Image

മാനവ ചരിത്രത്തിലെ നാഗരികതകളെല്ലാം ഉയിർക്കൊണ്ടത് നദീതീരങ്ങളിലാണ്. ഈജിപ്ഷ്യൻ,
മെസൊപൊട്ടേമിയൻ, ഇൻഡസ് വാലി നാഗരികതകളെല്ലാം ഇതിനുദാഹരണങ്ങളാണ്.കാർഷിക
സമ്പദ് വ്യവസ്ഥയായ ഇൻഡ്യൻ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ നമ്മുടെ
നദികൾക്ക് വളരെ വലിയ പ്രാധാന്യമുണ്ട്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞൻ
ആഡംസ്മിത്തിന്റെ അഭിപ്രായത്തിൽ സമ്പത്തിന്റെ പ്രഭവ കേന്ദ്രം ഭൂമി (കൃഷി) യാണ്. ആ
സൈദ്ധാന്തിക വീക്ഷത്തെ മാക്സിയൻ ദർശനത്തിലൂടെ വിശകലനം ചെയ്യുമ്പോൾ കൃഷി ഭൂമിക്ക്
പുറമെ നദിയും പ്രധാന 'ഡയലെറ്റിക് ' ആണെന്ന് ഗ്രഹിക്കാം.ഗംഗയും, യമുനയും,
ബ്രഹ്മപുത്രയും, ഗോതാവരിയും, പമ്പയും, ഝലം നദിയും, ജുനാബ്, ബിയാസ് നദികളും ,സത്ലജ്,
രവി നദികളുമെല്ലാം ഇൻഡ്യൻ കാർഷിക മേഖലയെ നനച്ചു വളർത്തുന്നവയാണ്. യൂഫ്രട്ടീസും,
ടൈഗ്രീസും, നയിലുമെല്ലാം ആഫ്രിക്കൻ ഭൂഖണ്ഡത്തെ സമൃദ്ധമാക്കുമ്പോൾ മിസ്സിസിപ്പി നദിയും,
യുകോൺ നദിയും, കൊളംബിയൻ നദിയുമെല്ലാം യു.എസിനെ ശാലീനമാക്കുന്നവയാണ്.
ചാലിയാർ
 എന്ന അറബി പഥം ലോപിച്ചാണ് ചാലിയാർ എന്ന പേരുണ്ടായത്. (ചെറുത്,
കഷ്ണം) എന്ന പഥവും (നദി) എന്ന പഥവും ചേർന്നാണിതുണ്ടായത് എന്ന് പറയപ്പെടുന്നു.
169 കി.മീ വിസ്തൃതിയുള്ള കേരളത്തിലെ നാലാമത്തെ വലിയ നദിയാണ് ചാലിയാർ.
പടിഞ്ഞാറൻ പർവ്വതനിരകളുടെ ഭാഗമായ വയനാട്ടിലെ എളമ്പലായി കുന്നുകളിൽ നിന്നാണ്
ഇതുത്ഭവിക്കുന്നത്.

ചാലിയാറിലെ ചീക്കോട് ചുങ്കം കടവിൽ നിന്നുള്ള ഒരു അസ്തമയ ദൃശ്യം

ഒത്തിരി ഗ്രാമപ്രദേശങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനും ആശ്രയം ചാലിയാറാണ്. നിലമ്പൂർ,
എടവണ്ണ, അരീക്കോട്, കീഴുപറമ്പ്, ചെറുവാടി, എടവണ്ണപ്പാറ, മാവൂർ, വാഴക്കാട്, പെരുവയൽ,
ഫറോഖ്, ബേപ്പൂർ തുടങ്ങീ പട്ടണങ്ങളിലൂടെ ജലദാതാവായൊഴുകിയാണ് ചാലിയാർ
അറബിക്കടലിൽ പതിക്കുന്നത്. മലബാർ ഭാഗത്തെ സ്വാതന്ത്ര്യ സമര ചരിത്രവുമായും ചാലിയാർ
കെട്ടുപിണഞ്ഞു കിടക്കുന്നു. മതസൗഹാർദ്ധത്തിനും മതസഹിഷ്ണുതക്കും വിഖ്യാതമാണ്
ചാലിയാർ തീരങ്ങൾ. ചില ആദിവാസി ഗോത്രവിഭാഗങ്ങൾ ചാലിയാർ തീരങ്ങളിൽ
അതിവസിച്ചിരുന്നു. ചാലിയാർ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്  മലിനീകരണമാണ്.
മുമ്പ് ഗ്രാസിം ഗ്വാളിറയോൺസ് കമ്പനി വലിയ രീതിയിലുള്ള മലിനീകരണത്തിന് തുടക്കം
കുറിച്ചതാണ്. ഇന്ന് മണൽ ഗനനവും ചെറിയ രീതിയിലല്ല പുഴയെ നശിപ്പിക്കുന്നത്.
കോഴിക്കോടിനും മലപ്പുറത്തിനുമിടയിലെ അതിർത്തി രേഖയായും ചാലിയാർ വർത്തിക്കുന്നു.
ഉപരിസൂചിത പട്ടണങ്ങളുടെ കാർഷിക, ജലസേചന, ഗാർഹിക, കുടിവെള്ള ആശ്രയങ്ങൾക്കുള്ള
സ്രോതസ്സാണ് ചാലിയാർ. ഈ പ്രദേശങ്ങളുടെ സാംസ്ക്കാരിക സാമൂഹിക വികാസങ്ങളിൽ
ചാലിയാറിന് സ്വാധീനമുണ്ട്. 'കല്ലാഹ് ' എന്ന് അറബികൾ വിളിച്ച കല്ലായി പുഴയോരത്തുള്ള
വിശ്വപ്രസിദ്ധമായ ഉരുപ്പടി ശാലകളിലേക്ക് നിലമ്പൂർ വനപ്രദേശങ്ങളിൽ നിന്നും തേക്ക്, ചന്ദനം
തുടങ്ങിയ എത്തിച്ചിരുന്നത് ചാലിയാറിലൂടെയായിരുന്നു.
പടിഞ്ഞാറൻ പർവ്വത നിരകളിൽ നിന്നും ഗണ്യമായ തോതിൽ മലബാറിലേക്ക് ജലമൊഴുക്കുന്ന
ഏക പ്രമുഖ നദി ചാലിയാറാണെന്ന് വില്ല്യം ലോഗൻ മലബാർ മാന്വലിൽ കുറിക്കുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സമൂഹത്തിന്റെ സാമൂഹിക ജീവിതം
രൂപീകരിച്ചെടുക്കുന്നതിൽ ഈ നദിക്ക് വലിയ പങ്കുണ്ട്.ചാലിയാർ തീരങ്ങളിലെ ജനങ്ങൾ
വ്യത്യസ്ഥ കൈവേലകളിലേർപ്പെട്ടിരുന്നു. വ്യത്യസ്ഥയിനം വള്ളങ്ങളായ കെട്ടുതോണി,
നാടൻതോണി, വെപ്പ് തോണി തുടങ്ങിയവ അവർ നിർമിച്ചെടുത്തു. വലയുൾപ്പെടെ വ്യത്യസ്ഥ
മത്സ്യബന്ധന ഉപകരണങ്ങളും അവർ നിർമിച്ചെടുത്തു. കയർ നിർമ്മാണത്തിനാവശ്യമായ
അസംസ്കൃത വസ്തുക്കളും ചാലിയാർ തീരങ്ങളിലെ ജനങ്ങൾ നിർമിച്ചെടുത്തിരുന്നു.
കാൽപന്ത്കളിയുടേയും, മറ്റ് സാഹിത്യ സംസ്കാരിക പ്രവർനങ്ങളുടെ ഈറ്റില്ലവും
പോറ്റില്ലവുമാണ് ചാലിയാർ തീരങ്ങൾ. ബേപ്പൂർ പുഴ, ചുളിക നദി എന്നീ പേരുകളിലും
ചാലിയാർ അറിയപ്പെടുന്നു.
ചാലിയാറിന്റെ കൈവഴികൾ (Streams)
(a) പുന്നപ്പുഴ
(b) കാഞ്ഞിരപ്പുഴ
(c) കരിമ്പുഴ

(d) ചാലിയാർപുഴ
(e) ഇരുവഞ്ചിപ്പുഴ
(f) ചെറുപുഴ
മറ്റു ചെറു കൈവഴികളും ചാലിയാറിനെ സമൃദ്ധമാക്കുന്നു. പാണ്ടിപ്പുഴ, മാറാടിപ്പുഴ,
കുതിരപ്പുഴ, കാരത്തോട് പുഴ, അരീക്കോട് ചെറുപുഴ, മാവൂർ ചെറുപുഴ, കരുളായ് ചെറുപുഴ,
ഈങ്ങപ്പുഴ, ഇരുതുള്ളിപ്പുഴ, കടുങ്ങപ്പുഴ, പുളിങ്ങപ്പുഴ, ചളിപ്പുഴ, മുത്തപ്പൻപുഴ, കോട്ടപ്പുഴ,
കുറുവൻ പുഴ, മരുതപ്പുഴ, കാരക്കോടൻ പുഴ, നീർപ്പുഴ, കൂമൻപുഴ തുടങ്ങിയവ ഇവയിൽ
ചിലതാണ്. മമ്പാട്, എടവണ്ണ, കുണ്ടുതോട്, വടശ്ശേരി, പൂങ്കുടി, നീലിത്തോട് എന്നീ സ്ഥലങ്ങളിൽ
നിന്നും ഈ ചെറു കൈവഴിപ്പുഴകൾ ചാലിയാറിൽ ചേർന്ന് 'ഇമ്മിണി ബല്ല്യ' പുഴയായ്
ഒഴുകുന്നു.
കൊടിയ വേനലിലും വറ്റാത്ത നദി എന്ന ഖ്യാദി ചാലിയാറിനുണ്ടായിരുന്നു.എന്നാലിപ്പോൾ
സ്ഥിതിയാകെ മാറി .അശാസ്ത്രീയമായതും, പാരമ്പര്യ വിരുദ്ധമായതും, പ്രകൃതി വിരുദ്ധവുമായ
പുഴയോടുള്ള മനുഷ്യന്റെ ഇടപെടൽ കാരണം ചാലിയാർ ഓരോദിവസവും
നശിച്ചുകൊണ്ടിരിക്കുന്നു. തീരവാസികളാണ് പുഴയെ സംരക്ഷിക്കാൻ മുൻകൈയെടുക്കേണ്ട
പ്രധാന വിഭാഗം.

പൂങ്കുടിപ്പുഴ

ചെറുപുഴ: ചാലിയാറിന്റെ ഒരു കൈവഴിയാണിത്. ഈ നദിയുടെ ഒരു ശാഖ പ്രഭവിക്കുന്നത്
കക്കാടംപൊയിൽ വന മേഖലയിൽ നിന്നും മറ്റൊരു ശാഖ പ്രഭവിക്കുന്നത് ഒതായിയുടെ വടക്ക്

ഭാഗത്ത്  വനമേഖലയിൽ നിന്നുമാണ്. കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കത്ത് വെച്ച് ഇവ രണ്ടും
സംഗമിച്ച് ഒന്നായ് ഒഴുകി അരീക്കോടിനടുത്ത് തെരട്ടമ്മലിൽ വെച്ച് ചാലിയാറിനോട് ചേരുന്നു.
ഇരുവഞ്ചിപ്പുഴ: വെള്ളച്ചാട്ടത്തിന് പ്രശസ്തമാണീ കൈവഴി.ആനക്കാംപൊയിൽലെ അരിപ്പാറ
വെള്ളച്ചാട്ടം ഈ കൈവഴിയുടെ ഭാഗമാണ്. ഉൾവനങ്ങളിലൂടെയും ,പ്രകൃതി രമണീയവുമായ
വഴികളിലൂടെയാണ് ഈ കൈവഴിയൊഴുകുന്നത്. ജല കായിക വിനോദങ്ങൾക്ക് വളരെ ചേർന്ന
പുഴയാണിത്.
കുറുമൻപുഴ: മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുമാണ് ഇത് ഉത്ഭവിക്കുന്നത്. കുതിരപ്പുഴ
ചാലിയാറിനോട് ചേരുന്നതിന്റെ കുറച്ച് മുമ്പായി നിലമ്പൂരിനടുത്ത് വടപുറത്ത് വെച്ച് ഈ പുഴ
ചാലിയാറിനോട് ചേരുന്നു.
നീർപ്പുഴ: മലപ്പുറം ജില്ലയിലെ പോത്ത്കല്ല് മുണ്ടേരി കിഴക്ക് ഭാഗത്തെ വനങ്ങളിൽ നിന്നുമാണ്
ഇതുൽഭവിക്കുന്നത്.
ചളിപ്പുഴ: ഇരുവഞ്ചിപ്പുഴയുടെ കൈവഴിയാണിത്.പ്രശസ്തമായ തുഷാരഗിരി വെള്ളച്ചാട്ടം
ഇതിന്റെ ഭാഗമാണ്.
കുതിരപ്പുഴ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഭവാനി വനപ്രദേശത്തിന്റെ തെക്ക് പടിഞ്ഞാറ്
കുന്നുകളിൽ നിന്നുമാണ് ഇതിന്റെ ഉത്ഭവം.നിലമ്പൂരിനടുത്ത് വടപ്പുറത്ത് നിന്നും ഇത്
ചാലിയാറിനോട് ചേരുന്നു. കളിക്കാവിലൂടെ ഒഴുകി കൂരാടെന്ന സ്ഥലത്തു നിന്നും ഇത്
കോട്ടപ്പുഴയോട് ചേരുന്നു. ഈ പുഴക്കരികെ ഒട്ടനവധി വാണിജ്യ കേന്ദ്രങ്ങൾ നിലനിന്നിരുന്നു.
പ്രശസ്തമായ നിലമ്പൂരിലെ 'കനോലി പ്ലോട്ട് ' സ്ഥിതി ചെയ്യുന്നത് ചാലിയാർ തീരത്താണ്.
ചാലിയാർ തീരത്തെ ഈ തേക്ക് പ്ലാന്റേഷൻ ലോകത്തെ ആദ്യ തേക്ക് പ്ലാന്റേഷനാണ്.
ചാലിയാറിന്റെ പ്രധാന പോഷകനദിയായ കുതിരപ്പുഴയിൽ ഈയിടെ നിലമ്പൂർ ജില്ലാ
ആശുപത്രിയിലെ കക്കൂസ് മാലിന്യം തള്ളിയതിനാൽ വണ്ടൂർ, തിരുവാലി
പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം നിർത്തിവെക്കേണ്ടി വന്നത്
വാർത്തയായിരുന്നു. 1100 ഗാർഹിക കണക്ഷനും, നൂറിലേറെ പൊതുടാപ്പുകളുമാണ് വണ്ടൂർ
ജില്ലാ ഓഫീസിന് കീഴിൽ മാത്രമുള്ളത്. വേറെയും ചില പഞ്ചായത്തുകൾ ഇതിനു സമാനമായ
പ്രവർത്തനങ്ങൾ ചെയ്തത് പത്രങ്ങൾ പുറത്ത് കൊണ്ടുവന്നതാണ്. ഈ വേനലിലും ഇതാണ്
പുഴയോടുള്ള സമീപനമെങ്കിൽ എന്നാണ് നാം പാഠമുൾക്കൊള്ളുക . ജനങ്ങളുടെ മനോഭാവം
മാറ്റുന്നതോടൊപ്പം കർക്കഷ നിയമനിർമ്മാണങ്ങളും നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമ്മുടെ
പുഴകളേയും ജലസ്രോതസ്സുകളേയും നമുക്ക് സംരക്ഷിക്കാനാവൂ.
ചാലിയാറും സ്വാതന്ത്ര്യ സമരവും

മലബാർ ഭാഗത്തെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ചാലിയാറിന് ബന്ധമുണ്ട്. സ്വാതന്ത്ര്യ സമര
പോരാട്ട കാലത്ത് ഖിലാഫത്ത് പോരാളികൾക്ക് നദി സംരക്ഷണമേകി. ചാലിയാർ തീരത്തെ
പാറക്കെട്ടുകളും ഗുഹകളും പോരാളികളുടെ ഒളിസങ്കേതമായ് വർത്തിച്ചു. സ്വാതന്ത്ര്യ
സമരത്തെ ഏകോപിപ്പിക്കുന്നതിൽ ചാലിയാർ തീരത്തെ മസ്ജിദുകൾ പ്രധാന പങ്കുവഹിച്ചു.
ചാലിയാർ തീരത്ത് ഇന്നും സ്വാതന്ത്ര്യ സമരത്തിന്റെ അടയാളങ്ങളെ നമുക്ക് കാണാം. അരീക്കോട്
താഴത്തങ്ങാടി വലിയ ജുമാ മസ്ജിദിന്റെ തൂണുകളിലും,
വെള്ളപ്പട്ടാളം വാളിനാൽ വെട്ടിയ അടയാളങ്ങൾ ഇന്നും കാണാം.

 

വാഴക്കാട് എടവണ്ണപ്പാറക്കടുത്തുള്ള കൊന്നാര മഖാം ജുമാമസ്ജിദിന്റെ മുൻവാതിലിൽ
ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പിലേറ്റ വെടിയുണ്ടയെ ഇന്നും കാണാം, അതിനെ ചില്ലിട്ട്
സ്ക്രൂ ചെയ്ത് ചരിത്ര രേഖയായ് സൂക്ഷിച്ച് വെച്ചിട്ടുണ്ട്.

കൊന്നാര മഖാം ജുമാമസ്ജിദിന്റെ മുൻ വാതിലിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പിലേറ്റ വെടിയുണ്ട

ഒതായി ജുമാമസ്ജിദിൽ വെച്ച് 29 സ്വാതന്ത്ര്യ സമര പോരാളികളെ ബ്രിട്ടീഷുകാർ ബോം
ബെറിഞ്ഞ് കൊന്നിട്ടുണ്ട്. ചാലിയാർ തീരത്തുള്ള അരീക്കോട് പുത്തലത്തെ
സാളീഗ്രാമക്ഷേത്രത്തിൽ ഗൂർഖാ പട്ടാളത്തിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന പോരാളികൾക്ക്
പിന്നിലുള്ള പുഴയിലൂടെ വന്ന ബർമ്മാച്ചിൻസ് എന്ന ബ്രിട്ടീഷ് സേനയുടെ ബോംബേറിൽ നിന്ന്
രക്ഷപ്പെടാൻ സാധിച്ചില്ല. മുഴുവൻ നാടൻ പോരാളികളും അവിടെ വീണ് മരിച്ചു. പിൽക്കാലത്ത്
ഇവിടുത്തെ ക്ഷേത്ര പുനരുദ്ധാരണ സമയത്ത് ക്ഷേത്രവളപ്പിൽ നിന്ന് തലയോട്ടികൾ കിട്ടിയതായി
ക്ഷേത്രഭാരവാഹികൾ വിശദീകരിച്ചിട്ടുണ്ട്.
ചാലിയാർ തീരങ്ങളിലെ സംസ്ക്കാരം
ചാലിയാർ തീരത്തെ ജനങ്ങളുടെ സംസ്ക്കാരം രുപീകരിച്ചെടുക്കുന്നതിൽ ഈ നദിക്ക് വളരെ
വലിയ പങ്കുണ്ട്.ഇവിടുത്തെ ജനങ്ങളുടെ സാമൂഹിക വൽക്കരണ (Socialisation) പ്രക്രിയയിലും ഈ
നദിക്ക് പങ്കുണ്ട്. ഈ തീരങ്ങളിലെ ജനങ്ങൾക്ക് അവരുടേതായ സംസ്ക്കാരം, നാട്ടുഭാഷ,
നാട്ടുനടപ്പ് , ജീവിത രീതി എന്നിവയുണ്ട്.
ചാലിയാറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒത്തിരി പേരുണ്ടായിരുന്നു ഇവിടങ്ങളിൽ.
അവരുടെ തൊഴിലും വിനോദവും ജീവിതസ്വപ്നങ്ങളുമെല്ലാം ചാലിയാറുമായി
ഇഴപിരിഞ്ഞതായിരുന്നു. അനേകം മണൽപ്പരപ്പുകളാൽ നിബിഡമായിരുന്നു ചാലിയാർ.

അതിനാൽ പലരും മണലെടുപ്പ് ജീവിതോപാതിയായി കണ്ടിരുന്നു. അമൂല്യ മത്സ്യ
സമ്പത്തിനാലും സമൃദ്ധമായിരുന്നു ചാലിയാർ. ഒരുപാട്പേർ ജീവിതോപാതിയായി
മത്സ്യബന്ധനത്തെ ആശ്രയിച്ചിരുന്നു. ബ്രാൽ, കഡു, ചെമ്പല്ലി, വാള തുടങ്ങീ വ്യത്യസ്ഥ ഇനം
മത്സ്യങ്ങൾ നദിയിൽ വ്യാപകമായിരുന്നു. മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനിയിൽ നിന്നും
ചാലിയാറിലേക്കൊഴുക്കിയ മാലിന്യം കാരണം ഈ മത്സ്യസമ്പത്തെല്ലാം വലിയ രീതിയിൽ
നശിച്ചിരുന്നു. ചാലിയാറിനെ മാലിന്യം നിക്ഷേപിക്കാനുള്ള ഇടമായി കണക്കാക്കി പ്ലാസ്റ്റിക്ക്
മാലിന്യങ്ങളുൾപ്പെടെ പുഴയിൽ തള്ളുന്നതിനാൽ മത്സ്യസമ്പത്തെല്ലാം ഇന്നും
നശിച്ചുകൊണ്ടിരിക്കുന്നു.ഈ തീരത്തെ കർഷകർക്കും മത്സ്യബന്ധനക്കാർക്കുമിടയിൽ
വ്യാപകമായ രീതിയിൽ 'ബാർട്ടർ സിസ്റ്റം ' നിലനിന്നിരുന്നു.
ഈ തീരത്തെ എക്കൽ മണ്ണിനേയും ജലത്തിനേയുമാശ്രയിച്ച് ഇവിടെയുള്ള വലിയൊരു വിഭാഗം
കൃഷിയിലൂടെ  ജീവനോപാദി കണ്ടെത്തുന്നു. വേനൽക്കാലത്തെ കൃഷിക്കായി നദിയിലെ
ചളിമയമായ സ്ഥലങ്ങൾ കർഷകർ ഉപയോഗിച്ചു. നെല്ല് ,കപ്പ, കടല,വെള്ളരി, മത്തൻ,ചേമ്പ്,
ചേന, വാഴ തുടങ്ങിയവ അവർ കൃഷി ചെയ്തു. ഭക്ഷ്യ ആവശ്യങ്ങൾക്കും, വാണിജ്യ
ആവശ്യങ്ങൾക്കും അവർ കൃഷിയെ ഉപയോഗിച്ചു.
ചാലിയാറിനെ ആശ്രയിച്ച് അനേകം കുടിവെള്ള പദ്ധതികൾ നിലവിലുണ്ട്.ബ്രഹത്തായ ചീക്കോട്
കുടിവെള്ള പദ്ധതി ഇതിനുദാഹരണമാണ്. ചാലിയാർ തീരങ്ങളിലെ കിണറുകളെ വരൾച്ച
ബാധിക്കാറില്ലായിരുന്നു. ഇന്ന് അശാസ്ത്രീയമായ പുഴയോടുള്ള സമീപനങ്ങളാൽ കിണറിലെ
ജലവും വറ്റി വരളുന്നു. ചാലിയാർ തീരങ്ങളിൽ ധാരാളം ക്ഷേത്രങ്ങളും മസ്ജിദുകളും
നിലനിൽക്കുന്നു. ഇവിടെയുള്ള ഹൈന്ദവ വിശ്വാസികൾ തിരുവാതിര നാളിൽ
'തിരുവാതിരക്കുളി'ക്കായ് ഈ നദിയെ ആശ്രയിക്കുന്നു. അനവധി കാവുകളും ചാലിയാർ
തീരത്തുണ്ട്. ബലിക്കടവ്യകൾ, ആറാട്ടുകടവുകൾ, പിതൃ തർപ്പണക്കടവുകൾ എന്നിവയും
ചാലിയാറിൽ സുലഭമാണ്. പഴയ തലമുറയിലുള്ളവർ ഔഷധ ഗുണമുള്ള മത്സ്യങ്ങളേയും,
അട്ടയേയും രോഖ ചികിത്സക്കായി ഉപയോഗിച്ചിരുന്നു.
ഒഴിവ് ദിവസമാഘോഷിക്കാൻ കുട്ടികൾ പുഴയിൽ പോവുക എന്നത് പതിവായിരുന്നു.
പുഴയിൽ ഒത്തിരി വിനോദങ്ങളാൽ അവർ സമയം ചിലവഴിച്ചിരുന്നു. ചാലിയാർ
അടിസ്ഥാനപ്പെടുത്തി ഒട്ടനവധി കായിക മത്സരങ്ങളും നടക്കാറുണ്ട്. വള്ളം കളി, ചാലിയാർ
ട്രോഫി ഫുട്ബോൾ ടൂർണ്ണമെന്റ്, നീന്തൽ മത്സരങ്ങൾ തുടങ്ങിയവ ഇവയിൽ ചിലതാണ്. മൈത്ര ,
കീഴുപറമ്പ്, എടശ്ശീരിക്കടവ് എന്നിവിടങ്ങൾ വള്ളംകളിക്ക് പ്രശസ്തമാണ്. കുട്ടികൾ
അപൂർവ്വങ്ങളായ നാടൻ കളികളിൽ ഇപ്പോഴും ഏർപ്പെടാറുണ്ട്. മുങ്ങാൻകല്ല്, പിന്ന്പൂയി
തുടങ്ങിയവ അവയിൽ ചിലതാണ്.
നാടോടിപ്പാട്ടുകളും , നാടൻ പാട്ടുകളും, തോണിപ്പാട്ടുകളും, മാപ്പിളപ്പാട്ടുകളുമെല്ലാം
ചാലിയാറിന്റെ തീരങ്ങളെ തനിമയുള്ളതാക്കി.വിവാഹ ദിനത്തിലും, വിവാഹത്തിന്റെ

തലേനാളിലും ആഘോഷങ്ങളുടെ ഭാഗമായി നിരവധി മാപ്പിളപ്പാട്ടും, 'കെട്ടിക്കൂട്ട് പാട്ടും ' ,
'തൊള്ളപ്പാട്ടും ' ഈ തീരങ്ങളിലെ മുൻ സമൂഹം പാടിപ്പോന്നിരുന്നു.
ചാലിയാർ തീരത്തെ വിഭവങ്ങൾ
വ്യത്യസ്ഥ ഔഷധ സസ്യലതാതികളാൽ സമ്പന്നമാണ് ചാലിയാർ തീരം. ധാരാളം മുളങ്കൂട്ടങ്ങളും ,
കണ്ടൽ വനങ്ങളും ഇവിടെ ധാരാളം വളരുന്നുണ്ട്.കനമേറിയ അവയുടെ വേരുകൾ മണ്ണൊലിപ്പ്
തടയുകയും ലവണ ജലം ഭൂമിയിലേക്ക് കയറാതെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ കണ്ടൽ
ചെടികൾ പക്ഷികൾ, മത്സ്യങ്ങൾ തുടങ്ങീ ജീവികൾക്ക് വിശ്രമ സങ്കേതമൊരുക്കുന്നു. ചിലയിനം
കൂണുകളും ഈ തീരത്ത് കാണപ്പെടുന്നു. അവയിൽ ചിലത് വളരുന്നത് ജൂൺ - ജൂലൈ
മാസങ്ങളിലും ചിലത് ഒക്ടോബർ നവംബർ മാസങ്ങളിലുമാണ്. തുളസി, ആര്യവേപ്പ്,
കറ്റാർവാഴ , ആടലോടകം, മുഞ്ഞ, കരുനെച്ചി, പാണൽ ,തെച്ചി, ഉങ്ങ് തുടങ്ങീ അനേകം
ഔഷധച്ചെടികൾ ഈ നദീ തീരത്ത് വളരുന്നു.
 ഭക്ഷണത്തിനായി പഴയ തലമുറയിലുള്ളവർ ചാലിയാർ തീരത്ത് നിന്നും മുളയരി
 ശേഖരിച്ചിരുന്നു. പേപ്പർ നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ മുള
ഉപയോഗിക്കുന്നതിനാൽ വ്യാപകമായി അവ മുറിച്ച് വിൽക്കപ്പെട്ടു, മുളയരി ഈ തീരത്ത്
നിന്നും അപ്രത്യക്ഷമായി.

മാനവ / മതസൗഹാർദ്ധം.
മാനവേദ്ഗ്രഥനത്തിന്റെ കേന്ദ്രങ്ങളാണ് പുഴക്കടവുകളും നദീ തീരങ്ങളും. മത
സഹിഷ്ണുതയുടെ വിഖ്യാത കേന്ദ്രങ്ങളാണ് ചാലിയാറിന്റെ തീരങ്ങൾ. നേർച്ചയും, പൂരവും
,പള്ളിപ്പെരുന്നാളുമുൾപ്പെടെയുള്ള ആഘോഷങ്ങൾ മത സൗഹൃദത്തിനും
സാമൂഹികോദ്ഗ്രഥനത്തിനും വക നൽകുന്നു. വഴിയോരങ്ങളിലും, മസ്ജിദുകളുടെ
ചാരത്തുമുള്ള വീരമൃത്യു വരിച്ച സ്വാതന്ത്ര്യ സമര സേനാനികളു (ശുഹദാക്കളുടെ)ടെ
ഓർമ്മക്കായുള്ള നേർച്ചപ്പെട്ടികളിൽ പണം നിക്ഷേപിക്കുന്നത് മുസ്ലിംകൾ മാത്രമല്ല. വ്യത്യസ്ഥ
മതത്തിൽ പെട്ട ആളുകളും, മതവിശ്വാസമില്ലാത്ത ആളുകളുമെല്ലാമാണ്. ഓമാനൂർ
ശുഹദാക്കളുടെ നേർച്ചപ്പെട്ടി മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാണാം. ആണ്ട്
നേർച്ചയുടെ ദിവസം ഈ നേർച്ചപ്പെട്ടിയിലെ പണം സ്വരൂപിച്ച് അരിവാങ്ങി പാവപ്പെട്ട വ്യത്യസ്ഥ
മത വിശ്വാസികളായ മനുഷ്യർക്ക് വിതരണം ചെയ്യുന്നു. സ്വാതന്ത്ര്യ സമരത്തിൽ ഇവിടെ
ശഹീദായവരെ അനുസ്മരിക്കുകയും പ്രാർത്ഥനകൾ നടത്തി ഭക്ഷണം വിതരണം ചെയ്യുന്നതും
 സോഷ്യോളജിയുടെ ദൃഷ്ടിയിൽ നിർമ്മാണാത്മക രാഷ്ട്രീയ പ്രവർത്തനവും ദുർഖീമിയൻ
സോഷ്യോളജിയുടെ കാഴ്ച്ചപ്പാടിൽ Social solidarity (സാമൂഹിക ഐക്യം) യെ ശക്തിപ്പെടുത്തുന്ന
ഒന്നുമാണ്. വളരെ പ്രധാന സൂഫിയായിരുന്ന കിഴിശ്ശേരി മൊയ്തീൻ മുസ്ല്യാരുടെ നേർച്ചപ്പെട്ടിയും,
നേർച്ചയരി വിതരണവും (മതത്തിനും ജാതിക്കുമതീതമായി) ഇവിടെ വിഖ്യാതമാണ്.

ചാലിയാർ നദീതീരത്തുള്ള " തൃക്കളയൂർ ക്ഷേത്രവും, ചൂരോട് മസ്ജിദും മലബാർ ലഹളയുമായി
വളരെയധികം ബന്ധപ്പെട്ടിട്ടുണ്ട്. അതിനു പിന്നിലുള്ള ഐതിഹ്യം ഇതാണ്; ലഹളയുടെ
ആദ്യകാലത്ത് മത സൗഹാർദ്ധം വളർത്തുന്നതിനായി നിലമ്പൂർ കോവിലകത്തെ ഒരു
നമ്പൂതിരിപ്പാട് നിർമ്മിച്ചതാണ് ഇവ രണ്ടും. ഉത്സവം തുടങ്ങിയ ആവശ്യങ്ങളിൽ
അമ്പലത്തിനെന്തെങ്കിലും സാമ്പത്തിക സഹായം ആവശ്യമുണ്ടെങ്കിൽ അത് മസ്ജിദ്
സഹായിക്കണമെന്നും അത്പോലെ തന്നെ മസ്ജിദിന്റെ ആവശ്യങ്ങൾക്ക് അമ്പലം തിരിച്ച്
സഹായിക്കണമെന്നും ഇവിടുത്തെ ആധാരത്തിൽ കാണാം.
ലഹളയുടെ കാലത്ത് തൃക്കളയൂർ ക്ഷേത്രം കേന്ദ്രമാക്കി ഉണ്ണിമാൻ രാജാവ് ഈ പ്രദേശം ഒരു
രാജ്യമായി പ്രഖ്യാപിക്കുകയും അദ്ധേഹം സ്വയം രാജാവായി അഭിശേകം ചെയ്യുകയും
അണികളോട് അതിനു പിന്നിൽ നിൽക്കാൻ പറയുകയും ചെയ്തു. അതോടെ ബ്രിട്ടീഷുകാർ ഈ
പ്രദേശത്തെ നിയന്ത്രണം കൈവിട്ടു. ഈ പ്രദേശത്തേക്കുള്ള വഴി രാജാവിന്റെ നേതൃത്വത്തിൽ
തടഞ്ഞു വെച്ചു. കീഴുപറമ്പിലുള്ള ഒരാൾ പുതിയ വഴി കാണിച്ച് കൊടുത്ത് വെള്ളപ്പാളത്തിന്
ഈ പ്രദേശം ഒറ്റിക്കൊടുത്തു. പെരുമ്പറമ്പ് വഴി പുഴ കടന്ന് പെരുങ്കടവിലൂടെയാണ് പട്ടാളം
ആക്രമണം നടത്തിയത്. അപ്രതീക്ഷിതമായ ഈ ആക്രമണം നാട്ടുകാരെ ഉലച്ചു. ഇതിൽ രാജാവും
അപ്രത്യക്ഷനായി. നാട്ടുകാർ ദൂരെയുള്ള മലകളിലേക്കും കൊണ്ടോട്ടി തങ്ങളുടെ അടുത്തേക്കും
ഓടിപ്പോയി "
ആദിവാസി ഗോത്ര വിഭാഗങ്ങൾ
ചാലിയാർ തീരത്തെ നിലമ്പൂരിനടുത്ത കുന്നിൻ പ്രദേശങ്ങളിൽ അത്യപൂർവ്വ ഗോത്രവിഭാഗങ്ങളെ
കാണപ്പെടുന്നു. ചോലനായ്ക്കർ, മല മുത്തൻമാർ, മുതുവാൻമാർ തുടങ്ങിയവ ഇവയിൽ
ചിലതാണ്.വേട്ട, വനവിഭവങ്ങൾ ശേഖരിക്കൽ, മത്സ്യബന്ധനം, കൃഷി തുടങ്ങിയവയാണ് ഈ
വിഭാഗങ്ങളുടെ ജീവിതോപാതി.ഇവർക്ക് ഇവരുടേതായ ജീവിത രീതികളും സംസ്ക്കാരങ്ങളും
നിലവിലുണ്ട്.
നിലമ്പൂർ വനാന്തരങ്ങളിലെ ചില ആദിവാസി വിഭാഗങ്ങൾ വർഷത്തിലൊരിക്കൽ ചാലിയാർ
നദി മുറിച്ച് കടന്ന് നിലമ്പൂർ കോവിലകത്ത് വരികയും അവിടെ നിന്നും ചോറ് സ്വീകരിച്ച്
തുണിശ്ശീലയിൽ കെട്ടി തിരികെ പോകുമ്പോൾ ചാലിയാറിൽ ചോറിൻ ഭാണ്ഡവുമായി
മുങ്ങിനിവരുകയും അവരുടെ ഊരിലെത്തി ചോറ് ഉണക്കി ഒരു വർഷത്തേക്കുള്ള ഔഷധമായി
ഉപയോഗിക്കുകയും ചെയ്യുന്നു.
അത്യപൂർവ്വ ഗോത്ര വിഭാഗമാണ് ചോലനായ്ക്കർ.ഗുഹാവാസികളായ ഇവരെ ചാലിയാർ
തീരത്തെ നിലമ്പൂർ വനാന്തരങ്ങളിൽ കാണുന്നുണ്ട്. എറ്റവും കൂടുതൽ ആദിവാസി
വിഭാഗക്കാരുള്ള ഓസ്ട്രേലിയയിൽ പോലും ഗുഹാവാസികൾ നനേ കുറവാണ്. ആദിവാസികൾ
ശേഖരിച്ച കാട്ടു വിഭവങ്ങൾ ചാലിയാർ തീരത്തുള്ള പട്ടണങ്ങളായ അരീക്കോട്, നിലമ്പൂർ,
വഴിക്കടവ്, കരുളായി ചന്തകളിൽ വിൽപ്പനക്കായി വെക്കാറുണ്ടായിരുന്നു.

നെല്ലിക്ക, തേൻ, മുളയരി, തുടങ്ങിയവ ആദിവാസികൾ ഇവിടങ്ങളിൽ വിൽപ്പനക്ക്
വെക്കാറുണ്ടായിരുന്നു. ഇന്ന് ആദിവാസികളെ മുഖ്യധാരയോട് ചേർക്കാനുള്ള
പദ്ധതികളുമായാണ് സർക്കാറുകൾ നടക്കുന്നത്. ആദിവാസികൾ ചൂഷണത്തിന്റെ ഇരകൾ
മാത്രമാണ്. ചാലിയാർ തീരത്തെ ഭൂസ്വത്തുക്കളധികവും നിലമ്പൂർ കോവിലകം, മഞ്ചേരി
കോവിലകം, തൃക്കളയൂർ ദേവസ്വം എന്നിങ്ങനെയുള്ള സ്വകാര്യ വനങ്ങളായിരുന്നു .അവരാകട്ടേ
നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ആദിവാസികളിൽ നിന്ന് പിടിച്ചടക്കിയതായിരുന്നു.
ചാലിയാർ പ്രതാപം
പഴയ കാലത്ത് ഗതാഗതത്തിനും വാണിജ്യത്തിനും ജലപാതയെയായിരുന്നു ആശ്രയിച്ചിരുന്നത്.
കെട്ട്തോണി, വെപ്പ് തോണി, വെല്ല്യോണി, ബോട്ട്, പായക്കപ്പൽ, പത്തേമാരി എന്നിവ
ചാലിയാറിൽ ഗതാഗതത്തിനുപയോഗിച്ചിരുന്നു. എടവണ്ണ പഞ്ചായത്തിലെ പഴയ മിനുട്സ്
രേഖയിൽ സ്റ്റീം ബോട്ട്, പായക്കപ്പൽ , പത്തേമാരി എന്നിവയുടെ ചാർജ് ഔദ്യോഗികമായി
രേഖപ്പെടുത്തിയിട്ടുണ്ട്.
ചാലിയാർ തീരത്തു നിന്നും കരയിലെ മാർക്കറ്റിൽ ചരക്കുകളെത്തിക്കാൻ പോത്തുവണ്ടിയും ,
കാളവണ്ടിയുമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നത്തെ എടവണ്ണ സീതിഹാജി പാലം സ്ഥിതി
ചെയ്യുന്ന സ്ഥലം പ്രധാനപ്പെട്ട പേട്ട (പോർട്ട് ) ആയിരുന്നു. 45 ലേറെ കാളവണ്ടികളും,
പോത്തുവണ്ടികളും അവിടങ്ങളിലുണ്ടായിരുന്നു. വാഴക്കുല, തേങ്ങ, വിറക്, പച്ചക്കറികൾ
തുടങ്ങിയവയായിരുന്ന പുഴ വഴിയുള്ള പ്രധാന കച്ചവടം.
അനേകം ഔഷധ സസ്യങ്ങളുടെ വേരും, തോലും, ഇലയും, കായും കലർന്നൊഴുകുന്ന
ചാലിയാറിൽ സ്ത്രീകൾ മുങ്ങിക്കുളിച്ചാൽ സമൃദ്ധമായി മുടി വളരുമെന്ന വിശ്വാസം നില
നിന്നിരുന്നു.
സാമൂതിരി രാജാവ് വള്ളുവനാട്ടിൽ മാമാങ്കത്തിന് പോയത് ചാലിയാർ വഴി (മമ്പാട് കയറി)
ആണെന്നും മറ്റനവധി രാജാക്കൻമാരും  യോദ്ധാക്കളും ചാലിയാറിലൂടെ യാത്ര
ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു.വാസ്കോഡ ഗാമക്കും, സാമൂതിരി രാജാവിനും, കുഞ്ഞാലി
മരക്കാർക്കും, ബ്രിട്ടീഷ് സൈന്യത്തിനും, ടിപ്പു സുൽത്താനും സുപരിചിതമായിരുന്നു ചാലിയാർ
എന്ന് ധ്വനിപ്പിക്കുന്ന കഥകൾ നിലമ്പൂർ കോവിലകവുമായി നിലനിൽക്കുന്നുണ്ടെന്ന് പഴമക്കാർ
പറയുന്നു.
ചാലിയാറിന്റെ കൈവഴിയായ ചെറുപുഴയിൽ നെടുങ്കയത്ത് സുപ്രസിദ്ധമായ ഒരു എഴുത്ത്
കല്ലുണ്ട് . എ.ഡി അഞ്ചാം നൂറ്റാണ്ടിലെഴുതിയ മലയാള ലിഖിതം ഇതിൽ കാണാവുന്നതാണ്!!
മലയാള ഭാഷയുടെ പൗരാണികതക്ക് അടിസ്ഥാനമായി നെടുങ്കയത്തെ എഴുത്ത് കല്ലിനെയാണ്
ഈയിടെ നടന്ന ലോക ക്ലാസിക്കൽ തമിഴ് സമ്മേളനത്തിൽ പോലും എടുത്ത് കാണിച്ചത് . സംഘ

കാലത്ത് തന്നെ തമിഴിൽ നിന്ന് വ്യത്യസ്ഥമായി മലയാളം വികസിച്ചതിന് തെളിവാണിതെന്ന് ഡോ.
നടുവട്ടം ഗോപാല കൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു.
നിരവധി  ഔഷധഗുണമുള്ള മത്സ്യ സംബത്തും  ചാലിയാറിന്റെ പ്രതാപത്തിന്റെ
ഭാഗമായിരുന്നു. വാള, കരുതല, കടുങ്ങ, കണ്ണാൻചൂട്ടി, നെയ്മീൻ, കല്ലങ്കാരി, മലഞ്ഞിൽ, ആരൽ,
കോട്ടി, മുശി, കടു, ബാലാത്തൻ, വാളക്കടു, നരിമീൻ, വാളൂരാൻ, ആണ്ടിപ്പറച്ച്, കുറുന്തല, കോര,
പരൽ, ചെള്ളി,പൂസാൻ, കടുങ്ങാലി, കറുത്തകുടി,തൊണ്ണി, കടക, തിരുത, ഇരിവി, കൊയ്ത്തി,
പുഴുക്കടു, കടുകടന്ന, കോട്ടി, നൈ മലഞ്ഞിൽ, പൊങ്ങാൻ, മാന്തൾ തുടങ്ങീ ഇനം മത്സ്യങ്ങളാൽ
സമൃദ്ധമായിരുന്നു ചാലിയാർ!!

ഇന്ന് പല വിദേശമത്സ്യങ്ങളേയും ചാലിയാറിൽ കാണാം. സർക്കാർ വർഷം തോറും നദിയിൽ
നിക്ഷേപിക്കുന്ന കട്ല, സിലോപ്പിയൻ, ആഫ്രിക്കൻ മുഷി തുടങ്ങിയവയെയും ചാലിയാറിൽ
കാണാം.
ചാലിയാറിന്റെ തീരങ്ങളിൽ  അനേകം ദേശാടനപ്പക്ഷിയേളും കാണാം. ചാലിയാറിന്റെ തീരമായ
വാഴക്കാട് എടവണ്ണപ്പാറ ഭാഗങ്ങളിൽ  എടവണ്ണപ്പാറ ചാലിയപ്രം യു.പി.സ്കൂളിന്റെ

ഭാഗത്തുള്ള  വയലുകളിലും വെട്ടത്തൂർ കടവിന്റെ ഭാഗങ്ങളും ദേശാടപ്പക്ഷികളുടെ
വിഹാരകേന്ദ്രങ്ങളാവാറുണ്ട്.
ചാലിയാർ സമരചരിത്രം

ഒട്ടും ചെറുതല്ലാത്ത പ്രോജ്ജ്വല സമര ചരിത്രവും ചാലിയാറിന് ഓർക്കാനുണ്ട്. മാവൂർ ഗ്രാസിം
കമ്പനി വില്ലനായിത്തീർന്നപ്പോഴാണ് ചാലിയാർ തീരവാസികൾക്ക് സമരക്കുപ്പായമണിയേണ്ടി
വന്നത്. 1963ൽ ഗ്വാളിയോർ റയോൺസ് എന്ന പേരിൽ ബിർള ഗ്രൂപ്പ് മാവൂരിൽ പൾപ്പുൽപ്പാദന
കമ്പനി ആരംഭിച്ചു. ഏതാണ്ട് മുവായിരത്തോളം ജനങ്ങൾക്ക് ജോലി ലഭിക്കുകയും പ്രദേശത്തെ
സമൂഹത്തിന്റെ  സാമ്പത്തിക നിലവാരം ഉയരുകയും ചെയ്തു. രണ്ട് വ്യാഴവട്ടം തികയുന്നതിന്
മുമ്പേ പ്രദേശവാസികളുടെ പ്രതീക്ഷക്ക് മുകളിൽ ഭീതിയുടെ കറുത്ത പുക പരാൻ തുടങ്ങി.
അളവില്ലാത്ത വിഷമാലിന്യം വായുവിലേക്കും ചാലിയാറിലേക്കും ഒഴുക്കിയത് കാരണം പല
മാരക അസുഖങ്ങളും പിടിപെടുകയും പലരും മൃതിയടയുകയും ചെയ്തു.
1985 ൽ കമ്പനി മൂന്ന് വർഷത്തേക്ക് അടച്ചിടുകയും ചെയ്തു. പെട്ടെന്നുള്ള സാമ്പത്തിക തകർച്ച
കാരണം പതിനൊന്ന് പേർ ആത്മഹത്യയിലേക്കെറിയപ്പെട്ടു. പ്രമുഖ സോഷ്യോളജി
സൈദ്ധാന്തികൻ എമിലെ ദുർഖൈമിന്റെ Suicide Theory ഇതോട് ചേർത്തു വായിക്കേണ്ട
ഒന്നാണ്. കമ്പനിക്ക് ഇളവുകളും സർക്കാർ നൽകാൻ തയ്യാറായതിനാൽ 1988 ൽ  കമ്പനി വീണ്ടും
തുറന്നു പ്രവർത്തനമാരംഭിച്ചു. തികച്ചും ധിക്കാരപരമായ സമീപനമായിരുന്നു കമ്പനിയുടെ
ഭാഗത്ത് നിന്നും പിന്നീടും നേരിടേണ്ടിവന്നത്. മാലിന്യ നിയന്ത്രണോപാതികളെല്ലാം
ഒഴിവാക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് ഗ്രാസിം കമ്പനി തുടർന്നത്. അതിനെ തുടർന്ന് മുസ്ലിം
ലീഗ് നേതാവ് ഇ.കെ.കെ.മുഹമ്മദിന്റെയും, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ചാത്തുണ്ണി
മാസ്റ്ററുടേയും നേതൃത്വത്തിൽ ഗ്രാമീണർ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് സംഘടിത രൂപത്തിൽ
സമരത്തിനിറങ്ങി. വായുവിനും ജലത്തിനും വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ പൊതു
സമരമായിരുന്നു ഇത്.
1972 ൽ ഗവൺമെന്റ് ഗ്രാസിം മാനേജ്മെന്റിന് ചാലിയാർ തീരത്ത് മറ്റൊരു ഡിവിഷൻ കൂടി
തുടങ്ങാനുള്ള അനുമതി നൽകി. ഇത് മലിനീകരണം ത്വരിതപ്പെടാൻ നിദാനമായി.കെ.എ.റഹ്മാനെ
പോലുള്ള സാധാരണ ജനങ്ങൾ ശക്തമായി സമരരംഗത്തേക്കിറങ്ങാൻ ഇത് കാരണമായി. 1998
ഡിസംബറിൽ ഏതാണ്ട് 8000 ത്തോളം ഗ്രാമീണർ ഫാക്ടറയിലേക്ക് മാർച്ച് നടത്തുകയും
പെട്ടെന്നടച്ചു പൂട്ടണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു. അരുന്ധതി റോയി ഉൾപ്പെടെയുള്ള
പല പരിസ്ഥിതി പ്രവർത്തകരും ,സാമൂഹിക പ്രവർത്തകരും മാവൂരിലെത്തുകയും സമരത്തിൽ
പങ്കാളികള്ളുകയും ചെയ്തിരുന്നു.
1970 കളിൽ തന്നെ മാവൂർ, വാഴക്കാട് പഞ്ചായത്തിലെ ജനങ്ങൾ ഈ കമ്പനിയുടെ
മലിനീകരണത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ടായിരുന്നു. ശ്വാസകോശ അസുഖങ്ങൾ,
ക്യാൻസർ തുടങ്ങിയ രോഗങ്ങൾ കമ്പനിയുടെ മലിനീകരണം കാരണം നേരത്തെ തന്നെ റിപ്പോർട്ട്

ചെയ്തിരുന്നു. ഇവിടെ 1998 ൽ നടത്തിയ ഒരു സർവ്വേകണക്ക് പറയുന്നത് 1993 മുതൽ 1998
വരെയുള്ള അഞ്ച് വർഷ കാലയളവിനുള്ളിൽ 245 ക്യാൻസർ രോഗികൾ ഈ ഗ്രാമത്തിൽ നിന്നും
കോഴിക്കോട് മെഡിക്കൽ കേളേജിൽ ചികിത്സക്കായി എത്തി എന്നാണ്.
മുപ്പത്തിനാലോളം വർഷം കമ്പനി അളവില്ലാത്ത മാലിന്യങ്ങൾ ചാലിയാറിലേക്കും
അന്തരീക്ഷവായുവിലേക്കും ഒഴുക്കിയതിനാൽ ഒട്ടനവധി പേർക്ക് ക്യാൻസറുൾപ്പെടെയുള്ള പല
മാരക രോഗങ്ങളും പിടിപെട്ട് കാലയവനികക്കുള്ളിലേക്ക്  മറഞ്ഞു. പ്രതിഷേധ ജ്വാല
ശക്തമായപ്പോൾ കമ്പനി അതിന്റെ പ്രവർത്തനം 2000 ത്തിൽ മധ്യപ്രദേശിലേക്ക് മാറ്റി.
തീക്ഷണമായ സമര പോരാട്ടങ്ങൾ കാരണം 1999 മെയ് 10 ന് കമ്പനിക്ക് ഉൽപ്പാദനം
നിർത്തിവെക്കേണ്ടിവന്നു. 2001 ൽ കമ്പനി പരിപൂർണ്ണമായും അടച്ചുപൂട്ടി. ഗ്രാമീണരുടെ ഉജ്ജ്വല
സമരത്തിലൂടെ ചാലിയാറിന് ജീവൻ തിരിച്ചു കിട്ടി.
മരണത്തിലേക്കൊഴുകുന്ന ചാലിയാർ
" പുഴയെ മരിക്കാൻ വിട്ടിട്ട് നാമെല്ലാം ജീവിക്കുമെന്നത് വ്യാമോഹമല്ലേ? "
(കെ.എ.റഹ്മാൻ)
ചാലിയാറിനെ അനുസ്മരിക്കുമ്പോൾ വിസ്മരിക്കാനാവാത്ത ഒരു വ്യക്തിത്വമാണ്
കെ.എ.റഹ്മാൻ. ചാലിയാറിന്റെ അസ്ഥിത്വത്തിനായുള്ള പോരാട്ടസമരങ്ങളുടെ തീച്ചൂളയിൽ
സാധാരണക്കാരായിരുന്നു കൂടുതൽ ഉണ്ടായിരുന്നത്. അവർക്ക് നേതൃത്വം നൽകിയതാവട്ടേ
കെ.എ.റഹ്മാൻ എന്ന നാട്ടുകാരുടെ സ്വന്തം 'അദ്ദ്റേയിക്ക' . ഒരു സാധാരണ മുസ്ലിം ലീഗ്
പ്രവർത്തകനായ അദ്ധേഹം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഗ്രാസിം കമ്പനി
വായുവും ജലവും മലിനമാക്കിയതിനാൽ ക്യാൻസർ പിടിപെട്ടവരുടെ  പേര് വിവരങ്ങൾ
എഴുതിയ കടലാസ് സദാ പോക്കറ്റിലിട്ട് സമരമുഖങ്ങളിലൂടെ നടന്നു അദ്ദ്റേയിക്ക. ഒടുക്കം അതേ
കടലാസിൽ തന്റെ പേരും എഴുതിച്ചേർക്കേണ്ടി വന്നു അദ്ധേഹത്തിന്. ക്യാൻസർ പിടിപെട്ട്
മരണക്കിടക്കയിൽ കഴിയുമ്പോഴും തന്റെ പോരാട്ട വീര്യം അദ്ധേഹം കയ്യൊഴിഞ്ഞിരുന്നില്ല.
അദ്ധേഹം മരണക്കിടക്കയിൽ കഴിയുമ്പോൾ പരിസ്ഥിതി, നദീ സംരക്ഷണത്തിനായി എഴുതിയ
കത്ത് വിഖ്യാതമാണ്. നമ്മുടെ സ്ക്കൂൾ വിദ്യാർത്ഥികളുടെ സാമൂഹിക ശാസത്ര പാഠ
പുസ്തകത്തിൽ ആ കത്ത് ഉൾപ്പെടുത്തിയിരുന്നു.
ഒഴുകിയൊഴുകി എത്തുമ്പോൾ തന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന അറബിക്കടലിനെയോർത്തല്ല
ചാലിയാർ ഇന്ന് കരയുന്നത്. തലമുറകളിൽ നിന്ന് തലമുറകളിലേക്കൊഴുകി ചരിത്ര പാഠം
പകർന്നു നൽകാൻ ഇനി എത്രനാൾ ആയുസ്സുണ്ടാകുമെന്നറിയാതെ കേഴുകയാണീ പുഴ.
വേനലിൽ ചാലിയാറിലെ കവണക്കല്ല് "റെഗുലേറ്റർ കം ബ്രിഡ്ജ് " തുറന്നിട്ടാൽ ചാലിയാറും
മരണത്തിലേക്കൊഴുകി മരുപ്പറമ്പായി മാറുമെന്നതിൽ സന്ദേഹമില്ല. പുഴയുടെ മാറ്റവും
നശീകരണവുമെല്ലാം അവിടുത്തെ സംസ്ക്കാരത്തേയും, പരിസ്ഥിതിയേയും ,ജന്തു

ജീവജാലങ്ങളേയുമെല്ലാം ബാധിക്കും. ചാലിയാറിന്റെ തീരങ്ങളിലുണ്ടായിരുന്ന
ജന്തുജാലകങ്ങളും, വൃക്ഷങ്ങളും, പക്ഷികളും, മത്സ്യങ്ങളിൽ ചിലതുമെല്ലാം
അപ്രത്യക്ഷമായിത്തുടങ്ങി. ഈന്ത്, ഈറ, പൊന്മ പക്ഷി , കടവാതിൽ, മണ്ണാത്തിക്കിളി, തത്ത, ചാര
നിറത്തിലുള്ള കൊക്കുകൾ, കുളക്കോഴി, വെരുക്, നീർനായ തുടങ്ങിയവയുടെ എണ്ണത്തിൽ
ഗണ്യമായ കുറവുണ്ട്. ചേര, കീരി, വലിയ തവള, ചിതൽ കാടപ്പക്ഷി, ചെമ്പോത്ത്, അണ്ണാൻ
എന്നിവയുടെ എണ്ണത്തിലും ചാലിയാറിന്റെ തീരങ്ങളിൽ  വൻ കുറവ് വന്നിട്ടുണ്ട്.
മുൻകാലങ്ങളിൽ ചാലിയാർ തീരത്തുള്ളവർ കുടിക്കാൻ വേണ്ടി ചാലിയാറിലെ ജലമായിരുന്നു
ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് വേനക്കാലത്ത് ചാലിയാറിൽ നിന്നും കുളിക്കുന്നവർക്ക്
ദേഹത്ത് തടിപ്പും ചൊറിച്ചിലും അനുഭവപ്പെട്ട വാർത്തകളുണ്ട്. കുറച്ച് മുമ്പ് അരീക്കോട്,
മൂർക്കനാട് കടവുകളിൽ ചാലിയാർ ജലത്തിന്റെ നിറം മാറിയതായി കാണപ്പെട്ടിരുന്നു.
വേനലിൽ വണക്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജ് അടച്ചിടുന്ന സമയത്ത് അരീക്കോട് മുതൽ
എടവണ്ണപ്പാറ വരെയുള്ള കടവുകളിൽ പല ഭാഗത്തും ജലത്തിനു മീതെ ഓയിൽ പാട
രൂപപ്പെടാറുണ്ട്.
ചാലിയാർ ഇന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ കുപ്പത്തൊട്ടിയായി മാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ
തേയില ഫാക്ടറികളിൽ നിന്നും മറ്റുമുള്ള വിഷമാലിന്യങ്ങൾ വഹിച്ചാണ് ചാലിയാറിന്റെ പല
പോഷക നദികളും ഒഴുകിയെത്തുന്നത്. മലയോര മേഖലകളുൾപ്പെടെയുള്ള കൃഷി
സ്ഥലങ്ങളിലുപയോഗിക്കുന്ന കീടനാശിനിയും, രാസവളങ്ങളും കുത്തിയൊഴുകി
ചാലിയാറിലേക്കെത്തി പുഴയെ നശിപ്പിക്കുന്നു. ഭീമൻ മോട്ടോറുകളുപയോഗിച്ച് ജലത്തെ
ചാലിയാറിൽ നിന്നും ഊറ്റി വലിച്ചെടുക്കുന്നതും പുതുമയുള്ള കാര്യമല്ല. ചാലിയാർ
തീരങ്ങളിലെ ചെറിയ വ്യവസായ ശാലകളിൽ നിന്നും ,അറവുശാലകളിൽ നിന്നും, കംഫേർട്ട്
സ്റ്റേഷനുകളിൽ നിന്നും മാലിന്യങ്ങൾ നദിയിലേക്ക് നിർബാധം ഒഴുക്കുന്നു. പുഴയിൽ വിഷം
കലർത്തിയുള്ള മത്സ്യവേട്ടയും ,ഒഴുക്കില്ലാത്ത ജലത്തിൽ കാലികളെ കൂട്ടത്തോടെ കുളിപ്പിക്കാൻ
കൊണ്ടുവരുന്നതുമെല്ലാം പുഴയെ മലിനമാക്കുന്ന പ്രവർത്തനങ്ങളാണ്.
പുഴയുടെ മജ്ജയാണ് മണൽ;ടൺ കണക്കിന് മണലാണ് ഓരോ ദിനങ്ങളിലും ചാലിയാറിൽ നിന്നും
കയറ്റി അയക്കപ്പെട്ടിരുന്നത്. പുഴയിൽ മണലെടുപ്പ് കാരണം പലയിടങ്ങളിലും വലിയ കുഴികൾ
രൂപപ്പെട്ടിട്ടുണ്ട്. 
2009 നവംബർ 4 ന് മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളിലെ എട്ട്
വിദ്യാർത്ഥികൾ തോണി ദുരന്തത്തിൽ മരണമടഞ്ഞത് ചാലിയാറിന് മറക്കാനാവാത്ത ഒരു
കണ്ണീരോർമ്മയാണ്.
പുഴയോരത്തെ അനിയന്ത്രിതമായ മരം മുറിയും ,കുന്നുകൾ ഇടിച്ച് നിരത്തുന്നതും, ദിനേന
ക്വാറികളിൽ നിന്നും അടർത്തിയെടുക്കുന്ന കല്ലുകളും പരിസ്ഥിതിയെ താളം തെറ്റിക്കുന്നു. ഒതായി
ചാത്തല്ലൂരിലെ കുന്നുകൾ ഇടിച്ചു നിരപ്പാക്കി , ക്വാറികൾ അനിയന്ത്രിതമായി
തുറക്കുന്നതിനെതിരെ തദ്ധേശ വാസികൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.

പുഴയെ മരിക്കാൻ വിടരുത് 
കോഴിക്കോട് ,മലപ്പുറം ജില്ലകളിലെ ജനങ്ങൾക്ക് കൃഷിക്കും, ഗാർഹികാവശ്യത്തിനും,
കുടിക്കാനും ജലം നൽക്കുന്ന ചാലിയാറിനെ സംരക്ഷിക്കുക എന്നത് പുഴയോര വാസികളുടെ
പ്രഥമ ഉത്തരവാദിത്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുഴ സംരക്ഷആവുമായി
ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ ചെയ്യാനാവും. പുതു തലമുറക്ക് പുഴയെ അടുത്തറിയാൻ നാം
അവസരം സൃഷ്ടിക്കണം. ചാലിയാറിനെ അടിസ്ഥാനപ്പെടുത്തി സർഗ്ഗരചനകൾ
പിറക്കേണ്ടതുണ്ട്.ബോധവൽക്കരണത്തിലൂടെ പുഴയെ സ്നേഹിക്കുന്ന ഒരു തലമുറയെ നാം
സൃഷ്ടിച്ചെടുക്കണം. പുഴയെ സംരക്ഷിക്കാനും, പുഴയോരവാസികൾക്ക് തൊഴിൽ നൽകാനുമായി
ബ്രഹത്തായ രീതിയിൽ ചാലിയാർ ടൂറിസം പദ്ധതി നടപ്പിലാക്കണം. മൽസ്യകൃഷി, ജൈവകൃഷി ,
മത്സ്യ ബന്ധനം തുടങ്ങിയവയിൽ നൂതനവും ശാസ്ത്രീയവുമായ പദ്ധതികൾ നടപ്പിലാക്കണം.
ഭാരതപ്പുഴയും, വൈഗയും, സരസ്വതിയും,നിളയും മരുപ്പറമ്പായതു പോലെ നമ്മുടെ
ചാലിയാറും മരുപ്പറമ്പാവാതിരിക്കട്ടേ.

(ലേഖകൻ ഭാരതിദാസൻ യൂനിവാഴ്സിറ്റി ക്യാമ്പസിൽ സോഷ്യോളജിയിൽ പി.എച്ച്.ഡി
ഗവേഷണ വിദ്യാർത്ഥിയാണ്)

Leave a Comments

Image

ഈ പംക്തി ലോകത്ത് ഏത് കോണിലും ജീവിക്കുന്ന മലയാളികള്‍ക്ക് മാത്രമുള്ളതാണ്. ഇങ്ങനെയൊരു പംക്തി ഒരുക്കാന്‍ കാരണം നല്ലൊരു ജീവിതത്തിന് വേണ്ടിയാണ് അവര്‍ ലോകത്തിന്‍റെ ഓരോ കോണിലും ഓടി നടക്കുന്നത്. മാറി മാറി വരുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ പോലും അവര്‍ക്ക് ഓട്ടം നിറുത്താന്‍ ആവുന്നില്ല. എങ്കില്‍ നാട്ടിലും മറുനാട്ടിലും ഉള്ളവര്‍ക്കുവേണ്ടി കണ്ണാടി മാഗസിനിലൂടെ" ഒരു കൂട്ടായ്മ ഒരുക്കിയെടുക്കാനുള്ള ശ്രമമാണ്. - ഒരുമിച്ച് നാം ഓണം ഘോഷിക്കുന്നതുപോലെ. അതിന് സാദ്ധ്യമായെങ്കില്‍ എന്‍റെ പ്രയത്നം സഫലമായി. ഈ പംക്തിയില്‍ ആദ്യമായി എഴുതുന്നത് രണ്ടു പേരാണ്. എന്‍റെ സുഹൃത്തും കോളേജ് മെറ്റുമായി ശ്രീ. എം.സി. ജോസഫും . (മാറാട്ടുകുളം ചാക്കോ ജോസഫ്) മറ്റൊന്ന് മറ്റൊരു സുഹൃത്തായ ശ്രീ. രാജീവ് രാജേന്ദ്രനും