Image

ഒരു നായയെ മുഖ്യ കഥാപാത്രമാക്കി എം.പി നാരായണപിള്ള രചിച്ച
നോവലാണ് പരിണാമം. തൊണ്ണൂറ്റിയൊമ്പത് അധ്യായങ്ങളിലായി
പടര്‍ന്നുകിടക്കുന്ന ഒരൊറ്റ നോവല്‍കൊണ്ട് തന്നെ എഴുത്തുകാരന്‍
തന്റെയിടം ഉറപ്പിക്കുന്നു. ഇത്രയധികം ആസ്വാദ്യമായ ഒരു നോവല്‍
അടുത്തെങ്ങും വായിച്ചിട്ടില്ല.ഓരോ ആധ്യായയവും ഓരോ വരിയും
ഇത്രമേല്‍ ആകാംഷാഭരിതമാക്കി നിര്‍ത്തി വായനക്കാരനെ മറ്റൊന്നിനും
വിട്ടുകൊടുക്കാതെ അവസാനപേജിലേക്കെത്തിക്കുന്നുണ്ട് കഥാകാരന്‍.
ഈയെഴുത്തുകാരനെ അറിയാനും വായിക്കാനും ഇത്രയും താമസിച്ചതിലുള്ള
സങ്കടം വല്ലാതുണ്ട്.
അധികാരത്തിന്റെ രാഷ്ട്രീയം വളരെ സൂക്ഷമമായി നിരീക്ഷിക്കുകയും
അതിന്റെ സങ്കീര്‍ണതകളെ ഇഴപിരിച്ച് പരിശോധിക്കുകയും ചെയ്യുന്ന
പരിണാമം കൈകാര്യം ചെയ്യുന്ന വിഷയത്തോട് മികച്ചരീതിയില്‍ നീതി
പുലര്‍ത്തിയതായി കാണാം. അതിലതിശയോക്തിയൊന്നുമില്ല. 1992 ലെ
കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ച ഈ കൃതിയില്‍
പരാമര്‍ശിക്കുന്ന അധികാരത്തിനു വേണ്ടിയുള്ള മത്സരങ്ങളുടെ അകവും
പുറവും ഒന്നിരുത്തി ആലോചിച്ചാല്‍ നാം നിത്യവും കാണുന്ന രാഷ്ട്രീയ
വടംവലി തന്നെയാണിതെന്ന ബോധ്യമുണ്ടാകും .
ഈ പുസ്തകം വായിച്ചൊരു സുഹൃത്ത് പറഞ്ഞത് സമുന്നതനായ ഒരു കേരള
മുഖ്യമന്ത്രിയുടെ ജീവിതമാണിതിലുള്ളതെന്നാണ്. പക്ഷേ എനിക്ക്
തോന്നുന്നത് ഇതിനെ ഒരാളിലേക്കോ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കോ
ചുരുക്കി കാണേണ്ടതില്ല എന്നാണ്. വിശാലമായ അധികാരബലാബലത്തെ
പരിണാമം പ്രതിനിധാനം ചെയ്യുന്നുണ്ട്. ഭരണകൂടമെന്ത്
തരത്തിലുള്ളതായാലും അതിനെ നിലനിര്‍ത്തുന്ന പിന്നാമ്പുറക്കളികള്‍ക്ക്
അതിശകരമാംവിധം സമാനതയുണ്ട്.
നായയും മനുഷ്യനുമായുള്ള പ്രധാന വ്യത്യാസം നായക്ക് കള്ളത്തരമില്ല
എന്നുള്ളതാണ് –ഇങ്ങനെ പല വരികളിലും പ്രകടമാണ്
അധികാരത്തിനുവേണ്ടിയുള്ള മത്സരങ്ങളില്‍ ബലിയാടാകുന്ന
അധികാരമില്ലാത്തവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ലോകമെന്ന
സന്ദേശം.
ഓരോ അധ്യായത്തിലുമായി കടന്നുവരുന്ന കഥാപത്രങ്ങള്‍ക്കെല്ലാം
വിശാലമായ പശ്ചാത്തലം ഒരുക്കി നല്‍കിയിട്ടുണ്ട് കഥാകാരന്‍. അതായത്
കഥാപാത്രങ്ങള്‍ക്ക് വളരാനുള്ള വിശാലമായ സ്ഥലം പരിണാമത്തിലുണ്ട്.
എന്നാല്‍ ആ വിവരണങ്ങളിലൊന്നും ഏച്ചുകെട്ടലില്ല
എന്നതുമുറപ്പിച്ച് പറയാം. കുഞ്ഞിരാമന്‍ നായര്‍, കേണല്‍, സ്വാമി,
മത്തായി, സി.എം, ടോമി എന്ന പട്ടി, പൂയില്യന്‍ തുടങ്ങി നിരവധി പേര്‍.

മനുഷ്യത്വമില്ലായ്മയുടെയും ക്രൂരതയുടെയും അവസരങ്ങളെ വളരെ
ലളിതവും സ്വാഭാവികവുമായി അവതരിപ്പിക്കുന്നത് കൊണ്ട്
തന്നെയാവണം വായനയില്‍ അത് അത്രമേല്‍ ഭയപ്പെടുത്തുന്നതായി
തോന്നുന്നത്. ഭ്രമാത്മകമായ സാഹചര്യങ്ങള്‍ കെട്ടിയുണ്ടാക്കാതെ തന്നെ
ഭയവും അധികാരവും എത്രകണ്ട് ബന്ധിതമാണ് എന്ന്
ബോധ്യപ്പെടുത്തുന്നു പരിണാമം.
ശെരിക്കും ബുദ്ധിയില്ലായ്മ കാണിക്കുന്നതിനെയാണ് നായകളുടെ
ബുദ്ധിയായി മനുഷ്യര്‍ വ്യാഖ്യാനിച്ചിരിക്കുന്നത് –പരിണാമത്തിലെ
വരികളിലൊന്നാണ്. മുകളിലുള്ളവനെ അനുസരിച്ചും പിന്താങ്ങിയും
താഴെക്ക് നില്‍ക്കാന്‍ വിധിക്കപ്പെട്ട ജീവിതങ്ങളെ ഓര്‍മ്മിപ്പിക്കുന്ന
വരികള്‍.
മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായാല്‍പ്പോലും സ്വന്തം
കഴുത്തിലെ വാറൂരാന്‍ പറ്റില്ലത്രേ എന്ന് പറയുന്നുണ്ട്
നോവലിലൊരിടത്ത്. പക്ഷേ എല്ലാ നിയമാവലികളെയും അസ്ഥാനത്താക്കി
ഒരു മനുഷ്യന്‍, അയാളുടെ ഒരു നായ നമുക്ക് മുന്നിലേക്ക് കടന്നുവരുന്നു.
ടോമീ കം ബാക്ക്. ആള്‍ ഈസ് ഫോര്‍ഗീവണ്‍.യുവര്‍ മാസ്റ്റര്‍ ഈസ് വറീഡ്.
പരിണാമത്തിന്റെ ആദ്യ ഭാഗത്ത് ലോസ്റ്റ് നോട്ടീസില്‍ പറയുന്ന ഈ ഭാഗം
അവസാനം വീണ്ടും കടന്നുവരുന്നു. അധികാരത്തിന്റെ തുടര്‍ച്ചകളിലേക്ക്
ലോകം വീണ്ടും വീണ്ടും ഒഴുകാന്‍ വിധിക്കപ്പെടുന്നു. പലപേരിലും പല
രൂപത്തിലും.
ആദ്യം കാട്, പിന്നെ നാട്ടിന്‍ പുറങ്ങള്‍, പിന്നെ നഗരങ്ങള്‍, പിന്നെ രാജ്യം
പിന്നെ ലോകം എന്നതാണ് മത്തായിയുടെ വിപ്ലവത്തിന്റെ ലൈനെന്ന്
പറയുന്നുണ്ട് പരിണാമത്തില്‍. അവസാന ഭാഗം വരെ മത്തായി ഭീകരനായ ഒരു
നകസ്ലോ മാവായിസ്റ്റോ ആണ്. മത്തായി ഒരാളല്ല പലരുമാണ്. പല
മനുഷ്യര്‍ ഒരേ രൂപത്തിലും പേരിലും പല മത്തായിമാരായി നമ്മെ
ഭയചകിതരാക്കുന്നു. നോവലവസാനിക്കുമ്പോള്‍ നാമെത്തുന്നതാകട്ടെ
അധികാരച്ചെങ്കോലേന്തിയവന്റെ കയ്യിലെ ആയിരമായിരം
മത്തായിമാരെക്കുറിച്ചുള്ള ബോധ്യമാണ്.
ഉമ്മച്ചനെന്ന കേണലിന്റെ അനുഭവങ്ങളുടെ ഭാഗത്ത് യുദ്ധവുമായി
ബന്ധപ്പെട്ട് ചിലത് പറയുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ ഒരേയൊരു കുറ്റം
യുദ്ധത്തില്‍ മറുപക്ഷമായിപ്പോയി എന്നതാണ്. ഇത് വായിക്കുമ്പോള്‍
മനസ്സിലാകണം ലോകത്തെമ്പാടും നടക്കുന്ന വംശഹത്യകളും യുദ്ധങ്ങളും
എത്രകണ്ട് സഹജീവിവിരുദ്ധമാണെന്ന്. മറ്റൊരു മനുഷ്യനെ കൊല്ലുക
എന്നതിനോട് താത്വികമായ എതിര്‍പ്പല്ല തന്നിലുള്ളതെന്നും അത് തന്റെ
ലൈന്‍ ഓഫ് ഡ്യൂട്ടിയിലല്ലാത്തത് കൊണ്ടാണ് ചെയ്യാത്തതെന്നുമുള്ള
ഉമ്മച്ചന്റെ പറയാതെയുള്ള പറയലുകളില്‍ പ്രകടമാവുന്ന ഭീകരത നാം
തിരിച്ചറിയണം. നമ്മിലും അതിന്റെ അളവെത്രമാത്രമുണ്ടെന്നുമുള്ള
ഓര്‍മ്മിപ്പിക്കലാണ് ഈ വരികള്‍.

ഒരിക്കല്‍ പനിയുമായി ഡോക്ടറുടെ അടുത്ത് പോയപ്പോള്‍, ഒന്ന്
തൊട്ടുനോക്ക്വ പോലും ചെയ്യാതെ പാരസെറ്റമോളെഴുതി തന്ന് എന്താ
മുഖമിങ്ങനെ ഡിപ്രസ്ഡ് ആയിരിക്കുന്നതെന്ന് ചോദിച്ച് ചിരിച്ച
ഡോക്ടറുടെ അനുഭവമുള്ളതുകൊണ്ട് പറയട്ടെ – മനുഷ്യഡോക്ടറോ
മൃഗഡോക്ടറോ ആകട്ടെ അസ്ഥാനത്ത് ഫലിതം പറയുന്നതവരുടെ
സ്വഭാവമാണ് എന്ന നോവലിലെ വരി എനിക്കു കൂടി വേണ്ടി
എഴുതിയപോലെ തോന്നി. (എല്ലാ ഡോക്ടര്‍മാരെയും അല്ല)
മാവോയും ഹോചിമിനും ഒക്കെപ്പറഞ്ഞ വിപ്ലവ വാക്യങ്ങളും
അനുഭവങ്ങളും ഒക്കെച്ചേര്‍ത്ത് പരിണാമം മുന്നോട്ട് പോകുമ്പോഴും
തോല്‍വിക്കും ജയത്തിനും അതീതനായ യുദ്ധത്തിലെ ഭടന്മാര്‍ക്ക്
ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും സാഹസികത ഏത് ഭാഗത്ത് നിന്ന്
വന്നാലും അവര്‍ അനുമോദിക്കുന്നുവെന്നും, കോള്‍മയിര്‍ അവന്റെ
ജന്മാവകാശമാണെന്നും പറയുമ്പോള്‍ അതിലടങ്ങിയ പരിഹാസം
ആരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് വ്യക്തം.
ജനങ്ങളെ സ്പൈ ചെയ്യാനുള്ള അധികാരമില്ലാതായാല്‍ പിന്നെ
ആരെങ്കിലും ഗവണ്‍മെന്റിനെ പേടിക്കുമോ എന്ന വരി സമകാലിക
ഇന്ത്യന്‍ അവസ്ഥയും ആധാറിന്റെ പിന്നിലെ കളികളും ഓര്‍മ്മിപ്പിച്ചു.
നായയെ വെറും നായയയായി കാണുന്ന നമ്മുടെ ബോധത്തിനേല്‍ക്കുന്ന
അടിയാണ് ടോമി. നായ ഒരു പ്രസ്ഥാനവും ഒരധികാര രൂപവുമാകുന്നു
പരിണാമത്തില്‍. നായകളെക്കുറിച്ചുള്ള അതീവരസകരമായ ചില
കാഴ്ചപ്പാടുകള്‍കൊണ്ട് തന്നെ പരിണാമം മികച്ച ഒരു നോവലാകുന്നുണ്ട്.
“പ്രജകളെ പേടിച്ച് ഓരോ നിമിഷവും ചത്തുജീവിക്കുന്ന ഭീരുക്കളാണ് പാവം
പ്രധാന മന്ത്രിമാര്‍. അവരുടെ പേടിമാറ്റാന്‍ ഒരുമാതിരിപ്പെട്ട
മന്ത്രവാദമൊന്നും പോര” “വെജിറ്റേറിയന്‍സിന് സംവരണമെന്ന് വെച്ചാല്‍
ന്യൂനപക്ഷമിളകും. ന്യൂനപക്ഷങ്ങള്‍ തിരിഞ്ഞാല്‍ പ്രധാനമന്ത്രി
പോവില്ലേ” - ഇല്കഷനടുക്കുമ്പോള്‍ തന്നെ ഈ നോവല്‍ വായിച്ചതില്‍
എന്തോ ഒരു ബന്ധമുണ്ടോ എന്നും സംശയിക്കാതിരിക്കാനാവില്ല.
അധികാരവും രഹസ്യാന്വേഷണവും തമ്മിലുള്ള കാലാതിവര്‍ത്തിയായ ബന്ധം
പറയുന്ന നോവലിനു ശേഷവും ടോമിയോ മത്തായിയോ ആര്‍ക്കോവേണ്ടി
പിന്നിലിരുന്നെല്ലാം നിരീക്ഷിക്കുന്നതായി തോന്നും.
പരിണാമത്തിലെ ഏറ്റവുമേറ്റവും ഇഷ്ടമായി വരി ഇതാണ് –
“ആത്യന്തികമായ നേതൃത്വം എപ്പോഴും ചെന്നുനിൽക്കുന്നത്‌
ആദർശവാദികളുടെയോ നിസ്സ്വാർത്ഥസേവകരുടെയോ
വികാരജീവികളുടെയോ കൈയിലായിരിക്കില്ല. അധികാരത്തിനുള്ള
മത്സരത്തിൽ വെറും കരുക്കളാകാനേ അത്തരക്കാർക്കു പറ്റൂ. മറിച്ച്‌,
ലളിതവൽക്കരിച്ച ചിന്താശീലവും കറകളഞ്ഞ ക്രൂരതയും കൈമുതലായ
പൂയില്യനെപ്പോലത്തെ ചില അപൂർവ മനുഷ്യരുണ്ട്‌. പാതി മൃഗവും
പാതി മനുഷ്യരുമായവർ. സ്വന്തം സംഘത്തിനകത്തെ എതിർപ്പുകളെ
ചവിട്ടിയരയ്ക്കാനുള്ള നിർദ്ദയത്വം മാത്രമല്ല; ഭ്രാന്തുപോലുള്ള

അപ്രതീക്ഷിതമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവും അവരിൽ കാണും.
ചുറ്റുമുള്ള വൈതാളികർ പാതിമൃഗമായ ആ നേതാവിന്റെ ക്രൂരതകളെ
പുറംലോകത്തിനുവേണ്ടി ദൈവവൽക്കരിക്കുവാനാകും ശ്രമിക്കുക. ഒരു
പാർട്ടിയിലെ കാര്യമല്ലിത്‌. മറ്റു മനുഷ്യരെ ഭരിക്കാൻ മോഹിക്കുന്ന
എല്ലാ പ്രസ്ഥാനങ്ങളിലെയും എല്ലാ വലിയ നേതാക്കൻമാരുടെയും
കഥയാണ്‌. മനുഷ്യനെ ഭരിക്കാൻ ആദ്യം ഉപേക്ഷിക്കേണ്ടത്‌
മനുഷ്യത്വമാണ്‌.”
പ്രസക്തമായി തോന്നിയ മ്റ്റ് ചില വരികള്‍ ;
1. ഒരുമാതിരി കേസൊക്കെ ഇക്കാലത്ത് പത്രങ്ങളാണല്ലോ
തെളിയിക്കുന്നത്.
2. ടിക്കറ്റെടുക്കാതെ സിനിമ കാണുന്നതാണ് സ്വപ്നങ്ങള്‍
3. ഉച്ചരിച്ച വാക്കിന്റെ അടിമയാണ് നീ. ഉള്ളിലൊതുക്കിയ വാക്കിന്റെ
യജമാനനും.
4. സത്യം ആപേക്ഷികമാണ്. ആവ്ശ്യത്തിനുപകരിച്ചാലല്ലേ സത്യം
കൊണ്ട് ഫലമുള്ളു.
5. സ്വയം പര്യാപ്തമായ ഗോത്രങ്ങള്‍ക്കാവശ്യം ഭരിക്കാല്‍ ഒരു രാജാവിനെ
ആയിരുന്നില്ല. ആരാധിക്കാന്‍ ദൈവത്തെയായിരുന്നു.
6. ജനങ്ങളുടെ കത്ത് പൊട്ടിച്ച് വായിക്കാനുള്ള അധികാരമാണ് ദുര്‍ബലമായ
ഏത് ഭരണത്തിന്റെയും അടിത്തറ
7. എന്നും അധികാരത്തിന്റെ അവസാന ലക്ഷ്യം അധികാരം നിലനിര്‍ത്തുക
എന്നത് മാത്രമാണ്.
8. തിരിഞ്ഞ് നില്‍ക്കുന്നവനെ ഏതൊരാള്‍ക്കൂട്ടതിനും ഭയമാണ്.
9. കള്ളനും പോലീസുകാരനും തമ്മിലുള്ള അന്തരം കുറയുന്നത്
മനസ്സിലാക്കാം. പക്ഷേ പരസ്പരം മാറിപ്പോകാനും തുടങ്ങിയിരിക്കുന്നു.
10. സാധാരണ മനുഷ്യരേക്കാള്‍ കൂടുതലാണല്ലോ അഴിമതിക്കാര്‍ക്ക്
മരണഭയം.
11. കീഴടങ്ങളുന്നത് വരെ മാത്രമേയുള്ളു ഏത് നായക്കും പേടി. കീഴടങ്ങിയാല്‍
പിന്നെ നേതാവിനെ മാത്രം പേടിച്ചാല്‍ മതിയല്ലോ.
അതുകൊണ്ട് പറയട്ടെ, പരിണാമം നിര്‍ബന്ധമായും വായിക്കേണ്ട ഒരു
നോവലാണ്..

Leave a Comments

Image

ഈ പംക്തി ലോകത്ത് ഏത് കോണിലും ജീവിക്കുന്ന മലയാളികള്‍ക്ക് മാത്രമുള്ളതാണ്. ഇങ്ങനെയൊരു പംക്തി ഒരുക്കാന്‍ കാരണം നല്ലൊരു ജീവിതത്തിന് വേണ്ടിയാണ് അവര്‍ ലോകത്തിന്‍റെ ഓരോ കോണിലും ഓടി നടക്കുന്നത്. മാറി മാറി വരുന്ന സാമൂഹ്യ ചുറ്റുപാടുകളില്‍ പോലും അവര്‍ക്ക് ഓട്ടം നിറുത്താന്‍ ആവുന്നില്ല. എങ്കില്‍ നാട്ടിലും മറുനാട്ടിലും ഉള്ളവര്‍ക്കുവേണ്ടി കണ്ണാടി മാഗസിനിലൂടെ" ഒരു കൂട്ടായ്മ ഒരുക്കിയെടുക്കാനുള്ള ശ്രമമാണ്. - ഒരുമിച്ച് നാം ഓണം ഘോഷിക്കുന്നതുപോലെ. അതിന് സാദ്ധ്യമായെങ്കില്‍ എന്‍റെ പ്രയത്നം സഫലമായി. ഈ പംക്തിയില്‍ ആദ്യമായി എഴുതുന്നത് രണ്ടു പേരാണ്. എന്‍റെ സുഹൃത്തും കോളേജ് മെറ്റുമായി ശ്രീ. എം.സി. ജോസഫും . (മാറാട്ടുകുളം ചാക്കോ ജോസഫ്) മറ്റൊന്ന് മറ്റൊരു സുഹൃത്തായ ശ്രീ. രാജീവ് രാജേന്ദ്രനും