Archives / October 2019

റുക്സാന കക്കോടി.

ഹോ... ! ഒരു ലീവ് കിട്ടിയിരുന്നെങ്കിൽ....!
അവധി ദിനങ്ങളിൽ കൂടി സ്ക്കൂൾ എടുക്കുന്നു.
എനിക്ക് വയ്യ നാളെ ക്ലാസ്സിൽ പോകാൻ "
ഷെമീർ ഉമ്മയെ വിളിച്ചു " ഉമ്മാ.... ഉമ്മാ ഞാൻ നാളെ സ്കൂളിൽ പോണില്ല."
"എന്താ മോനേ നിനക്കെന്ത് പറ്റി? നീ മറന്നോ
നാളെ നമുക്ക് പോണ്ടേ.... തറവാട്ടു വീട്ടിലേക്ക്. മറ്റന്നാൾ അല്ലേ കുടുംബ സംഗമം .....!
നീ പാട്ടു പാടുന്നില്ലേ...!ഷഹനാസിന്റെ നേതൃത്വത്തിൽ ഒപ്പനയും ഉണ്ട്. അവള് എപ്പഴോ ഒരുങ്ങി ."

"ഓ...!ഞാനത് പെട്ടെന്ന് മറന്നു പോയി .
ഏതായാലും പഠിച്ച പാട്ട് ഒന്നൂടെറിഹേഴ്സൽ നടത്തട്ടെ."
" ഷഹനാസ് നീ വരുന്നോ ! മുകളിലെ ഹോളിൽ നമുക്ക് ഒന്നൂടെ റിഹേഴ്സൽ നടത്താം. "
തന്റെ കൊച്ചു പെങ്ങളെ സഹോദരൻ ക്ഷണിക്കുകയാണ്.
"ഇക്കാ ഞാനിപ്പം വരാട്ടോ " 
ഷെരീഫ് മുകളിലത്തെ ഷീറ്റ് കൊണ്ട് മറച്ച ഹാളിലേക്ക് കയറിപ്പോയി.കൂടെ ഷഹനാസും.

സെറീനയും അൻവറും (ബാപ്പയും ,ഉമ്മയും)
പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയാണ്. അതിനിടയ്ക്ക് പുറത്ത് ജീപ്പ് വന്നു നിന്നു.ആദ്യമേ ഒരുങ്ങി നിന്ന മൂത്ത സഹോദരങ്ങൾ ബാഗും കെട്ടുമായ് ജീപ്പിൽ കയറി. ജീപ്പിന്റെ ശബ്ദം കേട്ട് ഷെരീഫും, ഷഹനാസും താഴേക്കിറങ്ങി വന്നു. " ഞങ്ങളും ഉണ്ട് കാത്തുനിൽക്കാമോ ....!"
അപ്പോൾ സെറീന പറഞ്ഞു. " മക്കളെ നിങ്ങൾ ചെറിയവരല്ലേ നിങ്ങൾക്ക് ഉമ്മയുടേയും ഉപ്പയുടേയും കൂടെ നാളെ പോകുന്നതല്ലേ നല്ലത്. "
ഉമ്മയുടെ വാക്കുകൾ കേട്ട് രണ്ടു പേരും മുകളിലേക്ക് തന്നെ മടങ്ങി. മൂത്ത സഹോദരങ്ങൾ യാത്രയായി.

"ശ്ശോ! എന്തൊരു മഴയാണ്. ഇന്ന് ഇത് ചോരു മെന്ന് തോന്നുന്നില്ല. മുറ്റം നിറഞ്ഞു. പടച്ചോനെ വെള്ളം അകത്തേക്കു കയറുമോ....!"
സെറീന ആകെ വെപ്രാളത്തിലാണ്.
മഴ തിമർത്തുപെയ്യുകയാണ്. മഴവെള്ളം പടിക്കൽ വരെയെത്തി. ആശങ്കയാൽ വീട്ടു സാധനങ്ങളോരോന്നായ് അൻവറും, സെറീനയും അടുത്തു പണിയുന്ന പുതിയ വീട്ടിലേക്ക് മാറ്റാൻ തുടങ്ങി. ഇതൊന്നുമറിയാതെ ഷഹനാസും, ഷെറീഫും പരിപാടിക്കുള്ള റിഹേഴ്സലിലാണ്.
" മക്കളേ താഴേക്കൂ വരീൻ, നമുക്ക് ഇന്ന് പുതിയ വീട്ടിലുറങ്ങാം. ഇവിടെ നിന്നാൽ ആപത്താണ്."
തങ്ങളുടെ നാളെയിടാനുള്ള തയ്പ്പിച്ച പുത്തൻ വസ്ത്രങ്ങളുമായി രണ്ടു പേരും താഴേക്കിറങ്ങി അവരോടൊപ്പം പുതിയ വീട്ടിലേക്ക് യാത്രയായി.ഉറങ്ങുവോളം രണ്ടു പേരും തൃപ്തിവരാതെ വീണ്ടും വീണ്ടും റിഹേഴ്സൽ നടത്തി.
" മതി മക്കളെ ഉറങ്ങാൻ നോക്ക് നേരം വെളുത്താൽ തലപൊങ്ങില്ല, പോയി കിടന്നുറങ്ങ് " അൻവർ ആവശ്യപ്പെട്ടു.
രണ്ടു പേരും ഉറങ്ങാനായി കിടന്നു.മനസ്സ് നിറയെ നാളത്തെ കുടുംബ സംഗമം സ്വപ്നം കണ്ടവർ നിദ്രയിലാണ്ടു.

പുറത്ത് മഴ അട്ടഹസിക്കുകയാണ്. ശക്തിയായ കാറ്റും വീശുന്നുണ്ട്. മനസ്സിൽ ആയത്തുൽ കുർസി ഓതി സെറീനയും അൻ വറും കിടന്നു.
സമയം അഞ്ച് മണി ....
പെട്ടെന്നാണത് സംഭവിച്ചത്. എന്തോ വലിയ സ്ഫോടന ശബ്ദം കേട്ടു അൻവറും , സെറീനയും കണ്ണു തുറന്നപ്പോൾ തങ്ങളുടെ പൊന്നോമനകൾ കിടന്ന മുറിയിലേക്ക് വലിയ പാറകഷണങ്ങളും ,മണ്ണും ,വെള്ളവും കുത്തിയൊലിച്ചു വരുന്നത് കണ്ടവർ ആർത്തു വിളിച്ചെങ്കിലും എല്ലാം പെട്ടെന്ന് അവസാനിച്ചു.
കുത്തിയൊലിച്ചു വന്ന മലവെള്ളപാച്ചിലിൽ ആ വീട് മൊത്തം മണ്ണിനടിയിലമർന്നു. കരങ്ങളുയർത്തി രക്ഷക്കായി കേണെങ്കിലും എല്ലാം പെട്ടെന്ന് അവസാനിച്ചു.

സംഹാരരുദ്രയായ് പ്രകൃതി സർവ്വതും നക്കി തുടച്ചു ഒരു യുദ്ധ ഭൂമി കണക്കേ ഒരു നിമിഷം കൊണ്ട് ഒരു വിഭാഗം ജനതകളെ മണ്ണിലാഴ്ത്തി
പ്രകൃതി സന്തോഷിച്ചു.കൂട്ടി വച്ച സമ്പാദ്യങ്ങൾ, സുവർണ്ണമോഹങ്ങൾ എല്ലാം ഒരു പ്രളയത്തിലൂടെ നഷ്ടമായി. കരയാൻ പോലുമാവാതെ പലരും പ്രതിമ കണക്കെ ദുരന്തഭൂമിക്കടിയിലായ് അന്ത്യനിദ്രപൂകി.


 

 

 

Share :