Archives / October 2017

ഡോ ടി എൻ സീമ
വിദ്യാലയങ്ങൾ പ്രകൃതി സൗഹൃദമാക്കാൻ ഹരിതോത്സവം

ഹരിത സമൃദ്ധിക്കായ് കൈകോര്‍ക്കുകയാണ് കേരളം. ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ തീവ്ര ശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഹരിത കേരളം മിഷന്‍. കാടും പുഴയും കുന്നും വയലും കായലുമെല്ലാം സംരക്ഷിച്ച് നിലനിർത്തേണ്ടത് ഭാവിലേക്കുള്ള കരുതല്‍കൂടിയാണ്. പ്രകൃതിയോടുള്ള കടമകള്‍ സമൂഹത്തെ പഠിപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് വിദ്യാര്‍ഥികളിലേക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കുകയാണ്. ഈ വസ്തുത മുന്‍നിര്‍ത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ സംഘടിപ്പിക്കുന്ന കര്‍മ്മ പരിപാടിയാണ് ഹരിതോത്സവം. വിദ്യാര്‍ത്ഥികളെയും അവര്‍ക്കുചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിതസൗഹൃദമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കാനുള്ള സജീവശ്രമമാണ് ഹരിതോത്സവം. പഠനത്തില്‍ നിന്നും വേറിട്ട വസ്തുതയായല്ല കുട്ടികള്‍പ്രകൃതിസംരക്ഷണത്തെ തിരിച്ചറിയേണ്ടത് . പഠനത്തോട് ഇഴുകിച്ചേര്‍ന്ന ഒരു മനോഭാവമായി അവര്‍ക്ക് അത് അനുഭവപ്പെടണം. അതിനുള്ള അവസരമാണ് ഹരിതകേരളം മിഷന്‍ ,ഹരിതോത്സവം പദ്ധതിയിലൂടെ അവതരിപ്പിക്കുന്നത്. അതിന് ഓരോ വിദ്യാലയവും ഹരിതമാകണം, വിദ്യാലയം അപ്പാടെ ഒരു പഠനോപകരണമായി മാറണം. ഒരു വിദ്യാലയം ഹരിതമാകണമെങ്കില്‍ അതിന്‍റെ എല്ലാ ഘടകങ്ങളും ഹരിതസൗഹൃ ദമാകണം. ക്ലാസ് മുറികള്‍, ഓഫീസ് മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, ടോയ്‍ലെറ്റുകൾ , കോവണിപ്പടികള്‍, മേല്‍ക്കൂര, സ്കൂള്‍ മുറ്റം, ഇവയൊക്കെ പ്രകൃതിസൗഹൃദമാകണം. അതായത് പഠിതാക്കളേയും പ്രകൃതിയേയും ബന്ധിപ്പിക്കുന്നതാകണം എന്നര്‍ത്ഥം. അധ്യയന ഇതര പ്രവര്‍ത്തനങ്ങളില്‍ വേറിട്ടൊരു അനുഭവമായിരിക്കും ഹരിതോത്സവം. അധ്യയനത്തെ പ്രതികൂലമായി ബാധിക്കാതെയും എന്നാല്‍ പാഠഭാഗങ്ങളുമായി ഒത്തു പോകുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പെടുത്തിയുമാണ്ഹരിതോത്സവം ചിട്ടപ്പെടുത്തിയിട്ടുള്ളത്.അതിന് സഹായകരമായ രീതിയില്‍ പത്ത് ഉത്സവങ്ങളായിട്ടാണ് പ്രധാനപ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ടമായി ഈ വര്‍ഷം 5000 സ്കൂളുകളില്‍ ആണ് ഹരിതോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. അടുത്ത വര്‍ഷം സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഇത് നടപ്പാക്കും. മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും ഒരു പോലെ അവകാശപ്പെട്ട ഭൂമി സംരക്ഷിക്കേണ്ടത് നാം ഏവരുടെയും ബാധ്യതയാണ്. പരിസ്ഥിതി സംരക്ഷിച്ചു പ്രകൃതിയോടുളള നമ്മുടെ കടമകള്‍,സമീപനം എന്നിവ സംബന്ധിച്ച് വിദ്യാര്‍ഥിസമൂഹത്തെ പഠിപ്പിച്ചും അവര്‍ക്ക് ചുറ്റുമുള്ള പ്രകൃതിയെ പരിരക്ഷിക്കാനുള്ള അവസരം സൃഷ്ടിച്ചുമാണ് ഹരിതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂള്‍ ഹരിതസൗഹൃദ അന്തരീക്ഷത്തിലേക്ക് മാറുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങളും ഇവിടെ പ്രസക്തമാണ്.ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുക, കൃത്യമായ മാലിന്യസംസ്കരണരീതികള്‍ അവലംബിക്കുക അനാവശ്യ മാലിന്യ സൃഷ്ട്ടി ഒഴിവാക്കുക, മാലിന്യങ്ങളുടെ തോത് കുറയ്ക്കുക പ്രകൃതി വിഭവങ്ങളുടെ ഉപഭോഗം കാര്യക്ഷമവും ശാസ്ത്രീയവുമാക്കുക തുടങ്ങിയ കാര്യങ്ങളില്‍ ചെറുപ്രായം മുതലേ കുട്ടികളില്‍ അവബോധം സൃഷ്ടിക്കണം. ഇക്കാര്യങ്ങളില്‍ അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനം മൂലം കാര്‍ഷികമേഖലയുള്‍പ്പെടെ സകലരംഗവും പ്രതിസന്ധി നേരിടുന്ന കാലമാണിത്. ആഗോളതാപനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ജീവന്‍റെ നിലനില്‍പ്പിനു പോലും ഭീഷണിയാണ്. ശുദ്ധജലം,ശുദ്ധവായു,ഭക്ഷ്യലഭ്യത ഇവയൊക്കെ അന്യമാവാതിരിക്കാന്‍ ഹരിതോത്സവം പോലുള്ള പരിപാടികള്‍ സഹായകമാകും. തുടക്കം മുതലേ കുട്ടികളില്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന്‍റ ഗുണഫലങ്ങള്‍ ബോധ്യപ്പെടുത്താനും ഇതുപകരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസുകള്‍ സജ്ജമാക്കി സ്കൂളുകളെ ഹൈടെക് ആക്കി മാറ്റുന്ന നടപടികള്‍ സംസ്ഥാനത്തു പുരോഗമിക്കുകയാണ് . ഇപ്രകാരം ഹൈടെക്കായി മാറുന്ന സ്കൂളുകള്‍ പ്രകൃതിയോടിണങ്ങി ഹരിതസൗഹൃദ വിദ്യാലയം കൂടിയാവുന്നതു പ്രത്യേകം ശ്രദ്ധേയമാണ്.

Share :