീത നായർ ആണെന്ന്‍ പരിചയപ്പെടുത്തി. അവരിലൊരാൾ “ ആപ് ബൈഠീയേ മാഡം” എന്ന് പറഞ്ഞപ്പോഴാണ് അത്രയും നേരം ഞാൻ നിൽക്കുകയായിരുന്നെന്ന്‍ ഓര്‍ത്തത്.
ഞാൻ പറഞ്ഞു “ Thank you, Sir. It’s okay. Let me sign in the attendance register first.”
പ്രിന്‍സിപ്പലിനെ നോക്കി “Thank you, Sir” എന്നും പറഞ്ഞ് ഞാൻ പ്രിൻസിപ്പലിന്റെ ചേംബറിൽനിന്നിറങ്ങി ഓഫീസിലെ റെജിസ്റ്ററിൽ എന്ട്രി ചെയ്യിച്ച് ഒപ്പും വെച്ചു.
ഞാനിറങ്ങിയതും പ്രിന്‍സിപ്പൽ ചേംബറിൽ ഉച്ചത്തിൽ വാക്കേറ്റം തുടങ്ങി. പ്രിന്‍സിപ്പലും എന്തെല്ലാമോ ഉച്ചത്തിൽ പറയുന്നു...! കാര്യമൊന്നും മനസ്സിലാകാത്ത പരിഭ്രാന്തിയിൽ നിന്ന എന്നോട് ചന്ദ്രകാന്ത് പറഞ്ഞു, “ഇതൊന്നും കേട്ടു മാഡം വിഷമിക്കേണ്ട. ഇവിടത്തെ സ്ഥിരം കലാപരിപാടിയാണ്. ഒരു പക്ഷെ നാളെ മാഡമാവും അയാളോട് കലഹിക്കുക”
പുറത്തെയ്ക്കിറങ്ങിയ ഷമീം സർ എനിക്ക് ടൈംടേബിൾ തന്നു. രണ്ടു സെക്ഷൻസ് ഒമ്പത്, ഓരോ സെക്ഷൻ എട്ടും ഏഴും ക്ലാസ്സുകളിൽ കണക്ക് പഠിപ്പിക്കണം. സന്തോഷത്തോടെ ശ്വാസമൊന്നു നേരെയെടുത്ത് ഞാനെന്‍റെ കണക്കിലേക്ക് കുതിച്ചോടി.
ഒമ്പതാം ക്ലാസ്സിലെ ചില കുട്ടികൾ ചോദിച്ചു: “പ്രിൻസിപ്പലിനെ കണ്ടോ മാം ? സംസാരിച്ചോ?എങ്ങനേണ്ട് ” ഉള്ളിൽ ചിരിയടക്കി അവരുടെ മുമ്പിൽ ഗൗരവം നടിച്ചു. – “ഓ. കണ്ടു. ഒരു പ്രശ്നവുമില്ല. ( പ്രതിജ്ഞയിൽ നിന്ന് രക്ഷപ്പെട്ടത് ഒന്നു നിശ്വസിച്ച് മനസ്സിലടക്കി)”. "എന്നാലേ, എപ്പൊൾ കണ്ടാലും "ഗുഡ് മോർണിംഗ്, സർ" എന്നു വിഷ് ചെയ്തില്ലെങ്കിൽ പ്രിൻസി ആള് മാറും. വല്യ പ്രശ്നമാ മാഡം'' ഞാൻ ശരിയെന്ന് തലയാട്ടി.എന്നാൽ അവർ പറഞ്ഞത് മനസ്സിൽ കുറിച്ചിട്ടു. അന്ന് സ്കൂൾ വിടാനുള്ള അവസാന മണിമുഴങ്ങി പുറത്തേക്കിറങ്ങിയപ്പോൾ സമയം ഉച്ചക്ക് 2-25. മുൻവശത്തെ എൻട്രൻസ് ഗേറ്റിനോട് ചേർന്ന് പ്രിൻസിപ്പൽ നിൽക്കുന്നു. വരിചേർന്ന് പുറത്തിറങ്ങുന്ന കുട്ടികൾ "ഗുഡ് മോർണിംഗ് സർ" എന്ന് ഉച്ചത്തിൽ പറയുന്നു! അദ്ദേഹം തലയാട്ടി പുഞ്ചിരിച്ച് പ്രത്യഭിവാദനം ചെയ്യുന്നു..."ഗുഡ് മോർണിംഗ് .... ഗുഡ് മോർണിംഗ്..."
അതുവഴി പുറത്തേക്കിറങ്ങുമ്പോൾ ഞാനും ഉച്ചരിച്ചു: "ഗുഡ് ആഫ്ടർനൂൺ സർ"
അദ്ദേഹം തലയാട്ടിയോ... പുഞ്ചിരിച്ചോ... ?എന്തായാലും "ഗുഡ് ആഫ്ടർനൂൺ" പറഞ്ഞില്ല!
പിന്നെയങ്ങോട്ട് കുട്ടികളും ക്ലാസ്സുകളും കണക്കും കളികളും ഞാനും ... പ്രിൻസിപ്പളെന്നയാളെ മുഖാമുഖം കാണാതിരിക്കാനുള്ള എല്ലാം അടവുകളും പയറ്റി രണ്ടു മാസങ്ങൾ, അദ്ദേഹത്തിനു സ്ഥലം മാറ്റം കിട്ടും വരെ.
കുൽക്കർണ്ണി സാറും പ്രതിജ്ഞയും അദ്ദേഹത്തിന്റെ മറ്റു പല കലാപരിപാടികളും കുറെക്കാലം ഓജ്ജർ കെ വി യിലെ സ്റ്റാഫ് റൂമിൽ പൊട്ടിച്ചിരികകൾക്കും ചർച്ചകൾക്കും വിഷയീഭവിച്ചിരുന്നത് രസകരം.